Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൽഡിഎഫിനുള്ള മറുപടി അടുത്ത തിരഞ്ഞെടുപ്പിൽ: ജി. സുകുമാരൻ നായർ

G Sukumaran nair

ചങ്ങനാശേരി ∙ എൻഎസ്എസ് നേതൃത്വം പറഞ്ഞാൽ നായർ സമുദായ അംഗങ്ങൾ കേൾക്കില്ലെന്ന എൽഡിഎഫ് കൺവീനർ എ. വിജയരാഘവന്റെ അഭിപ്രായത്തിനുള്ള മറുപടി അടുത്ത തിരഞ്ഞെടുപ്പിൽ ലഭിക്കുമെന്നു ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എൻഎസ്എസിനെക്കുറിച്ച് അറിവില്ലാത്തവരും രാഷ്ട്രീയ ലാഭത്തിനായി കളവു പറയുന്നവരുമാണ്ഇത്തരം ആളുകൾ. എന്തൊരു ധാർഷ്ട്യമാണ് ഇവരുടെ വാക്കുകൾ‍ക്ക്. സംസ്കാരമുള്ള മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിക്കുന്ന ഭാഷയാണോ ഇവരുടേത്. എൻഎസ്എസ് ചങ്ങനാശേരി താലൂക്ക് യൂണിയൻ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചങ്ങനാശേരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പൊതുസമ്മേളനം നടക്കുന്നതിനു മണിക്കൂറുകൾ മുൻപാണു സർക്കാരിനെതിരെ എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ രൂക്ഷവിമർശനം. നട്ടെല്ലുള്ള പ്രസ്ഥാനമായതിനാലാണു ശബരിമല പ്രശ്നത്തിൽ ആചാരസംരക്ഷണത്തിനായി വിശ്വാസികൾക്കൊപ്പം നില കൊള്ളാൻ എൻഎസ്എസ് തീരുമാനിച്ചത്. സാമുഹിക നീതിക്കു വേണ്ടിയാണു സാമ്പത്തിക സംവരണം. അതിനായി എൻഎസ്എസ് ആരുടെയും മുന്നിൽ കൈനീട്ടുകയോ കാലു പിടിക്കുകയോ ചെയ്തിട്ടില്ല. അർ‍ഹതയില്ലാത്ത ഒന്നും എൻഎസ്എസ് സ്വീകരിച്ചിട്ടില്ല. സ്വീകരിക്കുകയുമില്ല.

കേരളത്തിൽ എന്തെങ്കിലും നവോത്ഥാനം നടന്നിട്ടുണ്ടെങ്കിൽ അതിൽ മന്നത്തു പത്മനാഭനും എൻഎസ്എസും നേതൃത്വം വഹിച്ചിട്ടുണ്ട്. എൻഎസ്എസിനെ നവോത്ഥാനം പഠിപ്പിക്കാനാണ് ഇക്കൂട്ടർ ഇപ്പോൾ ഇറങ്ങിയിരിക്കുന്നത്. അവർ ജനിക്കുന്നതിന് മുൻപ് സമുദായാചാര്യൻ മന്നത്ത് പത്‌നാഭൻ അടിത്തറയിട്ടു വളർത്തിയ പ്രസ്ഥാനമാണ് എൻഎസ്എസ്.

ശബരിമല പുനഃപരിശോധന ഹർ‍ജി സുപ്രീംകോടതി പരിഗണിക്കുന്ന ബുധനാഴ്ച സമീപത്തെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും വഴിപാടുകളും വിശ്വാസികൾ നടത്തണമെന്നു ജി. സുകുമാരൻ നായർ അഭ്യർഥിച്ചു. ശബരിമല യുവതീപ്രവേശ വിധി ഇടതു സർക്കാർ ചോദിച്ചു വാങ്ങിയതാണ്. ഹൈന്ദവരുടെ ഈശ്വരവിശ്വാസം ഇല്ലാതാക്കി ക്ഷേത്രങ്ങൾ നശിപ്പിക്കാൻ വേണ്ടിയാണിത്. വിധിപ്പകർപ്പ് ലഭിക്കുന്നതിനു മുൻപ് വിധി നടപ്പാക്കുമെന്നു പറഞ്ഞത് ഇതിന്റെ തെളിവാണ്. ശബരിമല, സാമ്പത്തിക സംവരണം എന്നീ വിഷയങ്ങളിൽ എൻഎസ്എസിന് ഒരു നിലപാടേയുള്ളു. സമാധാനപരമായ മാർഗത്തിലൂടെയാണ് നായർ സർവീസ് സൊസൈറ്റി ഈ വിഷയങ്ങളെ സമീപിക്കുന്നത്. എസ്എൻഡിപി ഉൾപ്പെടെയുളള എല്ലാ സംഘടനകളോടും എൻഎസ്എസിനു ബഹുമാനമാണ്. എന്നാൽ നയിക്കുന്നവരുടെ നയമാണു പ്രശ്‌നങ്ങൾക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.