Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീടുകളിലേക്കു കേന്ദ്രത്തിന്റെ കത്ത്: ആയുഷ്മാൻ ഭാരത് ചികിത്സാ പദ്ധതിയിലേക്കു തിരഞ്ഞെടുത്തു!

തിരുവനന്തപുരം∙ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലേക്കു തിരഞ്ഞെടുത്തെന്ന അറിയിപ്പുമായി കേരളത്തിലെ വീടുകളിലേക്കു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കത്ത്. കത്ത് അച്ചടിച്ചു തപാലിൽ അയയ്ക്കാൻ 43 രൂപയെങ്കിലും ചെലവു വരും. കേരളത്തിൽ നിലവിലുള്ള ആർഎസ്ബിവൈ പദ്ധതിപ്രകാരം 42 ലക്ഷം പേർക്കു വർഷം 30,000 രൂപയുടെ ഇൻഷുറൻസ് പരിരക്ഷയുണ്ട്. ഇനി 18.5 ലക്ഷം പേർക്കാണു പരിരക്ഷ ലഭിക്കുന്നതെന്നു കത്തിൽ പറയുന്നു. സാമൂഹിക–സാമ്പത്തിക സെൻസസ് അനുസരിച്ചാണ് ഈ കണക്ക്.

കത്തിൽ പറയുന്നതിങ്ങനെ: ‘‘ഈ കത്ത് പദ്ധതിയിൽ അംഗമാകുന്നതിനുള്ള സാക്ഷ്യപത്രമല്ല. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന വേളയിൽ ഈ കത്തിനു പുറമേ ആധാർ കാർഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, ആർഎസ്ബിവൈ കാർഡ് എന്നിവയിൽ ഏതെങ്കിലുമൊന്നു ഹാജരാക്കണം’’.

ഈ പദ്ധതി നടപ്പാക്കാൻ കേരളവും കേന്ദ്രവുമായി ഈയിടെ ധാരണാപത്രത്തിൽ ഒപ്പിട്ടിരുന്നു. കാരുണ്യ സാർവത്രിക ആരോഗ്യ സുരക്ഷാ പദ്ധതി എന്നാണു പേര്. ഇൻഷുറൻസ് കമ്പനികളെ തിരഞ്ഞെടുത്തിട്ടില്ല. സർക്കാർ നിശ്ചയിക്കുന്ന നിരക്കിൽ സേവനങ്ങൾ നൽകുന്ന ആശുപത്രികളെ മാത്രമേ ഉൾപ്പെടുത്തൂ. പദ്ധതി നടപ്പാക്കലിന്റെ എല്ലാ ഉത്തരവാദിത്തവും സംസ്ഥാന സർക്കാരുകൾക്കാണെന്നിരിക്കെ തിരഞ്ഞെടുപ്പു മുന്നിൽ കണ്ടാണു കേന്ദ്രത്തിന്റെ കത്തെന്നു പരാതി ഉയർന്നിട്ടുണ്ട്.

ഇത് അൽപത്തമാണെന്ന് മന്ത്രി ഐസക്

ഇൻഷുറൻസിന്റെ പേരിൽ കത്ത് അയയ്ക്കുന്ന കേന്ദ്ര സർക്കാർ അൽപത്തമാണു കാണിക്കുന്നതെന്നു മന്ത്രി തോമസ് ഐസക്. ഫെഡറൽ മര്യാദ ലംഘിച്ചു കേന്ദ്ര ആരോഗ്യവകുപ്പ് കോമാളിക്കളി നടത്തുന്നു. ആയുഷ്മാൻ ഭാരത് പദ്ധതി അനുസരിച്ച് ഒരാൾക്ക് ഇൻഷുറൻസ് പ്രീമിയം 1100 രൂപയാണ്. കേന്ദ്രം 660 രൂപ നൽകും. ബാക്കി സംസ്ഥാനം വഹിക്കണം. അഞ്ചു ലക്ഷം രൂപയുടെ പരിരക്ഷ കിട്ടാൻ 8000 രൂപയെങ്കിലും പ്രീമിയം നൽകണം. ഒരു സംസ്ഥാനവും 5 ലക്ഷത്തിന്റെ ഇൻഷുറൻസ് നടപ്പാക്കിയിട്ടില്ല. 

ഒന്നോ രണ്ടോ ലക്ഷം രൂപയ്ക്ക് ഇൻഷുറൻസ് കമ്പനിയുടെ പരിരക്ഷയും അതിനു മുകളിൽ വരുന്ന തുകയ്ക്കു സർക്കാർ നേരിട്ട് ആശുപത്രികൾക്കു നൽകുന്ന സമ്പ്രദായവുമാണ് എല്ലാ സംസ്ഥാനങ്ങളും പിന്തുടരുന്നത്. കേരളവും ഇതേ മാതൃകയാകും സ്വീകരിക്കുക. ആർഎസ്ബിവൈയിൽ അംഗങ്ങളായ 42 ലക്ഷം പേർക്കു പുറമേ സർക്കാരിന്റെ ഒരു ഇൻഷുറൻസ് പദ്ധതിയിലും അംഗമല്ലാത്ത 20 ലക്ഷം പേരെക്കൂടി കാരുണ്യ സാർവത്രിക പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.  

related stories