ഹർത്താലിന് പൊലീസ് സ്റ്റേഷനു മുന്നിൽ ബോംബേറ്; ആർഎസ്എസ് നേതാവും കൂട്ടാളികളും പിടിയിൽ

arrest
ഹർത്താലിനിടെ തിരുവനന്തപുരം നെടുമങ്ങാട് പൊലീസ് സ്റ്റേഷനു മുന്നിൽ ബോംബെറിഞ്ഞ കേസിൽ അറസ്റ്റിലായ ആർഎസ്എസ് ജില്ലാ പ്രചാരക് പ്രവീൺ, അഭിജിത്, ശ്രീജിത് എന്നിവർ.
SHARE

നെടുമങ്ങാട്(തിരുവനന്തപുരം)∙ ഹർത്താലിനിടെ പൊലീസ് സ്റ്റേഷനു മുന്നിൽ ബോംബെറിഞ്ഞ കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി ആർഎസ്എസ് ജില്ലാ പ്രചാരക് പ്രവീണും കൂട്ടാളികളും പൊലീസ് പിടിയിൽ. ആക്രമണം നടന്ന് ഒരു മാസമായ ഇന്നലെയാണ് ആലപ്പുഴ നൂറനാട് വടക്കേക്കര വടക്കേത് എരുമക്കുഴിയിൽ പ്രവീൺ(26), ആനാട് പുലിപ്പാറ പുല്ലേകോണത്ത് പുത്തൻവീട്ടിൽ ശ്രീജിത്(23), മേലാംകോട് കല്ലുവിളാകം മൂത്താംകോണത്ത് അഭിജിത്(23) എന്നിവർ അറസ്റ്റിലായത്. രാവിലെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നു പ്രവീണിനെയും ശ്രീജിത്തിനെയും വൈകിട്ട് വെമ്പായം തേക്കടയിൽ നിന്ന് അഭിജിത്തിനെയും നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു.

ശബരിമല കർമസമിതി കഴിഞ്ഞ മാസം മൂന്നിനു നടത്തിയ ഹർത്താലിനിടെയാണ് ബോംബേറുണ്ടായത്. നെടുമങ്ങാട് നഗരസഭയുടെ മുന്നിൽ നിന്നു പ്രവീൺ പലതവണ സ്റ്റേഷനു മുന്നിലെ റോഡിലേയ്ക്കു ബോംബെറിയുന്നതിന്റെ സിസിടിവി ദ്യശ്യം പുറത്തു വന്നിരുന്നു. ഇൗ സമയം സ്റ്റേഷനു മുന്നിലുണ്ടായിരുന്ന പൊലീസുകാരും സിപിഎം പ്രവർത്തകരും ചിതറി ഓടി. ആളപായമുണ്ടായില്ല.

ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് ലുക്ക്ഒൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. കേരളത്തിലും തമിഴ്നാട്ടിലും പ്രവീണിനായി വ്യാപക പരിശോധന നടന്നു. ആർഎസ്എസ് നെടുമങ്ങാട് കാര്യാലയത്തിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ബോംബേറും അക്രമവുമായി ബന്ധപ്പെട്ട് ബിജെപി നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് ഉൾപ്പെടെ ഒട്ടേറെ പേർ നേരത്തെ അറസ്റ്റിലായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ