ADVERTISEMENT

തിരുവനന്തപുരം∙ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും രണ്ടു ഗഡു ക്ഷാമബത്ത വർധന ആശയക്കുഴപ്പത്തിൽ. 5% വർധന ഉണ്ടാകുമെന്നാണു കരുതിയതെങ്കിലും 4% വർധനയ്ക്കേ സാധ്യതയുള്ളൂ. ഏപ്രിലിലെ ശമ്പളത്തോടൊപ്പം രണ്ടു ഗഡു ക്ഷാമബത്ത നൽകുമെന്നു മന്ത്രി തോമസ് ഐസക് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. 2018 ജനുവരി ഒന്നു മുതലുള്ള 2 ശതമാനവും ജൂലൈ ഒന്നു മുതലുള്ള 2.69 ശതമാനവും ലഭിക്കും. ഇതുവരെയുള്ള രീതിയനുസരിച്ചു ഹയർ റൗണ്ടിങ് നടത്തി 2.69 ശതമാനത്തെ 3% ആക്കണം. 

എന്നാൽ കേന്ദ്രസർക്കാർ രീതിയിൽ ‘ലോവർ റൗണ്ടിങ്’ സമ്പ്രദായം (അപ്പോൾ 2.69% രണ്ടു ശതമാനമാകും) മതിയെന്നു ധനവകുപ്പ് ഉദ്യോഗസ്ഥർ നിലപാടെടുത്തോടെ ഇതു 4% ആകും. ഇക്കാര്യത്തിൽ ഉത്തരവിറങ്ങുന്നതിനു മുൻപു തന്നെ സിപിഎം സംഘടനയായ കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ‘ക്ഷാമബത്ത 4% വർധിപ്പിച്ച സർക്കാരിന് അഭിവാദ്യങ്ങൾ’ അർപ്പിച്ചു നോട്ടിസ് ഇറക്കി.

2014 ജൂലൈ ഒന്നിനാണു ശമ്പളവർധന നിലവിൽ വന്നത്. ക്ഷാമബത്ത ഉൾപ്പെടെ അരശതമാനത്തിനു മുകളിൽ വന്നാൽ അത് 1% ആയി കണക്കാക്കണമെന്നു കമ്മിഷൻ ചെയർമാൻ സി.എൻ.രാമചന്ദ്രൻ നായർ നിർദേശിച്ചിരുന്നു. അരശതമാനത്തിൽ താഴെയാണെങ്കിൽ താഴത്തെ പൂർണസംഖ്യയിൽ കണക്കാക്കണം. ഇതും അംഗീകരിച്ചാണു കഴിഞ്ഞ സർക്കാർ ശമ്പളപരിഷ്കരണ ഉത്തരവിറക്കിയത്. കേന്ദ്രമാകട്ടെ പൂർണസംഖ്യയ്ക്കു മുകളിൽ എത്ര ശതമാനം വന്നാലും ‘ലോവർ റൗണ്ടിങ്’ ആണു നടത്തുന്നത്. ഈ രീതി കേരളത്തിലും നടപ്പാക്കാൻ ധനവകുപ്പ് മുൻ അഡീഷനൽ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം ഫയലിൽ കുറിച്ചിരുന്നു.

ഏറ്റവും ബാധിക്കുക ഇപ്പോൾ വിരമിക്കുന്നവരെ

ക്ഷാമബത്ത ‘ലോവർ റൗണ്ട്’ രീതിയിൽ കണക്കാക്കിയാൽ ശമ്പളത്തിലും പെൻഷനിലും കുറവു വരുമെങ്കിലും ഇപ്പോൾ വിരമിക്കുന്നവരെയാകും ഏറ്റവുമധികം ബാധിക്കുക. അവസാന ശമ്പളവും ക്ഷാമബത്തയും ചേർത്താണു വിരമിക്കൽ ആനുകൂല്യം കണക്കാക്കുക. ഇതിൽ വലിയ തോതിലുള്ള കുറവുണ്ടാകും. 2015 ജനുവരി ഒന്നിന് ക്ഷാമബത്ത 2.92% ആയിരുന്നെങ്കിലും 3% കണക്കാക്കി വിതരണം ചെയ്തു. പിന്നീടുള്ള ഗഡുക്കളെല്ലാം ഈ രീതിയിലാണു കണക്കാക്കിയത്. ഇതുവരെ ക്ഷാമബത്ത 15 ശതമാനത്തിൽ എത്തി. ഇപ്പോൾ അനുവദിച്ച രണ്ടു ഗഡു കൂടിയാകുമ്പോൾ 20% എത്തുമെന്ന കണക്കുകൂട്ടലിലായിരുന്നു ജീവനക്കാരും പെൻഷൻകാരും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com