ADVERTISEMENT

ന്യൂഡൽഹി ∙ അരനൂറ്റാണ്ടു മുൻപ്, മലയാളിയായ അമ്മ ആശുപത്രിയിലുപേക്ഷിച്ചുപോയ കുഞ്ഞിനെ ജർമൻ ദമ്പതികൾ ദത്തെടുത്തപ്പോൾ കീഴ്മേൽ മറിഞ്ഞത് അനാഥനായി ഒടുങ്ങേണ്ട ജീവിതം. ഒട്ടും പ്രതീക്ഷിക്കാത്ത സൗഭാഗ്യങ്ങളുമായി ആ അനാഥബാലൻ നിക്ളൗസ് സാമുവൽ ഗുഗ്ഗർ എന്ന നിക് വളർന്നു വലുതായപ്പോൾ, സിനിമാക്കഥയെ വെല്ലുന്ന ജീവിതമായി. അനസൂയയെന്ന മലയാളി ബ്രാഹ്മണ സ്ത്രീയുടെ മകനായി പിറന്ന്, അച്ഛനാരെന്നറിയാതെ വളർന്ന നിക് ഇപ്പോൾ സ്വിറ്റ്സർലൻഡിലെ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യൻ പാർട്ടിയുടെ എംപിയായി പാർലമെന്റിലെ താരം. 

1970 മെയ് ഒന്നിന് രാത്രി 1.20 ന് ഉഡുപ്പിയിലെ ലെംബാർഡ് മെമ്മോറിയൽ ആശുപത്രിയിലായിരുന്നു ജനനം. അമ്മയെക്കുറിച്ച് പറഞ്ഞു കേട്ട അറിവു മാത്രം. ‘ ഇവനെ നന്നായി നോക്കുന്ന ഒരു കുടുംബത്തെ ഏൽപ്പിക്കണം’ എന്ന അഭ്യർത്ഥനയോടെ കുഞ്ഞിനെ വനിതാ ഡോക്ടർ ഫ്ളൂക്ഫെല്ലിനെ എൽപ്പിച്ച ശേഷം അനസൂയ ആശുപത്രിയിൽനിന്നു പോയി. 

niklaus-stamp
മഹാത്മ ഗാന്ധിയുടെ 150 ജന്മദിനത്തോട് അനുബന്ധിച്ച് സ്റ്റാംപ് പുറത്തിറക്കുന്ന ചടങ്ങിൽ നിക്കളൗസ്

തലശേരിയിൽ നെട്ടൂർ ടെക്നിക്കൽ ട്രെയിനിങ് ഫൗണ്ടേഷനിൽ പഠിപ്പിച്ചിരുന്ന ജർമൻ സ്വദേശികളായ എൻജിനീയർ ഫ്രിറ്റ്സും ഭാര്യ എലിസബത്തും മലേറിയക്കു ചികിത്സ തേടി ലെംബാർഡ് ആശുപത്രിയിലെത്തിലെത്തിയത് ആയിടെ. അവർ അവിടെ നിന്നു ദത്തെടുത്തത് ആ കുഞ്ഞിനെയായിരുന്നു. അമ്മ തിരികെയെത്തുമോയെന്നു കാത്തിരുന്നു 2 വർഷം കഴിഞ്ഞപ്പോൾ, ഫ്രിറ്റ്സും എലിസബത്തും മലയാളം പത്രങ്ങളിൽ പരസ്യം നൽകി. അനസൂയ പക്ഷേ, വന്നില്ല. ആ പരസ്യം നിക് ഇന്നും സൂക്ഷിക്കുന്നു. 

നിക്ളൗസ് സാമുവൽ ഗുഗ്ഗർ എന്ന പേരുമായി പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യനായി അവൻ വളർന്നു. പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യൻ പാർട്ടിയുടെ എംപിയായി. ‘ബ്രാഹ്മണനു വന്ന പരിണാമം നോക്കൂ’ എന്നു പറഞ്ഞ് നിക് ചിരിക്കുന്നു. ഫ്രിറ്റ്സിനൊപ്പം തലശേരി എൻടിടിഎഫിൽ അക്കൗണ്ട്സ് വിഭാഗത്തിലുണ്ടായിരുന്ന രഘുനാഥ് കുറുപ്പിന്റെ ഫോൺ നമ്പർ നിക്കിന്റെ മൊബൈലിലുണ്ട്. തലശേരി ജീവിതത്തിനു ശേഷം ഫ്രിറ്റ്സും എലിസബത്തും സ്വിറ്റ്സർലൻഡിലെ ഥൂൺ എന്ന െചറു പട്ടണത്തിലേക്കു മടങ്ങി. അവർക്കു 2 പെൺകുട്ടികൾ കൂടി ജനിച്ചു. 

niklaus-samuel-gugger

മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം നേടിയശേഷം സൈക്കോളജിയിലും മാനേജ്മെൻറ് ആൻഡ് ഇന്നവേഷനിലും ഉപരിപഠനം നടത്തിയ നിക് ഇപ്പോൾ മാനേജ്മെൻറ് ആൻഡ് ഇന്നൊവേഷനിൽ അറിയപ്പെടുന്ന പ്രഭാഷകനും വ്യവസായ സംരംഭകനുമാണ്. സ്വിറ്റ്സർലൻഡിൽ ജനപ്രിയമായിക്കഴിഞ്ഞ ഇഞ്ചിനീര് പാനീയം അദ്ദേഹത്തിന്റേതാണ് – പേര് സിൻജി. 

2002 ലാണു രാഷ്ട്രീയപ്രവേശം. 2017 ൽ എംപിയുമായി. വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ ബന്ധമുള്ള എംപിമാരുടെ സമ്മേളനത്തിനായി ഡൽഹിയിൽ വന്നപ്പോൾ നിക്കിന്റെ ജീവിത കഥ കേട്ട്, ഒഡീഷയിലെ കലിംഗ സർവകലാശാല സ്ഥാപകനും രാജ്യസഭാംഗവുമായ അച്യുത് സാമന്ത അന്തം വിട്ടു. തൊട്ടടുത്ത വർഷം കലിംഗ ഇൻസ്റ്റിറ്റ്ൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജി ഡി ലിറ്റ് ബിരുദം നൽകി ആദരിച്ചു. 

വിവാഹം ചെയ്തത് സ്വിറ്റ്സർലൻഡുകാരി ബിയാട്രീസിനെ. ആദ്യത്തെ മകൾ പിറന്നപ്പോൾ അനസൂയ എന്നു തന്നെ പേരിട്ടു. 2 ആൺകുട്ടികളും പിറന്നു– ലെ ആന്ത്രോയും മി ഹാറബിയും. നിക്കിന് ഇനി 2 ആഗ്രഹങ്ങളുണ്ട്: തന്റെ ജീവിതകഥ പുസ്തകമാക്കണം, അതു വരുംതലമുറകൾക്ക് പ്രചോദനമാകണം; കേരളത്തിന്റെ കായൽപ്പരപ്പിൽ 25–ാം വിവാഹ വാർഷികം ആഘോഷിക്കണം. അതിനായി ഓഗസ്റ്റിൽ കുടുംബസമേതം കേരളത്തിലെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com