ADVERTISEMENT

കോട്ടയം ∙ പൊലീസിന്റെയും ഗുണ്ടകളുടെയും ജയിലുകളുടെയും മുന്നിൽ പരീക്ഷിക്കപ്പെട്ട ജീവിതമാണു കമ്യൂണിസ്റ്റ് പ്രവർത്തകരുടേതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വന്റെ രാഷ്ട്രീയ ജീവിതം പ്രമേയമായി മാധ്യമപ്രവർത്തകൻ ആർ. സാംബൻ രചിച്ച ‘തീക്കാറ്റുപോലെ വൈക്കം വിശ്വൻ: സമരവും ജീവിതവും’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഒരു ഘട്ടത്തിൽ മരിച്ചുവെന്ന് ഉറപ്പാക്കി കല്ല് നെഞ്ചത്ത് എടുത്തുവച്ച പോയ അവസ്ഥയുണ്ടായിട്ടുണ്ട്. അത്രമാത്രം മർദനമേൽക്കേണ്ടി വന്നു അദ്ദേഹത്തിന്. എന്നാൽ ഇതിലൊന്നും വിശ്വൻ പതറിയിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജെ. തോമസ് അധ്യക്ഷത വഹിച്ചു. മന്ത്രി എം.എം.മണി, പ്രഫ. എം.കെ.സാനു, കെ.സുരേഷ്കുറുപ്പ് എം.എൽ.എ, സിപിഎം ജില്ലാ സെക്രട്ടറിമാരായ വി.എൻ.വാസവൻ, പി.രാജീവ്, കവി ഏഴാച്ചേരി രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

മുഖ്യമന്ത്രി  പറഞ്ഞ ആ സംഭവം ഇതാണ്

സിപിഎമ്മും സിപിഐയും ശത്രുപാളയങ്ങളിൽ നിന്ന എഴുപതു കാലഘട്ടത്തിലാണു സംഭവം. ഒരു വിവാഹത്തിൽ പങ്കെടുക്കാനായി ബസിൽ തൊടുപുഴയിലേക്കു പോകുമ്പോൾ‌ തലയോലപ്പറമ്പിൽ വച്ചാണ് വൈക്കം വിശ്വനു നേരെ ആക്രമണമുണ്ടായത്. ബസ് തടഞ്ഞു നിർത്തി വിശ്വനെയും കൂടെയുണ്ടായിരുന്ന സി.എസ്.കാർത്തികേയനെയും വി.കെ.ഗോപിനാഥനെയും മർദിച്ചു. ബസിലെ യാത്രക്കാർ പലവഴിക്കു ചിതറിയോടി. കാർത്തികേയന്റെ നട്ടെല്ലിനു കുത്തേറ്റു. മർദനമേറ്റ് അനക്കമറ്റ നിലയിലായ വൈക്കം വിശ്വൻ മരിച്ചെന്നു കരുതി ‘ഈ ആത്മാവിനു കൂട്ടായിരിക്കേണമേ’എന്നു പറഞ്ഞ് നെഞ്ചിൽ കല്ലെടുത്തു വച്ച് അക്രമികൾ പോയി. പൊലീസെത്തിയാണ് മൂവരെയും ആശുപത്രിയിലെത്തിച്ചത്. മാസങ്ങളോളം ആശുപത്രിയിൽ കഴിയേണ്ടി വന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com