ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തെ കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ ഹൈക്കമാൻഡ് സർവേ നിർണായകമാകും. കേരളത്തിൽ നിന്നു നൽകുന്ന പേരുകൾ മാത്രം ആശ്രയിച്ചാകില്ല സ്ഥാനാർഥികളെ എഐസിസി നിശ്ചയിക്കുക. സിറ്റിങ് എംപിമാർ ഏതാണ്ട് എല്ലാവരും മത്സരിക്കാനാണു സാധ്യതയെങ്കിലും അവരുടെ പ്രകടനവും സാധ്യതകളും സർവേയിൽ പ്രത്യേകം പരിശോധിക്കുന്നുണ്ട്. 

കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിലെയും സ്ഥാനാർഥി നി‍ർണയത്തെ സഹായിക്കാൻ പ്രത്യേകം സർവേകൾ എഐസിസി നടത്തുന്നുണ്ട്. സ്ഥാനാർഥിത്വ ചർച്ചകളുടെ ഗതിവേഗം കൂട്ടണമെന്നു നിർദേശിക്കുന്ന കേന്ദ്രനേതാക്കൾ തന്നെ ഈ സമാന്തര സർവേയെക്കുറിച്ചുള്ള മുന്നറിയിപ്പും കേരള നേതാക്കൾക്കു നൽകുന്നു. കേരള നേതൃത്വവും പുറത്തുനിന്നുളള ഏജൻസിയുടെ സഹായം തേടുന്നുണ്ട്. 

കഴിഞ്ഞ ദിവസം ഡൽഹിയിലെ ചർച്ചകളിൽ കേരളത്തെ പ്രതിനിധീകരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷും തികഞ്ഞ ആത്മവിശ്വാസമാണു പ്രകടിപ്പിച്ചത്. നേടാൻ കഴിയുന്ന സീറ്റുകളുടെ എണ്ണം പരാമർശിച്ചില്ല. അതേസമയം നിലവിൽ യുഡിഎഫിനുള്ള 12 സീറ്റിലും മികച്ച പ്രകടനമുണ്ടാകുമെന്നു വ്യക്തമാക്കി. രണ്ടു തവണ തോറ്റവരെ ഒഴിവാക്കാനുള്ള ഹൈക്കമാൻഡ് നിർദേശം സ്ഥാനാർഥിത്വത്തിനായി കരുനീക്കങ്ങൾ നടത്തുന്ന പലരെയും അങ്കലാപ്പിലാക്കി. നിയമസഭയിലോ ലോക്സഭയിലോ രണ്ടു തോൽവികൾ പിണഞ്ഞവരെ മാറ്റിനിർത്തി പുതുമുഖങ്ങളെ പരീക്ഷിക്കണമെന്നാണു ഹൈക്കമാൻഡ് നിർദേശം. 

എംഎൽഎമാർ മത്സരിക്കേണ്ടെന്ന തീരുമാനം ആ ആലോചനകളെയും പിറകോട്ടു വലിക്കും. നിയമസഭാംഗം കൂടിയായ ഉമ്മൻചാണ്ടി മത്സരിക്കുമോയെന്നതു കോൺഗ്രസ് രാഷ്ട്രീയത്തിലെ ഏറ്റവും ഉദ്വേഗം നിറഞ്ഞ ചോദ്യമായി തുടരുമ്പോഴാണ് ഈ നിർദേശം. മത്സരിക്കണമെന്നു കോൺഗ്രസ് അധ്യക്ഷൻ നിർദേശിക്കാതെ ഉമ്മൻചാണ്ടി ഇറങ്ങാനിടയില്ല. എംഎൽഎമാരെ ഒഴിവാക്കണമെന്നതു ദേശീയതലത്തിൽ പൊതുവായെടുത്ത തീരുമാനമാണെന്നും അനിവാര്യ സാഹചര്യങ്ങളിൽ ഇളവുണ്ടാകുമെന്നും നേതാക്കൾ വിശദീകരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com