ADVERTISEMENT

വർക്കല∙ ശിവഗിരിയിലെ സ്വദേശി ദർശൻ നിർമാണ പദ്ധതിയിൽ നിന്നു സംസ്ഥാന സർക്കാരിനെ അവസാന ഘട്ടത്തിൽ ഒഴിവാക്കാൻ ഗൂഢാലോചന നടന്നെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ. ഗൂഢാലോചന സന്യാസിമാരുടെ ശൈലിയല്ലെന്നു ശിവഗിരി മഠം ട്രഷറർ സ്വാമി ശാരദാനന്ദ ഇതിനു മറുപടി നൽകി. പദ്ധതി നിർമാണോദ്ഘാടന ചടങ്ങ് കേന്ദ്രസർക്കാരിനും ശിവഗിരി മഠത്തിനുമെതിരായുള്ള ആരോപണ പ്രത്യാരോപണങ്ങൾക്കും കൂടി വേദിയായി.

അനേകം സർക്കാരുകൾ മാറിമാറി വന്നിട്ടും ഗുരുദേവന്റെ ഏകലോക സങ്കൽപ പുണ്യഭൂമിയായ ശിവഗിരിയിൽ വികസന സൗകര്യങ്ങൾക്കായി കേന്ദ്ര സർക്കാരാണു കണ്ണു തുറന്നതെന്നു ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പറഞ്ഞതാണു ചർച്ചയ്ക്കു തുടക്കമായത്. ഇതിനു പ്രധാനമന്ത്രിയോടും ബിജെപി അധ്യക്ഷനോടും പ്രത്യേക നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വദേശി ദർശൻ പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ കഴിയാവുന്നതെല്ലാം ചെയ്തിട്ടുണ്ടെന്നും എന്നാൽ അതിനെ പ്രകീർത്തിക്കാൻ സന്യാസിമാർ വിഷമിച്ചു കണ്ടെന്നുമാണ് ഇതിനോടു കടകംപള്ളി പ്രതികരിച്ചത്.

ശിവഗിരിയുടെ വികസനത്തിൽ രാഷ്ട്രീയം കലർത്തുന്നത് ആശാവഹമല്ല. പദ്ധതി നടപ്പാക്കുന്നതിൽ നിന്നു സംസ്ഥാന സർക്കാരിനെ ഒഴിവാക്കി കാര്യങ്ങൾ നേരിട്ടു ചെയ്യാനുള്ള ഗൂഢശ്രമമുണ്ടായി. സർക്കാരിനെ മറികടന്നു പദ്ധതി നടപ്പാക്കാനുള്ള നീക്കം കേന്ദ്ര-സംസ്ഥാന സർക്കാർ ബന്ധങ്ങളെ ബാധിക്കുന്ന തരത്തിലാണ്. പദ്ധതി യാഥാർഥ്യമാക്കാൻ തുടക്കം മുതൽ ഈ സർക്കാർ രംഗത്തുണ്ട്. സംസ്ഥാനം 302 കോടിക്കു തയാറാക്കിയ പദ്ധതിയാണു പിന്നീടു കേന്ദ്ര നിർദേശപ്രകാരം നൂറുകോടിയിൽ താഴെയായി ചുരുക്കിയത്. സന്യാസിമാരും അവരോടൊപ്പം നിൽക്കുന്നവരും സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾ പ്രകടിപ്പിക്കുന്നത് ആശാവഹമല്ലെന്നും കടകംപള്ളി പറഞ്ഞു.

തുടർന്നാണു തങ്ങൾക്കു രാഷ്ട്രീയമില്ലെന്നു സ്വാമി ശാരദാനന്ദ മറുപടി നൽകിയത്. പദ്ധതി യാഥാർഥ്യമാക്കുക മാത്രമാണു ലക്ഷ്യം. അതിനാൽ ഐടിഡിസി ഏറ്റെടുക്കണമെന്ന താൽപര്യം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെയും ബിജെപി അധ്യക്ഷന്റെയും പ്രത്യേക താൽപര്യമാണു പദ്ധതി യാഥാർഥ്യമാകാൻ കാരണമെന്നു പിന്നീട് ആശംസയർപ്പിച്ച എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com