ADVERTISEMENT

കോഴിക്കോട് ∙ മന്ത്രി കെ.ടി.ജലീലിനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമെതിരെ ആരോപണമുയർത്തിയ യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ.ഫിറോസ് മന്ത്രി എ.കെ.ബാലനെതിരെ രംഗത്ത്. അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി എ.മണിഭൂഷണു കോഴിക്കോട്ടെ കിർത്താഡ്സിൽ (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിങ് ആൻഡ് ഡവലപ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ്സ് ആൻഡ് ഷെഡ്യൂ‍ൾഡ് ട്രൈബ്സ്) ചട്ടങ്ങൾ ലംഘിച്ചു സ്ഥിരനിയമനം നൽകാൻ മന്ത്രി ഇടപെട്ടതായി ഫിറോസ് ആരോപിച്ചു. ഇന്ദു വി.മേനോൻ, പി.വി. മിനി, എസ്.‌വി. സജിത് കുമാർ എന്നിവരുടെ നിയമനങ്ങളിലും ക്രമക്കേടു നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

കിർത്താഡ്സിലെ കരാർ ജീവനക്കാരായിരുന്നു 4 പേരും. നിയമം നിഷ്കർഷിച്ച യോഗ്യത ഇല്ലാത്തവർക്കാണു സ്ഥിരനിയമനം നൽകിയതെന്ന് അദ്ദേഹം ആരോപിച്ചു. 2010ൽ ഇവരുടെ ജോലി റെഗുലറൈസ് ചെയ്തു. പക്ഷേ, സ്ഥിരപ്പെടുത്താനുള്ള ശുപാർശ പിന്നീടു വന്ന യുഡിഎഫ് സർക്കാർ അംഗീകരിച്ചില്ല. 2017ൽ ഇടതു സർക്കാരാണ് ഇവരുടെ പ്രൊബേഷൻ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. അസാധാരണ സാഹചര്യങ്ങളിൽ ഉപയോഗിക്കുന്ന ചട്ടം 39 ദുരുപയോഗം ചെയ്താണ് ഈ നിയമനങ്ങൾ സാധുവാക്കിയതെന്നും ഫിറോസ് ആരോപിച്ചു.

കിർത്താഡ്സ് പറയുന്നത്: നേരിട്ടുള്ള നിയമനത്തിന്റെ യോഗ്യതകളാണു ഫിറോസ് അവതരിപ്പിക്കുന്നത്. വകുപ്പിൽ ജോലി ചെയ്യുന്നവർക്കു സ്ഥിരനിയമനം ലഭിക്കണമെങ്കിൽ വേണ്ട യോഗ്യതകൾ 4 പേർക്കുമുണ്ട്. ഇന്ദു വി.മേനോനു പ്രൊബേഷൻ അനുവദിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്. കേരള സർവീസ് ചട്ടപ്രകാരമാണു മന്ത്രിയുടെ സെക്രട്ടറിക്കു പ്രൊബേഷൻ അനുവദിച്ചത്. 

വഴിവിട്ട് ഒന്നും ചെയ്തിട്ടില്ല; ആരോപണം അടിസ്ഥാനരഹിതം: മന്ത്രി ബാലൻ

തിരുവനന്തപുരം ∙ കിർത്താഡ്‌സിലെ നിയമനവുമായി ബന്ധപ്പെട്ടു യൂത്ത്‌ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഉന്നയിച്ച ആരോപണങ്ങൾ വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് മന്ത്രി എ.കെ. ബാലൻ. ഇപ്പോൾ തന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായ മണിഭൂഷണൻ 1993 ലാണ് കിർത്താഡ്‌സിൽ റിസേർച്ച് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിതനാകുന്നത്. ’95 ൽ ലക്ചറർ, റിസേർച്ച് ഓഫിസർ തസ്തികയിൽ കരാർപ്രകാരം നിയമിതനായി. രണ്ടു നിയമനങ്ങളും യുഡിഎഫ് സർക്കാരിന്റെ കാലത്തായിരുന്നു. ചട്ടപ്രകാരം പ്രൊബേഷൻ ഡിക്ലയർ ചെയ്യുക മാത്രമാണ് ഇപ്പോൾ ചെയ്തത്. മണിഭൂഷണൻ അടക്കം നാലുപേരുടെ പ്രൊബേഷൻ ഡിക്ലയർ ചെയ്യുന്നതിന് ഏഴുവർഷത്തെ താമസമുണ്ടായി. എല്ലാ ചട്ടങ്ങളും പാലിച്ചാണ് ഇതു ചെയ്തത്. നിയമവിരുദ്ധമായി ഒന്നുമില്ല.

1982 മുതൽ റിസർച്ച് ഓഫിസറായി താൽക്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന വി.കെ. മോഹൻകുമാറിനു യുഡിഎഫ് സർക്കാർ ഡപ്യൂട്ടി ഡയറക്ടറായി സ്ഥാനക്കയറ്റം നൽകിയ അതേ മാനദണ്ഡമാണു മണിഭൂഷണന്റെ കാര്യത്തിലും സ്വീകരിച്ചതെന്നു ബാലൻ പറഞ്ഞു. നിയമനം നടക്കുമ്പോൾ സ്‌പെഷൽ റൂൾ നിലവിലില്ലായിരുന്നു. ദീർഘകാല കരാറിൽ ജോലി ചെയ്തിരുന്ന മണിഭൂഷണൻ അടക്കം 10 പേരെ 2010 ൽ സ്ഥിരപ്പെടുത്തി. 2007 ൽ അംഗീകരിച്ച സ്‌പെഷൽ റൂളിലെ ചട്ടം 10 പ്രകാരമായിരുന്നു ഇത്. മണിഭൂഷണനു പ്രത്യേക സൗജന്യമൊന്നും നൽകിയിട്ടില്ല. ധന, നിയമ, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പുകളുടെ പരിശോധനയ്ക്കു ശേഷം മന്ത്രിസഭയാണ് ഇവരെ സ്ഥിരപ്പെടുത്തിയത്.

1993 മുതൽ സർവീസിലുള്ളയാളെ സ്ഥിരപ്പെടുത്തുന്നതിനു സുപ്രീം കോടതി വിധിപ്രകാരം നിയമതടസ്സമില്ല. സ്ഥിരപ്പെടുത്തിയ ശേഷം കിർത്താഡ്‌സ് സർവീസിൽ തുടർന്ന മണിഭൂഷണനെ കഴിഞ്ഞ യുഡിഎഫ് സർക്കാർ പിന്നാക്കവിഭാഗ വികസന വകുപ്പ് കോഴിക്കോട് മേഖലാ ഡപ്യൂട്ടി ഡയറക്ടറാക്കി. 2010 ലെ സ്ഥിരപ്പെടുത്തലിൽ അപാകത ഉണ്ടായിരുന്നെങ്കിൽ ഈ നിയമനം നടക്കുമായിരുന്നോ. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഇതിൽ നിന്നു വ്യക്തമാണെന്നും ബാലൻ പറഞ്ഞു.

∙ ‘‘ഗീബൽസിയൻ നുണ പ്രചരിപ്പിക്കുന്ന ഫിറോസിനു ധൈര്യമുണ്ടെങ്കിൽ കോടതിയിൽ പോകട്ടെ. ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ കുറച്ചു മാന്യത കാട്ടണം. എല്ലാവരോടും കാണിക്കുന്ന കോപ്രായമൊന്നും എന്നോടു വേണ്ട. സുതാര്യമല്ലാത്ത ഒരു പ്രവർത്തനവും എന്റെ വകുപ്പിൽ നടക്കില്ല’’ – മന്ത്രി എ.കെ. ബാലൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com