ADVERTISEMENT

തിരുവനന്തപുരം ∙ തർക്കത്തെ തുടർന്നു കൊല്ലം ജില്ലാ സെക്രട്ടറിയുടെ താൽക്കാലിക ചുമതല മുൻമന്ത്രി മുല്ലക്കര രത്നാകരനു നൽകാൻ സിപിഐ സംസ്ഥാന നിർവാഹകസമിതി യോഗം തീരുമാനിച്ചു. ജില്ലാ സെക്രട്ടറിയായിരുന്ന എൻ. അനിരുദ്ധനെ മാറ്റാൻ നേരത്തെ സമിതി എടുത്ത തീരുമാനം ജില്ലാ കൗൺസിലിൽ ആദ്യം നടപ്പാക്കാൻ കഴിയാതെ വന്നതാണു തർക്കത്തിനു കാരണം. അനിരുദ്ധനെ മാറ്റണമെന്നതിൽ സംസ്ഥാന നേതൃത്വം ഉറച്ചുനിന്നതോടെ അദ്ദേഹം ഒഴിയാനുള്ള സന്നദ്ധത രേഖാമൂലം അറിയിച്ചിരുന്നു.

എന്നാൽ പകരം ജില്ലാ സെക്രട്ടറിയായി സംസ്ഥാന നിർവാഹകസമിതി ആദ്യം തീരുമാനിച്ച ആർ. രാജേന്ദ്രനെത്തന്നെ നിർദേശിക്കാൻ നേതൃത്വം തയാറായില്ല. പകരം പുതിയ സെക്രട്ടറിയെ കൗൺസിൽ തിരഞ്ഞെടുക്കുന്നതു വരെ മുല്ലക്കരയെ ചുമതലയേൽപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ജാഥകളിലേക്കും മറ്റും പാർട്ടി കടക്കുന്ന സാഹചര്യത്തിൽ ഉടൻ പുതിയ ജില്ലാ സെക്രട്ടറിക്കു സാധ്യത കുറവാണ്.

സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണു സംസ്ഥാന നിർവാഹക സമിതിയംഗം കൂടിയായ മുല്ലക്കരയെ നിർദേശിച്ചത്. അസി. സെക്രട്ടറി കെ. പ്രകാശ് ബാബു നിർവാഹക സമിതി തീരുമാനം അംഗീകരിക്കുന്നുവെന്നു വ്യക്തമാക്കിയെങ്കിലും തന്റെ ആശങ്ക പങ്കുവച്ചു. സിപിഐ സംസ്ഥാന കൗൺസിൽ ഇന്നു ചേരും. മന്ത്രിസഭാ രൂപീകരണ സമയത്തു വീണ്ടും മന്ത്രിയാകുമെന്നു കരുതിയിരുന്ന മുല്ലക്കര അപ്പോൾ തഴയപ്പെട്ടതിന്റെ പേരിൽ ഇടഞ്ഞുവെങ്കിലും പിന്നീട് ഔദ്യോഗിക നേതൃത്വവുമായി അടുപ്പത്തിലായതോടെയാണു കൊല്ലത്തിന്റെ ചുമതലയിലേക്കു വരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com