ADVERTISEMENT

തിരുവനന്തപുരം∙ സസ്പെൻഷനിൽ കഴിയുന്ന ഡിജിപി ജേക്കബ് തോമസിനു നാലാമതും സസ്പെൻ‌ഷൻ. ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ ഡ്രജർ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്ന വിജിലൻസ് അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഡിസംബറിൽ രണ്ടു മാസത്തേക്കു സസ്പെൻഡ് ചെയ്തതാണ് ഇപ്പോൾ നാലു മാസത്തേക്കു കൂടി നീട്ടിയത്.

നിലവിലെ സസ്പെൻഷൻ 17 ന് അവസാനിക്കാനിരിക്കെയാണു കഴിഞ്ഞ ആറിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ റിവ്യൂ കമ്മിറ്റി യോഗം ചേർന്ന് അതു നീട്ടിയത്. വിഷയത്തിൽ വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടെ ഡ്രജർ കേസുമായി ബന്ധപ്പെട്ടു ജേക്കബ് തോമസിനു കുറ്റാരോപണ മെമ്മോയും നൽകി. സസ്പെൻഡ് ചെയ്ത കാര്യം കേന്ദ്ര സർക്കാരിനെ ഇന്നലെ അറിയിച്ചു.

2017 ഡിസംബറിലാണ് ജേക്കബ് തോമസിനെ ആദ്യം സസ്പെൻഡ് ചെയ്തത്. സർക്കാരിന്റെ ഓഖി രക്ഷാപ്രവർത്തനങ്ങളെ വിമർശിച്ചതിനും ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന പുസ്തകത്തിൽ കേസന്വേഷണ വിവരങ്ങൾ പരസ്യപ്പെടുത്തിയതിനുമായിരുന്നു നടപടി. ആറു മാസം കഴിഞ്ഞപ്പോൾ ആറു മാസത്തേക്കു കൂടി നീട്ടി. ഈ സസ്പെൻഷനുമായി ബന്ധപ്പെട്ടു വകുപ്പുതല അന്വേഷണവും തുടങ്ങി.

എന്നാൽ അന്വേഷണവുമായി ജേക്കബ് തോമസ് സഹകരിക്കുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ ചീഫ് സെക്രട്ടറിയെ അറിയിച്ചു. എങ്കിലും അന്വേഷണം അവസാനിപ്പിച്ചിട്ടില്ല. സിവിൽ സർവീസ് ഉദ്യോഗസ്ഥരെ ഒരു വർഷത്തിലേറെ സസ്പെൻഷനിൽ നിർത്താൻ കേന്ദ്രാനുമതി വേണം. ആദ്യ സസ്പെ‍ൻഷൻ വീണ്ടും ആറു മാസത്തേക്കു കൂടി നീട്ടാൻ ഡിസംബറിൽ സംസ്ഥാന സർക്കാർ കേന്ദ്രാനുമതി തേടിയെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. എന്നാൽ മറുപടിക്കു കാക്കാതെ ഡ്രജർ ഇടപാടുമായി ബന്ധപ്പെട്ടു വീണ്ടും സസ്പെൻഡ് ചെയ്തു. അതാണ് ഇപ്പോൾ നാലു മാസത്തേക്കു കൂടി നീട്ടിയത്.

സസ്പെൻഷനെതിരെ ജേക്കബ് തോമസ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനു ഹർജി നൽകിയിട്ടുണ്ട്. ഈ സർക്കാർ വന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായി അറിയപ്പെട്ട ജേക്കബ് തോമസിനെതിരെ ഒട്ടും വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫിസ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com