sections
MORE

കോടതി ഉത്തരവ് അവഗണിച്ച് നിർമാണം തുടർന്നതായി സബ്കലക്ടറുടെ റിപ്പോർട്ട്

renu-raj-ias
ഡോ. രേണു രാജ് (ഫയൽ ചിത്രം)
SHARE

കൊച്ചി ∙ മൂന്നാറിൽ പഞ്ചായത്തിന്റെ അനധികൃത നിർമാണം നിർത്തിവയ്ക്കാൻ കലക്ടറുടെ നിർദേശപ്രകാരമാണു പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടതെന്ന് സബ്കലക്ടർ ഡോ. രേണു രാജ് അഡീഷനൽ അഡ്വക്കറ്റ് ജനറലിനു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. എങ്കിലും കോടതി ഉത്തരവും സബ്കലക്ടറുടെ നിർദേശവും അവഗണിച്ചു നിർമാണം തുടരുകയായിരുന്നു.

മൂന്നാർ സ്പെഷൽ ട്രൈബ്യൂണലിന്റെ കീഴിൽ വരുന്ന 8 വില്ലേജുകളിൽ നിർമാണങ്ങൾക്ക് റവന്യൂ വകുപ്പിന്റെ അനുമതി വേണമെന്നു 2010 ജനുവരി 21നു ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. തുടർന്ന്, മൂന്നാർ, പള്ളിവാസൽ, ചിന്നക്കനാൽ, ദേവികുളം പഞ്ചായത്തുകൾക്ക് ഇടുക്കി പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ  2010 ഫെബ്രുവരി 15നു കത്ത് മുഖേന നിർദേശം നൽകിയിട്ടുള്ളതാണ്.

ടാറ്റ ടീ മൂന്നാർ പഞ്ചായത്തിനു സൗജന്യമായി നൽകിയ ഭൂമിയിൽ റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ നിർമാണം നടക്കുന്നതായി പരാതി കിട്ടി. ജില്ലാ കലക്ടറുടെ എൻഒസി ഇല്ലെന്നു ബോധ്യപ്പെട്ടതോടെ 2019 ഫെബ്രുവരി അഞ്ചിനു സ്റ്റോപ് മെമോ നൽകി. പിറ്റേന്ന് മൂന്നാർ പഞ്ചായത്ത് സെക്രട്ടറി അതു  കൈപ്പറ്റിയതായി മൂന്നാർ വില്ലേജ് ഓഫിസർ റിപ്പോർട്ട് ചെയ്തു.

സ്റ്റോപ് മെമോ ലംഘിച്ചും നിർമാണം നടക്കുന്നത് അറിഞ്ഞ് സത്യാവസ്ഥ പരിശോധിക്കാൻ മൂന്നാർ സ്പെഷൽ വില്ലേജ് ഓഫിസറെയും ഭൂസംരക്ഷണ സേനാംഗങ്ങളെയും അയച്ചെങ്കിലും നിർമാണ കരാറുകാരനും പഞ്ചായത്ത് അംഗങ്ങളും അവരെ അധിക്ഷേപിച്ച്, പണി തുടർന്നു.

തുടർന്ന് ദേവികുളം (ഭൂരേഖാ) തഹസിൽദാർ ഉമാശങ്കറിനെ അയച്ചു. മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ്, മെംബർമാർ എന്നിവരുടെ നേതൃത്വത്തിൽ സ്ത്രീകൾ ഉൾപ്പെടെ സംഘടിച്ചിട്ടുണ്ടെന്ന് അറിഞ്ഞ്, മൂന്നാർ എസ്ഐയോട് അവിടെ പോകാൻ ഫോണിലൂടെ ആവശ്യപ്പെട്ടു. നിർമാണം നിർത്തിവയ്പിക്കാനും ഉദ്യോഗസ്ഥർക്കു സംരക്ഷണം നൽകാനും മൂന്നാർ ഡിവൈഎസ്പിക്ക് ഇ–മെയിൽ മുഖേന നിർദേശം നൽകുകയും ചെയ്തിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.

മൂന്നാറിലെ ഭൂമി കയ്യേറ്റം ഇങ്ങനെ....

അന്യാധീനപ്പെട്ടു കിടക്കുന്ന സർക്കാർ ഭൂമി കണ്ടെത്തുന്നു. വ്യാജ രേഖ ഉണ്ടാക്കുന്നു. കൈയേറുന്നു. ഷെഡുകൾ കെട്ടുന്നു. ഉദ്യോഗസ്ഥർ നടപടിക്കെത്തിയാൽ രാഷ്ട്രീയക്കാരുടെ സഹായത്തോടെ ഭീഷണിപ്പെടുത്തുന്നു. വ്യാജ രേഖകളുടെ പിൻബലത്തോടെ നിയമ നടപടികളിൽ നിന്ന് രക്ഷ നേടുന്നു. കൈയേറ്റ ഭൂമി മറിച്ചു വിൽക്കുന്നു. അല്ലെങ്കിൽ വീടുകളോ ബഹുനില കെട്ടിടങ്ങളോ പണിയുന്നു.

ദൗത്യം നിയമം നടപ്പാക്കുക

'സിവിൽ സർവീസ് പരിശീലനത്തിനിടെ മസൂറിയിൽ ക്രോസ് കൺട്രിയിൽ പങ്കെടുത്തിട്ടുണ്ട്. ദിവസവും ഓടാൻ പോകാറുണ്ട്. ഔദ്യോഗിക ജീവിതത്തിലെ ടെൻഷനൊന്നും ബാധിക്കാറില്ല. നിയമം നടപ്പാക്കുക മാത്രമാണു ദൗത്യം. പഠനകാലയളവിൽ രാഷ്ട്രീയ പാർട്ടികളുമായോ വിദ്യാർഥി സംഘടനകളുമായോ ബന്ധമുണ്ടായിരുന്നില്ല.' - സബ് കലക്ടർ ഡോ. രേണു രാജ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA