മൂന്നാറിലെ കൈയേറ്റം: തൊട്ടവരെ തെറിപ്പിച്ച് സിപിഎം

suresh-kumar-raju-narayana-swamy-and-rishiraj-singh
കെ. സുരേഷ്‌കുമാർ, രാജു നാരായണസ്വാമി, ഋഷിരാജ് സിങ്
SHARE

തൊടുപുഴ ∙ ദേവികുളത്ത് സബ് കലക്ടർമാരെ വാഴിക്കുന്നതും വീഴ്ത്തുന്നതും രാഷ്ട്രീയ പാർട്ടികളാണ്. സിപിഎമ്മുമായി ഇടയുന്നവർക്കാണു തിക്താനുഭവങ്ങൾ കൂടുതലും.  എട്ടു വർഷത്തിനിടെ ദേവികുളത്ത് 14 സബ് കലക്ടർമാരാണു വന്നു പോയത്. മൂന്നാറിലെ കൈയേറ്റങ്ങൾക്കെതിരെ നിയമ നടപടികൾ ആദ്യം വാർത്തയിൽ വന്നത് 2007ൽ ആയിരുന്നു.

അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള ചുമതല കെ. സുരേഷ്‌കുമാർ, ഋഷിരാജ് സിങ്, രാജു നാരായണസ്വാമി എന്നിവർക്കാണ് നൽകിയത്. സിപിഎം നേതാക്കന്മാരുടെ കൈയേറ്റങ്ങൾക്കെതിരെയും കൈയേറ്റ സ്ഥലത്തുള്ള സിപിഐ ഓഫിസിനെതിരെയും നടപടി വന്നതോടെ രാഷ്ട്രീയ വിവാദമായി.

മേയിൽ തുടങ്ങിയ ഒഴിപ്പിക്കൽ നടപടി ജൂണിൽ സമാപിച്ചു. സൂര്യനെല്ലി പാപ്പാത്തിച്ചോലയിലെ കയ്യേറ്റം ഒഴിപ്പിക്കാൻ ശ്രമിച്ചതോടെയാണു ദേവികുളം സബ് കലക്ടർ വി. ശ്രീറാമിനെതിരെ സിപിഎം നേതൃത്വം തിരിഞ്ഞത്. അന്ന് ശ്രീറാമിനെതിരെ വിമർശനവുമായി മന്ത്രി എംഎം മണിയും എസ് രാജേന്ദ്രൻ എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രനും രംഗത്തെത്തി.

സിപിഎമ്മിന്റെ പോഷക സംഘടനയായ കർഷക സംഘം ശ്രീറാമിന്റെ ഓഫിസിനു മുന്നിൽ 20 ദിവസം സമരം നടത്തി. തുടർന്ന് ശ്രീറാമിനെ സ്ഥലം മാറ്റി. തുടർന്നു വന്ന വി.ആർ. പ്രേംകുമാർ കൊട്ടാക്കമ്പൂരിൽ ജോയ്സ് ജോർജ് എംപിയുടെയും കുടുംബത്തിന്റെയും പട്ടയം റദ്ദാക്കിയതോടെ സിപിഎമ്മിന്റെ കണ്ണിലെ കരടായി. പ്രേം കുമാറിനും കിട്ടി സ്ഥലംമാറ്റം. തുടർന്നാണ് ദേവികുളത്ത് ആദ്യ വനിതാ സബ് കലക്ടറായി ഡോ. രേണു രാജ് എത്തിയത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA