ADVERTISEMENT

തിരുവനന്തപുരം∙ അസി. പബ്ലിക് പ്രോസിക്യൂട്ടർ ഗ്രേഡ് 2 തസ്തികയിലേക്കുള്ള പരീക്ഷയിലെ ക്രമക്കേട് തങ്ങളുടെ വിജിലൻസ് വിഭാഗത്തെ കൊണ്ട് അന്വേഷിപ്പിക്കാൻ പിഎസ്‌സി തീരുമാനിച്ചു. സ്വകാര്യ പരിശീലന കേന്ദ്രം വിതരണം ചെയ്ത ഗൈഡിൽ പ്രസിദ്ധീകരിച്ച ചോദ്യങ്ങൾ‍ പിഎസ്‌സി പരീക്ഷാ ചോദ്യക്കടലാസിൽ അതേപടി പകർത്തിയെന്ന ആരോപണത്തെക്കുറിച്ചു പരീക്ഷാ കൺട്രോളർ അന്വേഷിച്ചു കമ്മിഷനു റിപ്പോർട്ട് നൽകിയിരുന്നു. പൊതുവായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഗൈഡിൽ നിന്ന് ഏതാനും ചോദ്യങ്ങൾ വന്നതിൽ പ്രഥമ ദൃഷ്ട്യാ പ്രശ്നമില്ലെന്നും എന്നാൽ ചോദ്യങ്ങൾ മുൻകൂട്ടി ഉദ്യോഗാർഥികൾക്കു ലഭിച്ചിട്ടുണ്ടെങ്കിൽ ഗുരുതരമാണെന്നും റിപ്പോർട്ടിൽ പറയുന്നു.ഈ സാഹചര്യത്തിൽ ചോദ്യം നേരത്തെ ലഭിച്ചോയെന്നു കണ്ടെത്തുന്നതിനാണു വിജിലൻസ് അന്വേഷണം.

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്കുള്ള മൂന്നു ധാരയിലും സംവരണം നടപ്പാക്കുമെന്നു സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതു സംബന്ധിച്ച അറിയിപ്പ് ഇന്നലെ വരെ പിഎസ്‌സിക്ക് നൽകിയിട്ടില്ല. നിർദേശം ലഭിച്ചാൽ മാത്രമേ പിഎസ്‌സിക്ക് നിയമന നടപടികളുമായി മുന്നോട്ടു പോകാനാവൂ. ഇപ്പോഴത്തെ സാഹചര്യത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് അതു പ്രതീക്ഷിക്കുന്നില്ല.

തുല്യത സർട്ടിഫിക്കറ്റ് സ്വീകരിക്കേണ്ട തീയതി സംബന്ധിച്ച കേസുകളിൽ തീരുമാനം എടുക്കാൻ കേസുകളും ചട്ടങ്ങളും സംബന്ധിച്ച കമ്മിറ്റിയെ ചുമതലപ്പെടുത്തി. തുല്യത സർട്ടിഫിക്കറ്റ് സംബന്ധിച്ചു നേരത്തേയുണ്ടായിരുന്ന നൂലാമാലകൾ പരിഹരിച്ചു സർക്കാർ ഉത്തരവ് ഇറക്കിയിട്ടുണ്ടെങ്കിലും ഇപ്പോഴും ഏതാനും തസ്തികളിൽ തുല്യമോ അതിൽ ഉയർന്നതോ ആയ യോഗ്യത വ്യക്തമാക്കണം. നിലവിൽ റാങ്ക് പട്ടികയ്ക്ക് അന്തിമ രൂപം നൽകുന്ന തീയതി വരെ തുല്യത സർട്ടിഫിക്കറ്റ് സ്വീകരിക്കും. ചട്ടം അനുസരിച്ച്, അപേക്ഷ നൽകേണ്ട അവസാന തീയതിക്കു മുൻപ് ഇതും നേടിയിരിക്കണം. ഇക്കാര്യത്തിലുള്ള നിയമ പ്രശ്നമാണു കമ്മിറ്റിക്കു വിട്ടത്.

യൂണിഫോംഡ് സേനകളിലേക്കുള്ള കായികക്ഷമതാ പരീക്ഷയും ശാരീരിക അളവെടുപ്പും പൊലീസിനേയോ മറ്റ് ഏതെങ്കിലും ഏജൻസിയേയോ ഏൽപ്പിക്കുന്നതിനുള്ള നിർദേശം ചർച്ചയായില്ല. ഇതു സംബന്ധിച്ചു പഠിക്കുന്ന ഉപസമിതി റിപ്പോർട്ട് സമർപ്പിക്കാത്തതാണു കാരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com