ADVERTISEMENT

തിരുവനന്തപുരം/ പാലക്കാട് ∙ തന്നെ മോശമായാണ് എസ്. രാജേന്ദ്രൻ എംഎൽഎ ചിത്രീകരിച്ചതെന്നും മാനസിക സമ്മർദത്തിലാക്കി നിഷ്ക്രിയ ആക്കാനാണു ശ്രമിച്ചതെന്നും സബ് കലക്ടർ രേണുരാജ് ചീഫ് സെക്രട്ടറിക്കും റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയും നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. വാണിജ്യ സമുച്ചയങ്ങൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾക്കു സബ്കലക്ടറുടെ അനുമതി വേണമെന്നു 2010 ൽ ഹൈക്കോടതി വിധിച്ചിട്ടുണ്ട്. പഞ്ചായത്ത് നിർമിച്ച കെട്ടിടത്തിന്റെ പണി അതനുസരിച്ചാണു തടഞ്ഞതെന്നും അവർ അറിയിച്ചു.

എംഎൽഎയുടെ അധിക്ഷേപകരമായ വാക്കുകൾക്കെതിരെ സബ് കലക്ടർ ഡോ. രേണുരാജ് പരാതി നൽകിയിട്ടില്ലെന്നും വാർത്തകളുടെ അടിസ്ഥാനത്തിലാണു കേസെന്നും സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈൻ വ്യക്തമാക്കി. അന്വേഷണ റിപ്പോർട്ട് ഡിജിപിക്കു കൈമാറും. സബ് കലക്ടർക്ക് അവരുടേതായ നിയമവഴിയേ പോകാം. സ്ത്രീകൾ ആരുടെയും സ്വകാര്യ സ്വത്തല്ല. സംസാരിക്കുമ്പോൾ ഭാഷ ശ്രദ്ധിക്കണം. നോട്ടംകൊണ്ടു പോലും സ്ത്രീകളെ വേദനിപ്പിക്കരുതെന്നാണു കോടതികൾ പറയുന്നതെന്നും എംഎൽഎയുടെ പരാമർശം മോശമായെന്നും ജോസഫൈൻ പറഞ്ഞു.

നിർമാണം ശരിയെന്ന് രാജേന്ദ്രന്റെ വാദം; സബ്മിഷൻ നോട്ടിസും

തിരുവനന്തപുരം ∙ മൂന്നാർ പഞ്ചായത്ത് അനധികൃതമായി കെട്ടിടം നിർമിച്ചതിനെതിരെ ദേവികുളം സബ് കലക്ടർ ഡോ.രേണുരാജ് നടപടിയെടുത്ത സംഭവത്തിൽ നിയമസഭയിൽ സബ്മിഷൻ നോട്ടിസുമായി എസ്.രാജേന്ദ്രൻ. പഞ്ചായത്തു നടത്തിയ നിർമാണം ശരിയെന്നാണ് രാജേന്ദ്രന്റെ വാദം.

മറുപടി നൽകുന്നതിനുവേണ്ടി നോട്ടിസ് ഇന്നലെ രാത്രി മന്ത്രി ഇ. ചന്ദ്രശേഖരനു കൈമാറി. ഉടൻ മന്ത്രി തന്റെ ഓഫിസിലുള്ളവരുടെ യോഗം വിളിച്ചു. ഭൂമിയുടെ അധികാരി റവന്യൂ വകുപ്പാണെന്നും അനുമതി വാങ്ങാതെ ഒരു സർക്കാർ സ്ഥാപനത്തിനും നിർമാണ പ്രവർത്തനം നടത്താനാകില്ലെന്നും അഭിപ്രായമുണ്ടായി. നിയമവിദഗ്ദ്ധരും ഇക്കാര്യം മന്ത്രിയെ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com