sections
MORE

പട്ടാപ്പകൽ വധം, പാർട്ടിക്കോടതി തീരുമാനം; ഏഴു വർഷം മുൻപ് മറ്റൊരു ഫെബ്രുവരി

P. Jayarajan
പി. ജയരാജൻ
SHARE

കണ്ണൂർ ∙ ‘പാർട്ടിക്കോടതി തീരുമാനമെന്ന പോലെ വിദഗ്ധമായി ആസൂത്രണം ചെയ്ത കൊലപാതകം’ – ഷുക്കൂർ വധത്തിൽ 2012 ഓഗസ്റ്റ് 23ന് പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലെ പരാമർശമാണിത്. നേതാക്കളെ തടഞ്ഞതിന് പ്രതികാരമായി, പിടിയിലായവരെ വധിക്കാൻ ആസൂത്രിത ഗൂഢാലോചന നടന്നുവെന്നും പട്ടാപ്പകൽ ‘വിചാരണ’ നടത്തി ‘വധശിക്ഷ’ നടപ്പാക്കിയെന്നും പൊലീസും സിബിഐയും ഒരുപോലെ വ്യക്തമാക്കുന്നു. ഗൂഢാലോചനയിൽ പി. ജയരാജനും ടി.വി. രാജേഷിനും നേരിട്ടു പങ്കുണ്ടോ എന്നതിലാണ് പൊലീസ് ഇല്ലെന്നു പറഞ്ഞതും ഇപ്പോൾ സിബിഐ അത് തിരുത്തുന്നതും.

ജയരാജൻ 32–ാം പ്രതിയും രാജേഷ് 33–ാം പ്രതിയുമായ കേസിൽ ഇരുവർക്കുമെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി സിബിഐ മുന്നോട്ടുവയ്ക്കുന്ന വാദങ്ങൾ ഇങ്ങനെ: ജയരാജനും രാജേഷും സഞ്ചരിച്ച കാർ 2012 ഫെബ്രുവരി 20ന് മുസ്‌ലിംലീഗ് പ്രവർത്തകർ തടഞ്ഞതിനെത്തുടർന്ന് ഇരുവരും തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രിയിലെ 315–ാം നമ്പർ മുറിയിൽ ഇരുവർക്കുമൊപ്പം സിപിഎം പ്രാദേശിക നേതാക്കളായ പി.വി. സുരേശൻ, കെ. ബാബു, യു.വി. വേണു, എ.വി. ബാബു (ഇവർ കേസിൽ 28- 31 പ്രതികൾ) എന്നിവരും.

ഈ സമയത്താണ് സിപിഎം പ്രവർത്തകർ തടഞ്ഞുവച്ചിരിക്കുകയാണെന്നറിയിച്ചും രക്ഷിക്കണമെന്ന് അപേക്ഷിച്ചും കെ. ബാബുവിനെ ഷുക്കൂറിന്റെ സുഹൃത്ത് അബ്ദുൽ സലാം വിളിക്കുന്നത്. ബാബു ഉടൻ സ്ഥലത്തെത്തി; വിവരങ്ങൾ വേണുവിനെയും എ.വി. ബാബുവിനെയും ഫോണിലൂടെ അറിയിച്ചു. നന്നായി കൈകാര്യം ചെയ്യാൻ ആശുപത്രി മുറിയിൽ വച്ച് ജയരാജന്റെയും രാജേഷിന്റെയും സാന്നിധ്യത്തിൽ തീരുമാനിക്കുകയും നിർദേശം നൽകുകയും ചെയ്തു. പിന്നാലെ സുരേശനും സംഭവസ്ഥലത്തെത്തി. ഇതിനുശേഷമാണു കൊലപാതകം.

പൊലീസ് കുറ്റപത്രത്തിൽ സാക്ഷികളായിരുന്നവരുടെ മൊഴി ദുർവ്യാഖ്യാനം ചെയ്താണു സിബിഐ പുതിയ വാദം ഉന്നയിക്കുന്നതെന്നാണു പ്രതിഭാഗത്തിന്റെ ആരോപണം. 28 മുതൽ 33 വരെ പ്രതികളെ കേസിൽനിന്നൊഴിവാക്കാൻ 14നു തലശ്ശേരി കോടതിയിൽ വിടുതൽ ഹർജി നൽകുമെന്നും പ്രതിഭാഗം വ്യക്തമാക്കി. 

ഏഴു വർഷം മുൻപ് മറ്റൊരു ഫെബ്രുവരി...

∙ 2012 ഫെബ്രുവരി 20, രാവിലെ 11.00: സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി. രാജേഷ് എംഎൽഎയും സഞ്ചരിച്ച വാഹനം തളിപ്പറമ്പ് പട്ടുവം അരിയിലിൽ തടഞ്ഞു. കല്ലേറിൽ കാറിന്റെ ചില്ലുകൾ തകർന്നു. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെത്തി ജയരാജൻ പരാതി നൽകി; നൂറോളം പേർക്കെതിരെ കേസ്. തുടർന്ന് ജയരാജനും രാജേഷും തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ. 

12.00 മണി: പരുക്കേറ്റ സുഹൃത്ത് പി.വി. അയൂബിനെയും കൊണ്ട് പുഴ കടക്കുകയായിരുന്ന ഷുക്കൂർ, പി. സക്കറിയ, എൻ.കെ. ഹാരിസ്, അബ്ദുൽ സലാം എന്നിവരെ സിപിഎം സംഘം പിന്തുടരുന്നു. ഇവർ ഒരു വീട്ടിൽ അഭയം തേടുന്നു. അയൂബിനു പരുക്കേറ്റതു രാവിലെ ക്രിക്കറ്റ് മൽസരത്തിനിടയിലെന്നാണ് സുഹൃത്തുക്കൾ പിന്നീട് മൊഴി നൽകിയത്.

12.30: ഷുക്കൂറും കൂട്ടുകാരും അഭയം തേടിയ വീട് സിപിഎം വളഞ്ഞു. കുറ്റക്കാരെങ്കിൽ പൊലീസിനെ വിളിക്കാൻ വീട്ടുടമ. ആരും പൊലീസിനെ വിളിച്ചില്ല; വിവരമറിഞ്ഞ് പൊലീസ് എത്തിയതുമില്ല. 

2.15: ഷുക്കൂറിനെയും സുഹൃത്തുക്കളെയും രണ്ടു ബാച്ചായി ബലം പ്രയോഗിച്ചു പുറത്തിറക്കുന്നു. 50 മീറ്റർ അകലെയുള്ള പാടത്തേക്കു വലിച്ചിഴച്ചുകൊണ്ടുപോകുന്നു. ആൾക്കൂട്ട വിചാരണക്കൊടുവിൽ ഷുക്കൂറിന്റെ നെഞ്ചിൽ കത്തി കയറുമ്പോൾ സമയം 2.30. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളിൽ സക്കറിയയ്ക്കും അയൂബിനും വെട്ടേറ്റു. 

∙ ഫെബ്രുവരി 21: തന്നെ ആക്രമിച്ചവരിൽ ഷുക്കൂറും ഉണ്ടായിരുന്നുവെന്നു പത്രസമ്മേളനത്തിൽ പി. ജയരാജൻ. (ജയരാജന്റെ പരാതിയിലോ പൊലീസ് തയാറാക്കിയ എഫ്ഐആറിലോ ഷുക്കൂർ പ്രതിയായിരുന്നില്ല)

∙ മാർച്ച് ഒന്ന്: കേസിലെ ആദ്യ അറസ്‌റ്റ്. സിപിഎം പ്രവർത്തകൻ മൊറാഴ പണ്ണേരി കോണോത്ത് ഹൗസിൽ അജിത്‌കുമാർ പിടിയിൽ. 

∙ മാർച്ച് 22: 18 പേരുടെ പ്രതിപ്പട്ടിക കോടതിയിൽ സമർപ്പിച്ചു

∙ ജൂൺ 12: പി. ജയരാജനെ ചോദ്യം ചെയ്‌തു.

∙ ജൂലൈ 9: ജയരാജനെ രണ്ടാം തവണയും ചോദ്യം ചെയ്‌തു.

∙ ജൂലൈ 30: ടി.വി. രാജേഷ് കണ്ണൂർ ടൗൺ സിഐ ഓഫിസിൽ ചോദ്യം ചെയ്യലിനു വിധേയനായി. മൂന്നാംവട്ട ചോദ്യം ചെയ്യലിനു ജയരാജനു നോട്ടിസ്

∙ ഓഗസ്‌റ്റ് 1: മൂന്നാം വട്ട ചോദ്യം ചെയ്യലിനായി സിഐ ഓഫിസിലെത്തിയ പി. ജയരാജനെ പൊലീസ് അറസ്റ്റ് ചെയ്യുന്നു.‌ കണ്ണൂർ ജില്ലയിൽ പലയിടത്തും അക്രമം.

∙ ഓഗസ്റ്റ് 13: ടി.വി. രാജേഷ് എംഎൽഎ കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങി.

∙ ഓഗസ്റ്റ് 23: അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. പി. ജയരാജനും ടി.വി. രാജേഷും അടക്കം 33 പ്രതികൾ. 

∙ 2013 ഫെബ്രുവരി 18: തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ തുടങ്ങി. പി. ജയരാജൻ അടക്കം 14 പ്രതികൾ ഹാജരായി ജാമ്യമെടുത്തു.

∙ ഏപ്രിൽ 6: ടി.വി. രാജേഷ് അടക്കം 15 പ്രതികൾ തലശേരി കോടതിയിൽ ഹാജരായി ജാമ്യമെടുത്തു.

∙ ഒക്ടോബർ 10: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുക്കൂറിന്റെ മാതാവ് ആത്തിക്ക ഹൈക്കോടതിയിൽ ഹർജി നൽകി.

∙ 2014 ജനുവരി 2: കേസ് സിബിഐക്ക് വിടാൻ സർക്കാർ ശുപാർശ.

∙ 2016 ഫെബ്രുവരി 8: കേസ് സിബിഐ ഏറ്റെടുക്കണമെന്നു ഹൈക്കോടതി.

∙ 2017 ഫെബ്രുവരി 02: കേസ് സിബിഐക്കു വിട്ട സിംഗിൾ ജഡ്ജിയുടെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു. 

∙ 2019 ജനുവരി 4: ജയരാജനും രാജേഷിനുമെതിരെ ക്രിമിനൽ ഗൂഢാലോചനയും കൊലക്കുറ്റവും ചുമത്തുന്ന അനുബന്ധ കുറ്റപത്രം തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA