sections
MORE

എംഎൽഎ അവഹേളിച്ചെന്ന് രേണുരാജ്; കേസുമായി വനിതാ കമ്മിഷനും

Renu Raj | S Rajendran
ഡോ. രേണു രാജ്, എസ്. രാജേന്ദ്രൻ എംഎൽഎ
SHARE

തിരുവനന്തപുരം / കൊച്ചി / തൊടുപുഴ  ∙ എസ്. രാജേന്ദ്രൻ എംഎൽഎ തന്നെ പൊതുജനമധ്യത്തിൽ മോശമായി ചിത്രീകരിച്ചെന്നു ദേവികുളം സബ് കലക്ടർ ഡോ. രേണുരാജിന്റെ റിപ്പോർട്ട്. 

മൂന്നാറിൽ പഞ്ചായത്ത് അനധികൃതമായി നിർമിക്കുന്ന കെട്ടിടത്തിനെതിരെ സ്വീകരിച്ച നടപടികൾ നിയമപരമാണെന്നു ചീഫ് സെക്രട്ടറി ടോം ജോസിനും റവന്യു പ്രിൻസിപ്പൽ സെക്രട്ടറി വി. വേണുവിനും അയച്ച റിപ്പോർട്ടിൽ അവർ വിശദീകരിച്ചു. പഞ്ചായത്തിന്റെ നിയമലംഘനം ചൂണ്ടിക്കാട്ടി ഇന്നു തന്നെ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് അഡീഷനൽ എജി വ്യക്തമാക്കി. അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതിന് എംഎൽഎയ്ക്കെതിരെ സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. രാജേന്ദ്രനെതിരെ കർശന നടപടിയെടുക്കാൻ സിപിഎം ഇടുക്കി ജില്ലാ നേതൃത്വവും തീരുമാനിച്ചു. പരാമർശങ്ങൾ പാർട്ടി പൂർണമായും തള്ളിക്കളയുന്നതായി ജില്ലാ സെക്രട്ടേറിയറ്റിന്റെ വാർത്തക്കുറിപ്പിൽ പറയുന്നു.

ജനപ്രതിനിധികൾ സ്ത്രീകളോടു മര്യാദയ്ക്കു പെരുമാറണമെന്നും ‘അവൾ’, ‘എടീ’ എന്നൊന്നും പറയാൻ അവകാശമില്ലെന്നും കമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈൻ ചൂണ്ടിക്കാട്ടി. നിയമലംഘനങ്ങളുടെ കാര്യത്തിൽ കോടതിയുടെ നിർദേശാനുസരണം മുന്നോട്ടുപോകാനാണ് അഡീഷനൽ എജി നിയമോപദേശം നൽകിയതെന്നു രേണുരാജ് അറിയിച്ചു. റവന്യു വകുപ്പിന്റെ അനുമതിയില്ലാതെ വനിതാ വ്യവസായ കേന്ദ്രം നിർമിക്കുന്നതു തടയാൻ ശ്രമിച്ചപ്പോഴുണ്ടായ സംഭവങ്ങൾ അഡീഷനൽ എജിക്കുള്ള റിപ്പോർട്ടിൽ വിശദമാക്കിയിട്ടുണ്ട്. അനധികൃത നിർമാണം നടത്തിയതിനു പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകണമെന്നും സബ്കലക്ടർ ആവശ്യപ്പെട്ടു. കരാറുകാരൻ, പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് സെക്രട്ടറി, എംഎൽഎ തുടങ്ങിയവരുടെ നടപടികൾ ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നാണു സൂചന.

രാജേന്ദ്രന്റെ പെരുമാറ്റം ഇടതുമുന്നണി അംഗീകരിക്കുന്നില്ലെന്നു കൺവീനർ എ. വിജയരാഘവൻ വ്യക്തമാക്കി. സബ് കലക്ടറുടെ നടപടികൾ നൂറു ശതമാനവും ശരിയാണെന്നും ഉദ്യോഗസ്ഥർക്കു നിർഭയം പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കുമെന്നും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഇതേ നിലപാട് പങ്കുവച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA