ADVERTISEMENT

ന്യൂഡൽഹി ∙ അഭിഭാഷകൻ പി.വി. കുഞ്ഞികൃഷ്ണനെ കേരള ഹൈക്കോടതിയിൽ ജഡ്ജിയായി നിയമിക്കണമെന്ന് സുപ്രീം കോടതി കൊളീജിയം വീണ്ടും കേന്ദ്ര സർക്കാരിനോടു ശുപാർശ ചെയ്തു. ജഡ്ജിസ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടതിൽ വിജു ഏബ്രഹാമിന്റെ കാര്യത്തിൽ തീരുമാനം മാറ്റിവച്ചു. എസ്. രമേശ്, ജോർജ് വർഗീസ് എന്നിവരുടെ പേര് ഹൈക്കോടതിയിലേക്കു തിരികെ അയയ്ക്കും.

കഴിഞ്ഞ ഒക്ടോബർ 9ന് വി.ജി. അരുൺ, എൻ. നഗരേഷ്, ടി.വി. അനിൽകുമാർ, എൻ. അനിൽ കുമാർ എന്നിവർക്കൊപ്പം പി.വി. കുഞ്ഞികൃഷ്ണന്റെ പേരും ശുപാർശ ചെയ്തതാണ്. എന്നാൽ, കുഞ്ഞികൃഷ്ണന്റെ പേരു മാത്രം സർക്കാർ അംഗീകരിച്ചില്ല. ഫയലിൽ രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ശുപാർശ പുനഃപരിശോധിക്കണമെന്ന് നിയമ മന്ത്രാലയം ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു. എന്നാൽ, പുതിയ കാര്യങ്ങളൊന്നും സർക്കാർ ഉന്നയിച്ചിട്ടില്ലെന്നും ശുപാർശ വീണ്ടും പരിഗണിക്കാനായി നൽകുകയാണെന്നും കൊളീജിയം വ്യക്തമാക്കി. വിജു ഏബ്രഹാമിന്റെ കാര്യത്തിൽ തീരുമാനമെടുക്കും മുൻപ് കൂടുതൽ വിവരങ്ങൾ ശേഖരിക്കണമെന്നാണ് കൊളീജിയത്തിന്റെ നിലപാട്.

കേരളത്തിലേതിനു പുറമേ, മധ്യപ്രദേശ്, കൽക്കട്ട, അലഹബാദ്, ഒറീസ ഹൈക്കോടതികളിലേക്കു പരിഗണിച്ചതിൽ മൊത്തം 8 പേരുകൾ അതാതു ഹൈക്കോടതികളിലേക്കു മടക്കി അയയ്ക്കും. ഹൈക്കോടതി ജഡ്ജിയായി പരിഗണിക്കണമെങ്കിൽ 7 ലക്ഷം രൂപയെങ്കിലും വാർഷിക വരുമാനം വേണമെന്നു വ്യവസ്ഥയുണ്ട്. എന്നാൽ പട്ടിക, ഇതര പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരെയും സർക്കാരിന്റെ സ്റ്റാൻഡിങ് കൗൺസൽമാരെയും പാനൽ അഭിഭാഷകരെയും പരിഗണിക്കുമ്പോൾ ഈ വരുമാന പരിധിയിൽ ന്യായമായ ഇളവുകളാകാമെന്ന് കൊളീജിയം ധാരണയിലെത്തി.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com