ADVERTISEMENT

ദുബായ് ∙ വിദേശത്തു ജോലി തേടുന്ന വനിതകൾ ചൂഷണത്തിന് ഇരയാകുന്നതു തടയാൻ നോർക്ക റൂട്സ് വനിതാ എൻആർഐ സെൽ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പഞ്ചായത്തുകളിൽ എൻആർഐ സഹകരണ സൊസൈറ്റികളും ജില്ലകളിൽ പ്രവാസി പരിഹാര സെല്ലും സ്ഥാപിക്കുമെന്നും ലോക കേരള സഭാ മധ്യപൂർവദേശ സമ്മേളനം ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രി അറിയിച്ചു.

വനിതകളെ സഹായിക്കാൻ വിമാനത്താവളങ്ങളിലും പാസ്പോർട് ഓഫിസുകളിലും പ്രത്യേക സെന്ററുകൾ തുടങ്ങും. യുഎഇയിൽ ആരംഭിച്ച പ്രവാസി ചിട്ടി മാസാവസാനത്തോടെ മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും. വർഷാവസാനം മറ്റു രാജ്യങ്ങളിലും ചിട്ടി തുടങ്ങും. നാട്ടിൽ മടങ്ങിയെത്തുന്നവർക്കു വ്യവസായം തുടങ്ങാൻ ബിസിനിസ് ഫെസിലിറ്റേഷൻ സെന്റർ തുറക്കും. വ്യവസായത്തിന് അപേക്ഷ നൽകി 30 ദിവസത്തിനകം അനുമതി കിട്ടിയിട്ടില്ലെങ്കിൽ 31ാം ദിനം അനുമതി കിട്ടിയതായി കണക്കാക്കാമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.  

pinarayi-vijayan
ദുബായിൽ ലോക കേരള സഭാ മധ്യപൂർവദേശ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. നോർക്ക ഡയറക്ടർ ഡോ.ആസാദ് മൂപ്പൻ, നോർക്ക റസിഡന്റ്സ് വൈസ് ചെയർമാൻ കെ.വരദരാജൻ, പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ടി.കുഞ്ഞുമുഹമ്മദ്, സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, നോർക്ക ഡയറക്ടർ ഡോ.ബി.രവിപിള്ള, കെ.സി ജോസഫ് എംഎൽഎ തുടങ്ങിയവർ സമീപം.

പരിഗണനയിലുള്ള മറ്റു പ്രവാസി പദ്ധതികൾ:

എൻആർഐ കൺസ്ട്രക്‌ഷൻ കമ്പനി, എൻആർഐ ബാങ്ക്, എൻആർഐ ഇൻവെസ്റ്റ്മെന്റ് കമ്പനി, നവകേരള നിർമാണത്തിന്റെ ധന ശേഖരണാർഥം എൻആർഐ ഡയസ്പോറ ബോണ്ട്, വിദേശ ജോലി തേടുന്നവർക്ക് പരിശീലനത്തിന് ഹൈപവർ കമ്മിറ്റി. നൈപുണ്യ വികസന കേന്ദ്രങ്ങൾ, വിദേശ ഭാഷാ പഠനകേന്ദ്രങ്ങൾ. ലോകകേരള സഭാ ഉപസമിതികളുടെ 10 ശുപാർശകൾ അടിസ്ഥാനമാക്കിയാണ് ഈ പദ്ധതികളെല്ലാം.

പ്രവാസി നിക്ഷേപത്തിനു ഡിവിഡൻഡ് നൽകുന്ന പദ്ധതിക്ക് ഉടൻ തുടക്കമാകും. അഞ്ചു ലക്ഷമോ അതിന്റെ ഗുണിതങ്ങളോ ഒരു വർഷത്തേക്കു നിക്ഷേപിച്ചാൽ ആദ്യ വർഷത്തിനു ശേഷം മാസം നിശ്ചിത തുക ഡിവിഡൻഡ് ലഭിക്കുന്ന പദ്ധതിയാണിത്.

നോർക്ക കാർഡ് ഉള്ളവർക്ക് വിമാനനിരക്കിൽ 7% ഇളവ് ലഭിക്കുന്ന പദ്ധതി ഒമാൻ എയർവേയ്സിൽ നടപ്പാക്കുന്നതു പോലെ മറ്റു വിമാനക്കമ്പനികളുമായും ചർച്ച നടക്കുന്നതായും അറിയിച്ചു. പ്രളയ കാലത്ത് കേരളത്തെ സഹായിച്ച പ്രവാസികൾക്ക് നന്ദി പറഞ്ഞ പിണറായി വിജയൻ, ഇനിയും പിന്തുണയേകണമെന്ന് അഭ്യർഥിച്ചു.

സ്പീക്കർ പി.രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ്, കെ.സി. ജോസഫ്, നോർക്ക വൈസ് ചെയർമാൻ എം.എ. യൂസഫലി, ഡയറക്ടർമാരായ ഡോ. ബി.രവിപിള്ള, ഡോ. ആസാദ് മൂപ്പൻ, നോർക്ക റസിഡന്റ്സ് വൈസ് ചെയർമാൻ കെ.വരദരാജൻ തുടങ്ങിയവർ പ്രസംഗിച്ചു.

പ്രളയം: 1 രൂപ പോലും വകമാറ്റില്ല

ദുബായ് ∙ പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായുള്ള വീടു നിർമാണം ഏപ്രിലോടെ പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കുന്ന ഒരു രൂപ പോലും വകമാറ്റി ചെലവഴിക്കില്ല.ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കാവും പണം അയയ്ക്കുന്നതെന്നും അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com