ADVERTISEMENT

കാസർകോട് ∙ പെരിയ ഇരട്ടക്കൊലയിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തുന്നതിനു മണിക്കൂറുകൾക്കു മുൻപേ പ്രാദേശിക നേതാവിനു മേൽ കുറ്റം ചുമത്തി പുറത്താക്കാൻ സിപിഎം കാണിച്ച തിടുക്കം സംശയത്തിൽ. ലോക്കൽ കമ്മിറ്റി അംഗം എ. പീതാംബരന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയതു വൈകിട്ട് ആറോടെ. എന്നാൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തതിനു പിന്നാലെ പീതാംബരനെ കുറ്റവാളിയെന്നു വിധിച്ചു സിപിഎം നേതാക്കൾ പ്രസ്താവനയിറക്കി. ഉച്ചയോടെ പാർട്ടിയിൽനിന്നു പുറത്താക്കുകയും ചെയ്തു. പ്രാദേശിക പ്രവർത്തകരിലേക്കു മാത്രം കേസ് ഒതുക്കാനുള്ള നീക്കം ഈ തിടുക്കത്തിനു പിന്നിലുണ്ടോ എന്ന സംശയമാണ് ഉയരുന്നത്.

പാർട്ടിക്കു പങ്കില്ലെന്നായിരുന്നു കൊലപാതകത്തിനുശേഷം സംസ്ഥാന സെക്രട്ടറിയടക്കമുള്ള നേതാക്കളുടെ ആദ്യ പ്രതികരണം. കൊല്ലപ്പെട്ടവരോടു സിപിഎം പ്രാദേശിക നേതാക്കൾക്കു വൈരാഗ്യമുണ്ടായിരുന്നുവെന്നു പ്രഥമ വിവരറിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കിയതോടെ, പ്രാദേശികവും വ്യക്തിപരവുമായ കാരണങ്ങളാലുണ്ടായ കൊലപാതകം എന്നു പാർട്ടി നിലപാടെടുത്തു. ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെയാണു പീതാംബരനെയും കൂട്ടരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയാക്കും മുൻപേ പീതാംബരൻ കുറ്റക്കാരനാണെന്നു നേതൃത്വം പരസ്യ നിലപാടെടുത്തു.

പൊലീസ് കസ്റ്റഡിയിലെടുത്തയാളെ പുറത്താക്കാ‍ൻ നിർദേശം നൽകിയിട്ടുണ്ടെന്നാണു രാവിലെ 9.30നു കൊല്ലത്തെ വാർത്താ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചത്. പീതാംബരനും കൂട്ടരും ചെയ്തതിന്റെ ഉത്തരവാദിത്തം പാർട്ടിക്ക് ഏറ്റെടുക്കാനാകില്ലെന്നു സിപിഎമ്മിന്റെ കാസർകോട്ടെ മുതിർന്ന നേതാവ് പ്രതികരിച്ചതു രാവിലെ 11ന്.

പീതാംബരനെ പുറത്താക്കിയതായി ജില്ലാ സെക്രട്ടറി അറിയിച്ചത് ഉച്ചയ്ക്ക് ഒന്നിന്. എന്നാൽ ആ സമയത്തൊന്നും പീതാംബരൻ പ്രതിയെന്നു പൊലീസ് സ്ഥിരീകരിച്ചിരുന്നില്ല. ആറോടെ മാത്രമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അന്വേഷിച്ചതു പൊലീസോ പാർട്ടിയോ?

അറസ്റ്റിനും പൊലീസ് സ്ഥിരീകരണത്തിനും ഏതാണ്ട് 8 മണിക്കൂർ മുൻപു തന്നെ പീതാംബരനെതിരെ പാർട്ടി നടപടിക്കു നിർദേശം നൽകിയത് എന്തു വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നതിലാണു ദുരൂഹത. ഷുഹൈബ് കേസിൽ 4 പേരെ പുറത്താക്കിയത് അറസ്റ്റ് നടന്നു മൂന്നാഴ്ചയ്ക്കു ശേഷം പാർട്ടി അന്വേഷണത്തത്തുടർന്നാണ്.

പെരിയ കേസിൽ പ്രാദേശിക നേതാക്കളിൽ അന്വേഷണം അവസാനിക്കണമെന്നു പാർട്ടിയിൽനിന്നു പൊലീസിനുള്ള സൂചനയായാണു നേതൃത്വത്തിന്റെ അമിത തിടുക്കം വ്യാഖ്യാനിക്കപ്പെടുന്നത്. പീതാംബരൻ കൊന്നിട്ടുണ്ടെങ്കിൽ പാർട്ടിക്കു വേണ്ടിയായിരിക്കാമെന്ന കുടുംബത്തിന്റെ പ്രതികരണവും ഇതിനോടു കൂട്ടി വായിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com