ADVERTISEMENT

കാസർകോട് ∙ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്‍ലാൽ എന്നിവരെ കൊലപ്പെടുത്താൻ ഉപയോഗിച്ചതെന്നു കരുതുന്ന 2 വാളുകൾ കൂടി അന്വേഷണ സംഘം കണ്ടെടുത്തു. കൊലപാതകം നടത്തി മടങ്ങുമ്പോൾ ഉപേക്ഷിച്ച വാളുകളാണു പ്രതികളെയും കൊണ്ടുള്ള തെളിവെടുപ്പിൽ കണ്ടെത്തിയത്. ഒരു വാളിൽ രക്തക്കറയുണ്ട്. പ്രതികൾ ഒളിവിൽ കഴിഞ്ഞ തെങ്ങിൻതോട്ടത്തിൽ നിന്ന് ചുവന്ന ഷർട്ടും കണ്ടെടുത്തു. മൂന്നാം പ്രതി കെ.എം.സുരേഷ് ധരിച്ച ഷർട്ടാണിത്.

മറ്റു പ്രതികൾ ധരിച്ചിരുന്ന, ചോരപുരണ്ട വസ്ത്രങ്ങൾ സമീപത്തു കൂട്ടിയിട്ടു കത്തിച്ച നിലയിലാണ്. കൊലയാളി സംഘത്തിലെ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്നാണ് പ്രതികളുടെ മൊഴിയിൽ നിന്നു ലഭിക്കുന്ന വിവരം. തെളിവുനശിപ്പിച്ചവരും പ്രതികളെ സഹായിച്ചവരും ഉൾപ്പെടെ ഏതാനും പേരും പിടിയിലാകാനുണ്ട്. കൊലപാതകത്തിനു ശേഷം സംഘം പാക്കം വെളുത്തോളിയിലെ ആൾതാമസമില്ലാത്ത വീട്ടിലെത്തി കുളിക്കുകയും പരിസരത്ത് ഒളിവിൽ താമസിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. അന്വേഷണച്ചുമതല 2 ദിവസത്തിനുള്ളിൽ ക്രൈംബ്രാഞ്ച് ഏറ്റെടുക്കും.

periya-murder-culprits
കല്യോട്ട് ഇരട്ടക്കൊലപാതക കേസിൽ അറസ്റ്റിലായ എ.അശ്വിൻ, കെ.എം.സുരേഷ്, ആർ.ശ്രീരാഗ്, കെ.അനിൽകുമാർ, ജി.ഗിജിൻ എന്നിവർ കാഞ്ഞങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി വരാന്തയിൽ. ചിത്രം : മനോരമ

പിന്മാറ്റം പാർട്ടി പങ്ക് ബോധ്യപ്പെട്ടതിനാൽ: കൃപേഷിന്റെ അച്ഛൻ

കൊലപാതകത്തിൽ പാർട്ടി നേതൃത്വത്തിന്റെ പങ്ക് ബോധ്യപ്പെട്ടതിനാലാണ് മുഖ്യമന്ത്രി പിണറായി വിജയൻ വീട് സന്ദർശിക്കാതിരുന്നതെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛൻ പി.വി. കൃഷ്ണൻ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ സന്ദർശനത്തെ കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം നേരത്തേ സ്വാഗതം ചെയ്തിരുന്നു.

സന്ദർശനം റദ്ദാക്കി മുഖ്യമന്ത്രി; കോൺഗ്രസിനെതിരെ ആരോപണം

കാഞ്ഞങ്ങാട് ∙ കൊല്ലപ്പെട്ട യൂത്ത് കോൺ‍ഗ്രസ് പ്രവർത്തകരുടെ വീടുകൾ സന്ദർശിക്കാനുള്ള തീരുമാനത്തിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അവസാന നിമിഷം പിന്മാറി. കാരണം ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടാണെന്ന് സിപിഎം ആരോപിച്ചു. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫിസോ സിപിഎം ജില്ലാ നേതൃത്വമോ ഇങ്ങനെ ഒരു ആവശ്യവുമായി സമീപിച്ചിട്ടില്ലെന്ന് ഡിസിസി വ്യക്തമാക്കി.

സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിന്റെ ശിലാസ്ഥാപനത്തിനാണ് മുഖ്യമന്ത്രി ഇന്നലെ കാസർകോട്ടെത്തിയത്. കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കാൻ കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട് ആരാഞ്ഞു. മുഖ്യമന്ത്രിക്ക് വീട് സന്ദർശിക്കാനും കോൺഗ്രസ് പ്രവർത്തകർക്ക് പ്രതിഷേധിക്കാനും അവകാശമുണ്ടെന്ന മറുപടിയാണു ലഭിച്ചത്. ഒടുവിൽ സന്ദർശനം ഒഴിവാക്കി – ഇതാണ് സിപിഎം പറയുന്നത്. ഈ ആവശ്യവുമായി കോൺഗ്രസിനെ ആരും സമീപിച്ചിട്ടില്ലെന്ന് ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com