മിസൈലാക്രമണത്തിന്റെ അണിയറയിൽ അമരക്കാരൻ മലയാളി

എയർ മാർഷൽ സി. ഹരികുമാർ
സി. ഹരികുമാർ
SHARE

ന്യൂഡൽഹി ∙ പാക്കിസ്ഥാനിൽ ഇന്ത്യ നടത്തിയ മിസൈലാക്രമണത്തിനു ചുക്കാൻ പിടച്ചത് മലയാളി ഉദ്യോഗസ്ഥൻ. ചെങ്ങന്നൂർ പാണ്ടനാട് വന്മഴിയിൽ കുടുംബാംഗമായ എയർ മാർഷൽ സി. ഹരികുമാർ (എയർ ഓഫിസർ കമാൻഡിങ് ഇൻ ചീഫ്) നേതൃത്വം നൽകുന്ന പടിഞ്ഞാറൻ വ്യോമ കമാൻഡ് ആണ് ആക്രമണത്തിന്റെ സമഗ്ര പദ്ധതി തയാറാക്കിയത്. ഡൽഹി ആസ്ഥാനമായുള്ള കമാൻഡിനാണു പാക്കിസ്ഥാനുമായുള്ള പടിഞ്ഞാറൻ അതിർത്തിയിലെ വ്യോമസുരക്ഷാ ചുമതല.

തിരിച്ചടിക്കു കേന്ദ്രസർക്കാർ പൂർണ പിന്തുണ അറിയിച്ചതിനു പിന്നാലെ ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇതിനായി ഒരുക്കം ആരംഭിച്ചിരുന്നു. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ബി.എസ്. ധനോവയുമായി നടത്തിയ ചർച്ചകൾക്കു ശേഷമാണ് സൂക്ഷ്മ മിസൈലാക്രമണം നടത്താൻ കെൽപുള്ള സ്ട്രൈക്ക് പൈലറ്റുമാരെ നിയോഗിച്ചത്. ഇതിനിടെ, വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്ക്, ചൈന അതിർത്തികളിൽ ഇന്ത്യൻ സേന പടയൊരുക്കം ശക്തമാക്കി.

പാക്കിസ്ഥാനു പിന്തുണയുമായി വടക്ക്, കിഴക്കൻ അതിർത്തികളിൽ ചൈനയും വെല്ലുവിളിയുയർത്തിയേക്കുമെന്ന കണക്കുകൂട്ടലിൽ ദ്വിമുഖ ആക്രമണം നേരിടുന്നതിനുള്ള ഒരുക്കമാണ് ഇന്ത്യ നടത്തുന്നത്. ചൈനീസ് ആക്രമണമുണ്ടായാൽ ഇന്ത്യയുടെ വ്യോമ പ്രത്യാക്രമണത്തിനു മേഘാലയയിലെ ഷില്ലോങ് ആസ്ഥാനമായുള്ള കിഴക്കൻ വ്യോമസേനാ കമാൻഡ് നേതൃത്വം നൽകും.

കണ്ണൂർ കാടാച്ചിറ സ്വദേശി എയർ മാർഷൽ രഘുനാഥ് നമ്പ്യാർ നേതൃത്വം നൽകുന്ന കിഴക്കൻ കമാൻഡിനാണ് ചൈന, ഭൂട്ടാൻ, നേപ്പാൾ, മ്യാൻമർ, ബംഗ്ലദേശ് എന്നിവയുമായുള്ള 6300 കിലോമീറ്റർ അതിർത്തിയുടെ വ്യോമസുരക്ഷാ ചുമതല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA