ADVERTISEMENT

തിരുവനന്തപുരം ∙ ലക്ഷക്കണക്കിന് ഉദ്യോഗാർഥികളുടെ പ്രതീക്ഷയായ സർവകലാശാലാ അസിസ്റ്റന്റ്, പൊതുമേഖലാ സ്ഥാപനങ്ങളിലെ അസിസ്റ്റന്റ്, ലാസ്റ്റ് ഗ്രേഡ് എന്നീ തസ്തികകളിലെ നിയമനം പിഎസ്‌സിയിൽ നിന്നെടുത്തു ബാഹ്യ എജൻസിക്കു നൽകാൻ രഹസ്യ നീക്കം. വകുപ്പുതല പരീക്ഷകൾ, ഡിപിസി (ഡിപ്പാർട്മെന്റൽ പ്രമോഷൻ കമ്മിറ്റി) നിയമനങ്ങൾ എന്നിവയും മാറ്റാൻ നീക്കമുണ്ട്.

കഴിഞ്ഞമാസം 27നു ഭരണപരിഷ്കാര കമ്മിഷൻ മെംബർ സെക്രട്ടറി ഷീല തോമസ് പിഎസ്‌സിയിലെത്തി ചെയർമാനും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. നീക്കം പിഎസ്‌സിയുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാകുമെന്ന് ഉദ്യോഗസ്ഥർ അപ്പോൾത്തന്നെ ചൂണ്ടിക്കാട്ടിയെങ്കിലും അധികൃതർ നടപടികളുമായി മുന്നോട്ടുപോകുകയാണ്. 

നിയമനച്ചുമതല ബാഹ്യ ഏജൻസിയെ ഏൽപിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി സുപ്രധാന തസ്തികകളിലെ റാങ്ക് ലിസ്റ്റുകൾ വൈകിക്കാനും ശ്രമമുണ്ട്. സർവകലാശാല അസിസ്റ്റന്റ് നിയമനത്തിനു വിജ്ഞാപനം പ്രസിദ്ധീകരിച്ച് 3 മാസം കഴിഞ്ഞിട്ടും നടപടികൾ തുടങ്ങിയിടത്തുതന്നെ. കഴിഞ്ഞ തവണ വെറും 5 മാസം കൊണ്ടാണു പൂർത്തിയാക്കിയത്. 

നിലവിലുള്ള ലിസ്റ്റിന്റെ കാലാവധി ഓഗസ്റ്റ് 9നു തീർന്നാൽ, പിറ്റേന്നു പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കുക ഇപ്പോഴത്തെ സാഹചര്യത്തിൽ അസാധ്യം. കമ്പനി / കോർപറേഷൻ / ബോർഡ് അസിസ്റ്റന്റ്, ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തസ്തികകളിൽ മുൻ റാങ്ക്‌ ലിസ്റ്റ് റദ്ദായി ഒരു വർഷത്തിലധികമായെങ്കിലും പുതിയ ലിസ്റ്റ് ആയിട്ടില്ല.

ഒഎംആർ പരീക്ഷകൾ ഓൺലൈനിലേക്കു മാറ്റിയതോടെ വർഷത്തിൽ രണ്ടുതവണ കൃത്യമായി നടത്തിയിരുന്ന വകുപ്പുതല പരീക്ഷകളും അലങ്കോലമായി. ഓൺലൈൻ പരീക്ഷ തുടങ്ങി രണ്ടാം ദിവസംതന്നെ ചോദ്യക്കടലാസ് മാറിയത് ഈയിടെ വിവാദമായിരുന്നു. 

കായികക്ഷമതാ പരീക്ഷ: നീക്കം ഇപ്പോഴും സജീവം 

പൊലീസ്, എക്സൈസ് തുടങ്ങിയ യൂണിഫോം സേനകളുടെ കായികക്ഷമതാ പരീക്ഷ പുറംകരാർ നൽകാനുള്ള പിഎസ്‌സി നീക്കം മുൻപു വൻ വിവാദമായിരുന്നു. തുടർന്ന് പരീക്ഷകൾ പിഎസ്‌സി തന്നെ നടത്തുമെന്നു ചെയർമാൻ വ്യക്തമാക്കിയെങ്കിലും ചുമതല സ്പോർട്സ് കൗൺസിലിനു കൈമാറാൻ ഇപ്പോഴും അണിയറനീക്കം സജീവമാണ്. ഒരു പിഎസ്‌സി അംഗമാണ് ഇതിനു പിന്നിലെന്നാണു സൂചന. സിവിൽ പൊലീസ് ഓഫിസർ കായികക്ഷമതാ പരീക്ഷ കഴിഞ്ഞ സെപ്റ്റംബർ–നവംബർ കാലത്തു നടത്തുമെന്നാണു വിജ്ഞാപനത്തിൽ പറഞ്ഞിരുന്നതെങ്കിലും ഇതുവരെ ചുരുക്കപ്പട്ടിക പോലുമായിട്ടില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com