ADVERTISEMENT

തിരുവനന്തപുരം ∙ ‘ഇങ്ങനെയാണു കാര്യങ്ങളെങ്കിൽ സ്ത്രീകൾക്കായി മറ്റൊരു കമ്യൂണിസ്റ്റ് പാർട്ടി ഉണ്ടാക്കേണ്ടിവരും.’–  സ്ഥാനാർഥിപ്പട്ടികയിൽ ഒരു വനിത പോലുമില്ലെന്നു കണ്ടപ്പോൾ സിപിഐ യോഗത്തിൽ പ്രമുഖയായ ഒരു വനിതാ നേതാവ് രോഷം കൊണ്ടതിങ്ങനെ. 

വനിതാമതിൽ തീർക്കാൻ സിപിഎമ്മിനൊപ്പം മതിലിനെക്കാൾ വാശിയിൽ ഉറച്ചുനിന്നതാണു സിപിഐ. സ്ത്രീസമത്വവാദങ്ങൾ ഉയർത്തുന്നതിലും പഞ്ഞമുണ്ടായില്ല. വനിതാ സ്ഥാനാർഥികളുറപ്പെന്ന വാഗ്ദാനങ്ങൾ നേതാക്കളെല്ലാം ആവർത്തിച്ചുവെങ്കിലും കാര്യത്തിലേക്കു കടന്നപ്പോൾ അതെല്ലാം മറന്നു. 4 സീറ്റിലും പുരുഷ സ്ഥാനാർഥികൾ. 

സിപിഐ സംസ്ഥാന കൗൺസിലിനെ കുറ്റം പറഞ്ഞിട്ടെന്തുകാര്യമെന്നും ചോദിക്കാം. അവർക്ക് ഓരോ മണ്ഡലത്തിലും ഓരോ സ്ഥാനാർഥികളെ നിശ്ചയിക്കാനേ കഴിയുകയുള്ളൂവെങ്കിൽ ജില്ലാ കൗൺസിലുകൾക്കു 3 പേരുടെ പാനൽ നിർദേശിക്കാമായിരുന്നു. അങ്ങനെ 8 ജില്ലകൾ 3 പേരെ വീതം നിർദേശിച്ചപ്പോൾ അതിൽപ്പോലും ഒരു സ്ത്രീ ഇടം കണ്ടില്ല. ജില്ലകളിൽ നിന്നു പേരു വരാഞ്ഞതുകൊണ്ടാണ് സ്ത്രീകളെ പരിഗണിക്കാനാകാഞ്ഞതെന്നു പറഞ്ഞു കൈകഴുകൽ നേതൃത്വത്തിന് എളുപ്പമായി. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു സമയത്ത് ആകെ വോട്ടർമാരുടെ 51.92% സ്ത്രീകളായിരുന്നു കേരളത്തിൽ. 91 സീറ്റു നേടി ഇടതുമുന്നണിയെ അധികാരത്തിലെത്തിക്കുന്നതിൽ അവർ നല്ല പങ്കു വഹിച്ചുവെന്നതു വ്യക്തം. പക്ഷേ, തൊട്ടടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ആദ്യം സ്ഥാനാർഥികളെ നിശ്ചയിച്ച സിപിഐ അവരെ ‘ഭംഗിയായി’ തഴഞ്ഞു. ആനിരാജയുടെയും കെ.പി. വസന്തത്തിന്റയും കെ. ദേവകിയുടെമെല്ലാം പേരുകൾ അന്തരീക്ഷത്തിൽ ഉയർന്നുവെങ്കിലും അതൊന്നും ഒരു പാർട്ടി ഫോറത്തിലും വെളിച്ചം കണ്ടില്ല. 2014 ലും പാർട്ടിക്കു വനിതാ സ്ഥാനാർഥികളുണ്ടായിരുന്നില്ലല്ലോ എന്നതാണു സിപിഐ നേതാക്കളുടെ ന്യായം. 

സിപിഎം എന്തായാലും അതേപാത പിന്തുടർന്നില്ല. പതിനാറിൽ 2 സീറ്റ് സ്ത്രീകൾക്കു നൽകാനുള്ള ഔദാര്യം കാട്ടി. പക്ഷേ, 2014 ലും 2019 ലും സീറ്റ് 2 പേർക്കു മാത്രം. കേരളീയ പൊതുസമൂഹത്തിലുയരുന്ന സ്ത്രീശാക്തീകരണ മുദ്രാവാക്യങ്ങളുടെ പ്രതിഫലനം സ്ഥാനാർഥിപ്പട്ടികയിലുമുണ്ടാകുമെന്നും കൂടുതൽ വനികൾ വരുമെന്നുമുള്ള മുൻപ്രഖ്യാപനം നേതൃത്വം സൗകര്യപൂർവം വിസ്മരിച്ചു. സിറ്റിങ് എംപി പി.കെ ശ്രീമതിയും സിറ്റിങ് എംഎൽഎ വീണാ ജോർജിലും സ്ത്രീപ്രാതിനിധ്യമൊതുങ്ങി.  

ഇനി കോൺഗ്രസിന്റെയും ബിജെപിയുടെയും ഊഴം. കഴിഞ്ഞ തവണ 2 ലോക്സഭാ സീറ്റ് വീതം ഇരുപാർട്ടികളും  സ്ത്രീകൾക്കായി നീക്കിവച്ചിരുന്നു. 

ഇത്തവണ കോൺഗ്രസിൽ ഷാനിമോൾ ഉസ്മാൻ, കെ.എ. തുളസി, ജെബി മേത്തർ, സ്വപ്ന പട്രോണിസ് തുടങ്ങി വനിതകളുടെ പേരുകൾ അന്തരീക്ഷത്തിലുണ്ട്. ശോഭാ സുരേന്ദ്രനെ കൂടാതെ മറ്റാരെയെങ്കിലും ബിജെപി പരിഗണിക്കുമോയെന്നതു കണ്ടറിയേണ്ട കാര്യം. 

പകുതിയിൽ കൂടുതൽ സ്ത്രീവോട്ടർമാരുള്ള കേരളത്തിൽ പൊതുവിൽ 10 ശതമാനത്തിൽ താഴെ സ്ത്രീപ്രാതിനിധ്യമാണു നിയമസഭയിലുണ്ടാകുന്നത്. കഴിഞ്ഞ 5 മന്ത്രിസഭകളിലും പേരിന് ഓരോ വനിതകൾക്കാണ് ഇടം ലഭിച്ചതെങ്കിൽ പിണറായി മന്ത്രിസഭയിൽ അതു രണ്ടായി എന്നതാണു സമീപകാലത്തുണ്ടായ പ്രത്യാശയുയർത്തിയ ഏകമാറ്റം.

കേരളത്തിൽ നിന്നുള്ള വനിതാ എംപിമാർ

8 ലോക്സഭ അംഗങ്ങൾ

ആനി മസ്ക്രീൻ* – സ്വതന്ത്ര (തിരുവനന്തപുരം– 1952–56)

∙ സുശീല ഗോപാലൻ – സിപിഎം (അമ്പലപ്പുഴ– 1967–71, ആലപ്പുഴ – 1980–84, ചിറയിൻകീഴ് –1991–96)

∙ കെ.ഭാർഗവി തങ്കപ്പൻ – സിപിഐ (അടൂർ–1971–77)

∙ സാവിത്രി ലക്ഷ്മണൻ – കോൺഗ്രസ് (1989–91,1991–96)

∙ എ.കെ.പ്രേമജം – സിപിഎം (വടകര – 1998–99, 1999–04)

∙ പി.സതീദേവി – സിപിഎം (വടകര–2004–09)

∙ സി.എസ്.സുജാത– സിപിഎം (മാവേലിക്കര–2004–09)

∙ പി.കെ.ശ്രീമതി– സിപിഎം (കണ്ണൂർ–2014–19

4 രാജ്യസഭ അംഗങ്ങൾ

∙ കെ.ഭാരതി ഉദയഭാനു (കോൺഗ്രസ്) – 1954–58, 1958–64

∙ ദേവകി ഗോപീദാസ് (കോൺഗ്രസ്) – 1962–68

∙ ലീലാ ദാമോദര മേനോൻ (കോൺഗ്രസ്) – 1974–80

∙ ഡോ.ടി.എൻ. സീമ (സിപിഎം) – 2010–16

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com