ADVERTISEMENT

കൊല്ലം∙ തിരത്താളം പശ്ചാത്തലമൊരുക്കിയ മണ്ണിൽ നിന്നു കേരളത്തിലെ നവോത്ഥാന നായകരുടെ മുൻനിരയിലേക്കുയർന്ന ഡോ. വി.വി. വേലുക്കുട്ടി അരയന്റെ കർമധാരകൾ പരതുമ്പോൾ കടലോളം ആഴവും പരപ്പും. അരയ സമൂഹത്തിന്റെ മാത്രമല്ല, അധഃസ്ഥിത വിഭാഗത്തിന്റെയാകെ ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ബഹുമുഖ പ്രതിഭയുടെ ഓർമകൾക്കും സുവർണ ജൂബിലി. 

കരുനാഗപ്പള്ളി താലൂക്കിലെ തീരദേശ ഗ്രാമമായ ആലപ്പാട് അരയനാണ്ടിവിളാകത്ത് പണ്ഡിതനും വൈദ്യനുമായിരുന്ന വേലായുധൻ വൈദ്യന്റെയും വെളുത്ത കുഞ്ഞമ്മയുടെയും മകനായി 1894 മാർച്ച് 11 നു ജനനം. പൊതുപ്രവർത്തനം ആരംഭിക്കുന്നത് 14–ാം വയസ്സിലാണ്– ജന്മഗ്രാമത്തിലെ ചെറിയഴീക്കലിൽ സ്ഥാപിച്ച ‘വിജ്ഞാന സന്ദായിനി’ ഗ്രന്ഥശാലയിലൂടെ. 1916 ൽ ചെറിയഴീക്കൽ ആസ്ഥാനമായി അരയവംശ പരിപാലന യോഗം രൂപീകരിച്ചു. 

ജാതി ഭ്രഷ്ടിനോടുള്ള ശക്തമായ പ്രതിഷേധം രേഖപ്പെടുത്താൻ സ്വസമുദായത്തിന്റെ പേര് സ്വന്തം പേരിനൊപ്പം ചേർക്കുക മാത്രമല്ല, വേലുക്കുട്ടി അരയൻ ചെയ്തത്. അതേ പേരിൽ പത്രം പുറത്തിറക്കുക തന്നെ ചെയ്തു– 1917 ൽ ചെറിയഴീക്കലിൽ നിന്നു ആരംഭിച്ച ‘അരയൻ’ പത്രം. കേരളത്തിലെ ആദ്യ വനിതാ മാസികകളിലൊന്ന് എന്നു വിശേഷിപ്പിക്കപ്പെടുന്ന അരയ സ്ത്രീജന മാസിക, മലയാളത്തിലെ ആദ്യത്തെ സിനിമാ മാസികകളിലൊന്നായ ഫിലിം ഫാൻ, ഇംഗ്ലിഷിലും മലയാളത്തിലും പ്രസിദ്ധീകരിച്ച ഫിഷറീസ് മാഗസിൻ, ധർമപോഷിണി, സമാധാനം, കലാകേരളം, തീരദേശം, രാജ്യാഭിമാനി, ചിരി, തുടങ്ങി എത്രയോ പ്രസിദ്ധീകരണങ്ങൾ അദ്ദേഹത്തിന്റെ പത്രാധിപത്യത്തിൽ പുറത്തിറങ്ങി. 

തിരുവനന്തപുരം മഹാരാജാസ് കോളജിൽ നടന്ന വിദ്യാർഥിസമരത്തെ കുതിരപ്പട്ടാളത്തെ ഉപയോഗിച്ച് അടിച്ചമർത്താനുള്ള ശ്രമത്തിൽ പ്രതിഷേധിച്ച് രാജാവിനെയും ദിവാനെയും ബ്രിട്ടിഷ് ഭരണത്തെയും വിമർശിച്ചു വേലുക്കുട്ടി അരയൻ എഴുതിയ മുഖപ്രസംഗത്തെത്തുടർന്ന് 1921 ൽ അരയൻ പത്രം കണ്ടുകെട്ടി. 1938 ൽ ദിവാൻ ഭരണത്തെ ചോദ്യം ചെയ്തുവെന്ന പേരിൽ വീണ്ടും പ്രസ് കണ്ടുകെട്ടി. വേലുക്കുട്ടി അരയനെ അറസ്റ്റ് ചെയ്തു. 

1924 ൽ എസ്എൻഡിപി യോഗം മുൻകയ്യെടുത്തു രൂപീകരിച്ച അവർണ ഹിന്ദുമഹാസഭയുടെ ജനറൽ സെക്രട്ടറിയായി ഐകകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ടു. അധ്യക്ഷൻ ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായിരുന്ന സുഗുണാനന്ദ ഗിരി. 1920 ൽ കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ പ്രസ്ഥാനമായ തിരുവിതാംകൂർ രാഷ്ട്രീയ മഹാസഭയ്ക്കു നേതൃത്വം നൽകിയതും വേലുക്കുട്ടി തന്നെ. വിവിധ ട്രേഡ് യൂണിയനുകൾക്കും നേതൃത്വം നൽകി. 1948 ലെ പൊതുതിരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളിയിൽനിന്നു കമ്യൂണിസ്റ്റ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും ചുരുക്കം വോട്ടുകൾക്കു തോറ്റു. 

1969 ൽ 75 -ാം വയസ്സിൽ അന്തരിച്ച വേലുക്കുട്ടി അരയന്റെ ഓർമകൾ തീരദേശത്ത് ഇന്നും തിരമാല പോലെ സജീവം- ഒരു സ്മാരകമോ പ്രതിമയോ തീർക്കാൻ സർക്കാരോ അധികൃതരോ തുനിഞ്ഞിട്ടില്ലെങ്കിലും. 

‘ആഴം കൂട്ടി കടൽക്ഷോഭം ചെറുക്കാം’ 

കടൽ കുഴിച്ചു തിരക്കുഴിയിൽ നിന്നു മണ്ണെടുക്കുമ്പോൾ കടലിന് ആഴം കൂടും. തിര ശാന്തമാകും. സൂര്യാതപം കൊണ്ട് വെള്ളം ചൂടായി മത്സ്യത്താവളമാകും. കടലാക്രമണം തടയാൻ കോടികൾ ചെലവഴിച്ചു കടൽഭിത്തി കെട്ടുന്നതിനു പകരം പ്രകൃതിയുമായി യോജിച്ച ഈ സംവിധാനം മുന്നോട്ടു വച്ചതു വേലുക്കുട്ടി അരയനായിരുന്നു. 1952 ൽ അദ്ദേഹം തയാറാക്കി സർക്കാരിനു സമർപ്പിച്ച ‘ലാൻഡ് റിക്ലമേഷൻ സ്കീം’ ഇപ്പോൾ എവിടെയോ പൊടിപിടിച്ചു കിടക്കുന്നുണ്ടാകാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com