ADVERTISEMENT

തിരുവനന്തപുരം / കണ്ണൂർ ∙ 8 വർഷം – പി. ജയരാജന് അതു രാജ്യത്തെ തന്നെ ഏറ്റവും ശക്തമായ സിപിഎം ജില്ലാ ഘടകത്തിന്റെ അമരക്കാരനായിരുന്നതിന്റെ സുഖകരമായ അനുഭവമെങ്കിൽ, പി. ശശിക്ക് ആരോപണത്തിന്റെയും അവഗണനയുടെയും പേരിൽ പുറത്തു നിൽക്കേണ്ടിവന്ന കയ്പുള്ള അനുഭവമാണ്. ശശിയെ പുറത്താക്കിയപ്പോൾ പകരക്കാരനായി 8 വർഷം മുൻപാണു പി. ജയരാജൻ ജില്ലാ സെക്രട്ടറിയായത്. കഴിഞ്ഞദിവസം ജയരാജൻ സെക്രട്ടറി സ്ഥാനമൊഴിഞ്ഞ യോഗത്തിൽ തന്നെ ജില്ലാ കമ്മിറ്റിയിലേക്കു പി. ശശിയുടെ കടന്നുവരവ് നാടകീയം. പുതിയ സെക്രട്ടറി എം.വി. ജയരാജനും പി. ശശിയും ജില്ലയിൽ സിപിഎമ്മിലെ പുതിയ അധികാര കേന്ദ്രങ്ങളായി മാറുമ്പോൾ വടകരയിൽ പി. ജയരാജനു വിജയം അനിവാര്യം. പരാജയം രുചിച്ചാൽ, സംഘടനയിലുണ്ടായിരുന്ന പ്രതാപം തിരികെക്കിട്ടില്ല എന്നതു തന്നെ കാരണം.

ജില്ലാ സെക്രട്ടറി പദത്തിൽ നിന്നു പി. ജയരാജനെ ഒഴിവാക്കുന്നതിന്റെ കൂടി ഭാഗമാണു വടകരയിലെ സ്ഥാനാർഥിത്വമെന്നു പുതിയ സ്ഥിരം സെക്രട്ടറിയെ നിയമിച്ചതിൽ നിന്നു വ്യക്തമായി. ഒന്നര വർഷത്തോളം കാലാവധി ബാക്കിയുള്ള പി. ജയരാജനു പകരം, പൂർണ ചുമതല നൽകി പുതിയ സെക്രട്ടറിയെ നിയമിച്ചതു ചില ചോദ്യങ്ങളുയർത്തുന്നുണ്ട്. ജില്ലാ സെക്രട്ടറി മത്സരിക്കുന്ന സാഹചര്യത്തിലാണു പുതിയ സെക്രട്ടറിയെ കണ്ടെത്തിയതെന്നാണു പാർട്ടിയുടെ ഭാഷ്യം. എന്നാൽ, ഇതേ നിലപാടല്ല മറ്റിടങ്ങളിൽ സ്വീകരിച്ചത്. ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ സ്ഥാനാർഥിയായ കോട്ടയത്ത് പുതിയ സെക്രട്ടറിയെ നിയമിക്കുകയല്ല, എ.വി. റസലിനു സെക്രട്ടറിയുടെ താൽക്കാലിക ചുമതല നൽകുകയാണു ചെയ്തത്.

ജയരാജൻ മത്സരിക്കുന്ന വടകര മണ്ഡലം കോഴിക്കോട് ജില്ലയുമായി ബന്ധപ്പെട്ടു കിടക്കുന്നതുകൊണ്ടും ലോക്സഭാ തിരഞ്ഞെടുപ്പിനായി മുഴുവൻ സമയ സെക്രട്ടറിയെ വേണമെന്നുള്ളതുകൊണ്ടുമാണു കണ്ണൂരിൽ മാറ്റമെന്നു നേതൃത്വം വിശദീകരിക്കുന്നു. എന്നാൽ, ഒന്നര വർഷത്തിലേറെ കാലാവധി ബാക്കിയുള്ള ജയരാജനു തിരഞ്ഞെടുപ്പു പ്രവർത്തനത്തിനായി രണ്ടര മാസത്തോളം മാത്രമാണു ചെലവഴിക്കേണ്ടി വരിക. അതു നേതൃത്വം കണക്കിലെടുത്തില്ല.

ജില്ലാ സെക്രട്ടറിയുടെ കാലാവധി സംബന്ധിച്ച സിപിഎം മാനദണ്ഡങ്ങളിൽ ഇളവുനേടിയാണ് പി. ജയരാജൻ കഴിഞ്ഞ സമ്മേളനത്തിൽ മൂന്നാംവട്ടം ജില്ലാസെക്രട്ടിറായയത്. ആ സമ്മേളന കാലത്തുതന്നെ അദ്ദേഹത്തെ മാറ്റാൻ ആലോചിച്ചെങ്കിലും ഉചിതമായ അവസരത്തിൽ മതിയെന്ന ധാരണയാണുണ്ടായത്. വടകരയിലെ സ്ഥാനാർഥിത്വം അങ്ങനെ ഒരവസരമായി സിപിഎം കരുതുന്നു. വ്യക്തിപൂജാ വിവാദം, പയ്യന്നൂർ പൊലീസ് സ്റ്റേഷൻ ഉപരോധത്തിനിടെ സ്റ്റേഷൻ വരാന്തയിൽ നടത്തിയ പ്രസംഗം എന്നിവ കൊണ്ടു സംസ്ഥാന നേതൃത്വത്തിൽ ഒരു വിഭാഗത്തിന്റെ കടുത്ത വിമർശനം ഏറ്റുവാങ്ങിയിരുന്നു പി. ജയരാജൻ. എം.വി. ജയരാജനെ അവരോധിക്കാനും സംസ്ഥാന നേതൃത്വത്തിനു പ്രിയങ്കരനായ പി. ശശിയെ തിരികെ ജില്ലാ കമ്മിറ്റിയിലെത്തിക്കാനുമുള്ള തിടുക്കം പി. ജയരാജന്റെ സ്ഥാനചലനത്തിന് ആക്കം കൂട്ടി.

എം.വി. ജയരാജൻ ഒഴിഞ്ഞു; മുഖ്യമന്ത്രിക്ക് പുതിയ പ്രൈവറ്റ് സെക്രട്ടറി വരും

തിരുവനന്തപുരം ∙ എം.വി. ജയരാജൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായതോടെ മുഖ്യമന്ത്രിക്കു പുതിയ പ്രൈവറ്റ് സെക്രട്ടറി വരും. സെക്രട്ടറിപദം രാജിവച്ചു ജയരാജൻ മുഖ്യമന്ത്രിക്കു കത്തു നൽകി. പുതിയ സെക്രട്ടറിയെക്കുറിച്ചു പാർട്ടി തീരുമാനമെടുത്തിട്ടില്ലെന്നാണു നേതാക്കൾ പറയുന്നത്. ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരിക്കെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി. ശശിയെ പരിഗണിക്കുമെന്നും മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്റെ കാര്യത്തിൽ താൽപര്യമുണ്ടെന്നുമുളള സൂചനകളുണ്ട്. എന്നാൽ വിവാദങ്ങളുടെ തോഴനായ ശശിയെ തിരഞ്ഞെടുപ്പു ഘട്ടത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിർണായക ചുമതല ഏൽപിക്കില്ലെന്നു പാർട്ടിയിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. പ്രൈവറ്റ് സെക്രട്ടറിയായി പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളാരെങ്കിലുമാകും വരികയെന്നും നേതാക്കൾ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com