ADVERTISEMENT

ചെന്നൈയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയ്ക്കിടെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി റിയാദ് മാത്യുവും സച്ചിദാനന്ദമൂർത്തിയും നടത്തിയ അഭിമുഖത്തിൽനിന്നുള്ള പ്രസക്ത ഭാഗങ്ങൾ:

നരേന്ദ്ര മോദിക്കും ബിജെപി ഭരണത്തിനുമെതിരായ രാജ്യത്തെ ജനങ്ങളുടെ പോരാട്ടം കോൺഗ്രസ് കേരളത്തിൽനിന്ന് തുടങ്ങുന്നുവെന്ന് രാഹുൽ ഗാന്ധി. ഈ പോരാട്ടത്തിൽ പ്രതിപക്ഷ കക്ഷികളെല്ലാം ഒറ്റക്കെട്ടാണെന്നും കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.

സഖ്യകക്ഷികളുടെ വികാരങ്ങളെ ഉൾക്കൊള്ളുന്ന കോൺഗ്രസിന്റെ നേതൃത്വത്തിൽ ലോക‌്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അനായാസ വിജയം നേടും. സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങളെ എൽഡിഎഫ് മോശമായി കൈകാര്യം ചെയ്യുന്നുവെന്നും രാഹുൽ കുറ്റപ്പെടുത്തി. ശബരിമല അടക്കം പാരമ്പര്യവും വിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ താൻ ഇടപെടാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ,  കേരളത്തിലെ ജനങ്ങൾ പരസ്പരം സംസാരിച്ചു സമന്വയം ഉണ്ടാക്കുമെന്നാണു കോൺഗ്രസുകാരൻ എന്ന നിലയിൽ തനിക്കുള്ള ആത്മവിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

ബംഗാളിൽ സിപിഎമ്മുമായി ധാരണയാകുകയും കേരളത്തിൽ ശത്രുതയിൽ തുടരുകയും ചെയ്യുന്ന കോൺഗ്രസ് നിലപാടിൽ ഭിന്നത കാണുന്നില്ലെന്നും മലയാള മനോരമ–ദ് വീക്ക്  ചീഫ് അസോഷ്യേറ്റ് എഡിറ്റർ റിയാദ് മാത്യുവും ഡൽഹി റസിഡ‍ന്റ് എഡിറ്റർ സച്ചിദാനന്ദമൂർത്തിയും ചേർന്നു നടത്തിയ അഭിമുഖത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. ചെന്നൈയിൽനിന്നു തിരുവനന്തപുരത്തേക്കുള്ള  വിമാനയാത്രയിലാണു വിവിധ വിഷയങ്ങളിൽ രാഹുൽ മനസ്സു തുറന്നത്. ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ രാഹുൽ നൽകുന്ന ആദ്യ അഭിമുഖമാണിത്.

‘സഖ്യധാരണകളുണ്ടാക്കുന്നതിൽ അതതു സംസ്ഥാനങ്ങളിലെ പാർട്ടി നേതൃത്വത്തിനു പ്രധാന പങ്കുണ്ട്. ബംഗാളിൽ ഇടതുപക്ഷവുമായി ചേർന്നു പ്രവർത്തിക്കുന്ന ഞങ്ങൾ കേരളത്തിൽ അവരെ എതിർക്കുന്നു. ഇവ തമ്മിൽ ബന്ധമില്ല’–രാഹുൽ വിശദീകരിച്ചു. കേന്ദ്രത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷിഭരണം വരികയാണെങ്കിൽ സിപിഎമ്മിനെ ക്ഷണിക്കുമോ എന്ന ചോദ്യത്തിനു മുഴുവൻ പ്രതിപക്ഷവും ബിജെപിക്കും നരേന്ദ്ര മോദിക്കും എതിരെ ഒറ്റക്കെട്ടാണെന്ന മറുപടിയാണു രാഹുൽ നൽകിയത്. ബിജെപിയുടെ സഖ്യകക്ഷികൾ പോലും മോദിയുടെ നയങ്ങളിൽ അസന്തുഷ്ടരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യം നേരിടുന്ന പ്രധാനവെല്ലുവിളികൾ ? കോൺഗ്രസ് സർക്കാർ വന്നാൽ എന്താണു പ്രതിവിധി?

തൊഴിലില്ലായ്മയും കാർഷികരംഗത്തെ പ്രതിസന്ധിയുമാണു രാജ്യം നേരിടുന്ന മുഖ്യപ്രശ്നം. യുവജനങ്ങൾ ഭാവി നഷ്ടമായ നിലയാണ്. അതാണു മുഖ്യ പ്രശ്നം. തൊഴിലില്ലായ്മ ഉണ്ടാക്കുന്ന പ്രതിസന്ധിയിൽനിന്ന് എങ്ങനെ കര കയറുമെന്ന് അവർക്കറിയില്ല. സർക്കാരാണ് ഇതിനു മറുപടി നൽകേണ്ടത്.  ഈ പ്രതിസന്ധി നേരിടാനുള്ള ആദ്യ ചുവട് പ്രശ്നം ഉണ്ടെന്ന് അംഗീകരിക്കലാണ്. കഴിഞ്ഞ യുപിഎ സർക്കാരിന്റെ കാലത്ത് തൊഴിൽപ്രതിസന്ധി വേണ്ടത്ര പരിഹരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന വസ്തുത ഞാൻ കാണാതിരിക്കുന്നില്ല. പക്ഷേ നോട്ട് നിരോധനവും ജിഎസ്‌ടിയും നടപ്പിലാക്കി മോദി പ്രശ്നം വഷളാക്കുകയാണു ചെയ്തത്. രാജ്യം നേതൃത്വത്തെ തിരയുന്നു. പക്ഷേ ജനങ്ങൾക്കു ലഭിക്കുന്നതു പ്രധാനമന്ത്രിയിൽനിന്നുള്ള അർഥശൂന്യമായ ജൽപനങ്ങളാണ്–മെയ്ക് ഇൻ ഇന്ത്യ, സ്റ്റാർട്ടപ് ഇന്ത്യ എന്നിങ്ങനെ. ഇതെല്ലാം ആശയപാപ്പരത്തം മാത്രമാണ്. 

പക്ഷേ പ്രധാനമന്ത്രി പറയുന്നു 10 ലക്ഷം പുതിയ തൊഴിൽ സൃഷ്ടിച്ചുവെന്ന്. 

സർക്കാർ എന്തിനെക്കുറിച്ചാണു പറയുന്നത് എനിക്കറിയില്ല. ഗ്രാമീണമേഖലകളിലെയും ചെറു പട്ടണങ്ങളിലെയും നഗരങ്ങളിലെയും ചെറുപ്പക്കാരോടു ചോദിച്ചുനോക്കൂ അവരെന്താണു ചെയ്യുന്നതെന്ന്– കിട്ടുന്ന ഉത്തരമിതാണ്, ഒന്നും ചെയ്യുന്നില്ല.  ചൈന ഓരോ ദിവസവും അരലക്ഷം തൊഴിൽ നൽകുന്നു. സർക്കാർ കണക്കുവച്ച് ഇന്ത്യയിൽ പ്രതിദിനം പരമാവധി 450 തൊഴിലും. ഇന്ന് ഞാൻ ചെന്നൈയിലെ സ്റ്റെല്ലാ മാരിസ് കോളജിലെ മൂവായിരം പെൺകുട്ടികളോടു ചോദിച്ചു, ബിരുദം നേടിക്കഴിയുമ്പോൾ ജോലി കിട്ടുമെന്ന് ആത്മവിശ്വാസമുണ്ടോയെന്ന്. അവർ പറഞ്ഞു, ഇല്ല. അവർക്ക് ആത്മവിശ്വാസമില്ല.  

കോൺഗ്രസ് വന്നാൽ ഭീകരവാദത്തെ നേരിടാൻ എന്താണു പദ്ധതി?

ഭീകരതയെ എങ്ങനെ നേരിടുമെന്ന് ഞങ്ങൾ 2004ലും 2014ലും കാണിച്ചുകൊടുത്തതാണ്.  2014 ൽ യുപിഎ സർക്കാർ സ്ഥാനമൊഴിയുമ്പോൾ കശ്മീരിൽ മരണങ്ങൾ വളരെ കുറഞ്ഞിരുന്നു. സമാധാനം തിരിച്ചെത്തിയിരുന്നു. ഞങ്ങൾ അത് സാധ്യമാക്കിയതു പാക്കിസ്ഥാനെ ശക്തമായി നേരിട്ടാണ്, അവരെ രാജ്യാന്തരതലത്തിൽ ഒറ്റപ്പെടുത്തിയിട്ടാണ്. ഒപ്പം കശ്മീരിലെ ജനങ്ങളുടെ വിശ്വാസം നേടിയെടുത്തുകൊണ്ടുമാണ്. 

കോൺഗ്രസിനു ഭൂരിപക്ഷം ലഭിക്കുമോ?

പ്രതീക്ഷിക്കുന്നതിലും മികച്ച പ്രകടനം കോൺഗ്രസ് കാഴ്ച വയ്ക്കും. യുപിഎ മുന്നണിക്കു ഭൂരിപക്ഷം ഉറപ്പായും ലഭിക്കും. 

താങ്കളായിരിക്കുമോ പ്രധാനമന്ത്രി?

അത് എനിക്ക് പറയാനാവില്ല. ഇന്ത്യയിലെ ജനങ്ങളാണ് അതു പറയേണ്ടത്. രാജ്യത്തെ ജനാധിപത്യസ്ഥാപനങ്ങളെ പ്രതിരോധിക്കുന്ന ജനങ്ങളിൽ ഒരാൾ മാത്രമാണു ഞാൻ. ഭരണഘടനയുടെ അന്തഃസത്ത കാത്തുസൂക്ഷിക്കാനുള്ള ഈ പ്രത്യയശാസ്ത്ര പോരാട്ടം വിജയത്തിലെത്തിക്കുക എന്നതു മാത്രമാണു എന്റെ ഉത്തരവാദിത്തം. 

യുഡിഎഫിന്റെ സാധ്യതകൾ ?

യുഡിഎഫ് അനായാസ വിജയം നേടും. സഖ്യകക്ഷികളുടെ സഹകരണത്തോടെ കേരളത്തിൽ ഭൂരിപക്ഷം സീറ്റുകളും കോൺഗ്രസ് സ്വന്തമാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com