ADVERTISEMENT

കോഴിക്കോട് ∙ അറബിക്കടലിനെ സാക്ഷിയാക്കി നടത്തിയ പ്രസംഗത്തിൽ രാഹുൽ ഗാന്ധി ഇന്ത്യയെ ഉപമിച്ചത് കടലിനോട്. ഇന്ത്യയെന്ന സാഗരത്തെ കോൺഗ്രസ് സശ്രദ്ധം കേൾക്കുകയാണെന്ന് രാഹുൽ പറഞ്ഞു. സമുദ്രതീരത്ത് എത്തുന്നത് വിനയത്തോടെയായിരിക്കണം. ആദ്യം നാം തലകുനിക്കണം. തിരമാലകൾക്കു പറയാനുള്ളതു മനസിലാക്കണം. എന്നാൽ ദിവസവും രാവിലെ പ്രധാനമന്ത്രി സ്വന്തം മൻ കീ ബാത്തുമായി സമുദ്രതീരത്തേക്കു വരുന്നു. സമുദ്രത്തെ ശ്രദ്ധിക്കാതെ തനിക്കു തോന്നുന്നതെല്ലാം അങ്ങോട്ടു പറയുന്നു. പക്ഷേ, സമുദ്രം അതുകേട്ട ഭാവം നടിക്കുന്നില്ല. ഇങ്ങനെ സ്വന്തം കാര്യങ്ങൾ മാത്രം പറയാൻ, നിങ്ങളാരാണെന്ന് സമുദ്രം തിരികെ ചോദിച്ചേക്കാം–രാഹുൽ പറഞ്ഞു.

ഗാന്ധിജി പറയുമായിരുന്നു, വരിയിൽ അവസാനം നിൽക്കുന്നയാളുടെ ശബ്ദവും കേൾക്കാനാകണമെന്ന്. കാരണം, രാജ്യത്തെ ഏറ്റവും ദുർബലന്റെ ശബ്ദവും നമ്മുടെ ചെവിയിലെത്തണം. കോൺഗ്രസ് ആഗ്രഹിക്കുന്നത് ഓരോ ഇന്ത്യക്കാരനെയും കേൾക്കാനാണ്. ആശയങ്ങളോ വിശ്വാസങ്ങളോ കോൺഗ്രസ് അടിച്ചേൽപിക്കാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ തങ്ങൾ പറയുന്നതുമാത്രം ജനങ്ങൾ ചെയ്യണമെന്നാണ് ബിജെപിയും ആർഎഎസും ആവശ്യപ്പെടുന്നത്. മോദി ആരെയും കേൾക്കുന്നില്ല. യുവാക്കളെയോ കർഷകരെയോ ചെറുകിട വ്യവസായികളെയോ ശ്രദ്ധിക്കുന്നില്ല. നോട്ടുനിരോധം നടത്തിയപ്പോൾ സ്വന്തം മന്ത്രിസഭയോടോ റിസർവ് ബാങ്കിനോടോ പോലും അഭിപ്രായം തേടിയില്ല– രാഹുൽ പറഞ്ഞു.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷനായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറിമാരായ മുകുൾ വാസ്‌നിക്, കെ.സി. വേണുഗോപാൽ, ഉമ്മൻ ചാണ്ടി, മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, എം.കെ.രാഘവൻ, പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീർ, കെ.സുധാകരൻ, ബെന്നി ബഹനാൻ, ടി. സിദ്ദിഖ്, കെ. പ്രവീൺകുമാർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com