ADVERTISEMENT

ന്യൂഡൽഹി ∙ സിറ്റിങ് സീറ്റ് നിഷേധിക്കപ്പെട്ടതിൽ അതൃപ്തി പ്രകടിപ്പിച്ച കെ.വി. തോമസിനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ് 3 വാഗ്ദാനങ്ങൾ നൽകിയെന്നു സൂചന – യുഡിഎഫ് കൺവീനർ പദവി, എഐസിസി ഉത്തരവാദിത്തം, പാർലമെന്ററി ദൗത്യം എന്നിവയാണിത്. ഹൈക്കമാൻഡ് നിർദേശമനുസരിച്ചു തോമസുമായി കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇവ ചർച്ചാവിഷയമായത്.

സ്ഥാനാർഥിയായതോടെ ബെന്നി ബഹനാൻ യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിയും. ഈ പദവിയാണ് ഒരു സാധ്യത. എഐസിസി നേതൃത്വത്തിൽ എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ, പി.സി. ചാക്കോ എന്നിവർ ഇപ്പോൾ തന്നെയുണ്ടെങ്കിലും മുതിർന്ന നേതാവിനു യോജിച്ച പദവി നൽകാമെന്നും ഹൈക്കമാൻഡ് പറയുന്നു. നിയമസഭയിലേക്കു മത്സരിക്കണമോയെന്നു കെ.വി. തോമസിനു തീരുമാനിക്കാം. പാർലമെന്ററി ദൗത്യം തുടരുന്നതിൽ തടസ്സമുണ്ടാവില്ലെന്നാണു വാസ്നിക് പറഞ്ഞതെങ്കിലും ഇതിൽ രാജ്യസഭാ സീറ്റ് ഉൾപ്പെടുമോയെന്ന് വ്യക്തമല്ല. ഇന്നു യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുമായി തോമസ് കൂടിക്കാഴ്ച നടത്തും.

സിറ്റിങ് എംപിമാർക്കെല്ലാം സീറ്റു നൽകുകയെന്ന പൊതുധാരണ കെ.വി. തോമസിന്റെ കാര്യത്തിൽ മാത്രമാണു പാലിക്കാതിരുന്നത്. അവസാന നിമിഷം വരെ പട്ടികയിലുണ്ടായിരുന്ന തോമസിനു തടസ്സമായതു ഡിസിസിയുടെയും ജില്ലയിൽ നിന്നുള്ള എംഎൽഎമാരുടെയും എതിർപ്പാണ്. പി. രാജീവ് ഇടതു സ്ഥാനാർഥിയായതോടെ സാഹചര്യങ്ങൾ മാറിയെന്നും തോമസിന് ജയസാധ്യത കുറവാണെന്നുമുള്ള നിലപാട് സംസ്ഥാന നേതൃത്വവും സ്വീകരിച്ചു. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരും ഈ അഭിപ്രായത്തിൽ ഉറച്ചുനിന്നു.

ഗ്രൂപ്പ് അനുഭാവിയല്ലെങ്കിലും പിന്തള്ളപ്പെടില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു തോമസ്. ഹൈബി ഈഡനെ സ്ഥാനാർഥിയാക്കുമെന്ന വാർത്ത പരന്നപ്പോഴും അന്തിമതീരുമാനം എതിരാവില്ലെന്ന ധാരണയിലായിരുന്നു അദ്ദേഹം. മുൻകൂട്ടി തീരുമാനമെടുത്ത ശേഷം തന്നെ ബോധപൂർവം ഒറ്റപ്പെടുത്തിയെന്ന തോന്നലാണ് തോമസിനെ പ്രകോപിപ്പിച്ചത്. തോമസിനെ ഒറ്റപ്പെടുത്തുന്നതിനോടു യോജിപ്പില്ലാതിരുന്ന സോണിയ ഗാന്ധി, വിശ്വസ്തനായ നേതാവിനെ പിണക്കി അയയ്ക്കരുതെന്നു നിർദേശം നൽകി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തോമസിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയത് ഇ‌തിനു പിന്നാലെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com