ADVERTISEMENT

തിരുവനന്തപുരം∙ പിഎസ്‌സിയുടെ ഓൺലൈൻ പരീക്ഷകൾ  സാങ്കേതിക സർവകലാശാലയ്ക്കു കീഴിലുള്ള സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളജുകളിലേക്കു കൂടി വ്യാപിപ്പിക്കാൻ പിഎസ്‌സി യോഗം തീരുമാനിച്ചു. ഞായറാഴ്ചകളിലെ ഡിപ്പാർട്മെന്റൽ പരീക്ഷകൾക്കു മാറ്റമില്ല.

സർക്കാർ, എയ്ഡഡ്, സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകളിൽ ഓൺലൈൻ പരീക്ഷാ കേന്ദ്രങ്ങൾ സജ്ജമാക്കിയ സാഹചര്യത്തിലാണു സ്വകാര്യ സ്വാശ്രയ കോളജുകളിലേക്കു കൂടി വ്യാപിപ്പിക്കുന്നത്. കൂടുതൽ സീറ്റ് ഓൺലൈൻ പരീക്ഷയ്ക്കു സജ്ജമാക്കുന്നതിനു തയാറുള്ള സ്വാശ്രയ എൻജിനീയറിങ് കോളജ് അധികൃതരിൽ നിന്നു സമ്മതപത്രം ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് പിഎസ്‌സിയുടെ വെബ്്സൈറ്റിൽ ലഭ്യമാക്കും.

ആരാധനാ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്നതിനാൽ ഞായറാഴ്ചകളിൽ  ഡിപ്പാർട്മെന്റൽ പരീക്ഷകൾ നടത്തുന്നതിനെതിരെ ക്രിസ്ത്യൻ സഭകൾ പ്രതിഷേധം പ്രകടിപ്പിച്ചുവെങ്കിലും നിലവിലുള്ള രീതിയിൽ മുന്നോട്ടു പോകാനാണു പിഎസ്‌സിയുടെ തീരുമാനം. ഇത്തരമൊരു നടപടി തിരഞ്ഞെടുപ്പു കാലത്തു സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന് അംഗങ്ങളിൽ ചിലർ യോഗത്തിൽ ചൂണ്ടിക്കാട്ടി. എന്നാൽ ഇപ്പോഴത്തെ രീതിയിൽ തുടരുന്നതിനു പ്രശ്നമില്ലെന്ന മറുപടിയാണു ലഭിച്ചത്.

പിഎസ്‌സി പരീക്ഷകൾ ഉൾപ്പെടെയുള്ളവ സംബന്ധിച്ച വിവരങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നൽകാനും തീരുമാനിച്ചു. ഇതിനായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ ജീവനക്കാർക്കു പ്രത്യേക പരിശീലനം നൽകും. അവർക്ക് വിവരങ്ങൾ നൽകുന്നതിനായി പ്രത്യേക കൈപ്പുസ്തകം തയാറാക്കും.വയനാട്,പത്തനംതിട്ട ജില്ലകളിൽ മരാമത്ത്് വകുപ്പിൽ  ലൈൻമാൻ (ഇലക്ട്രിക്കൽ വിങ്)കേരള മിനറൽസ് ആൻഡ് മെറ്റൽസിൽ ജൂനിയർ അനലിസ്റ്റ്,ഖാദി ഗ്രാമ വ്യവസായ ബോർഡിൽ എൽഡി ക്ലാർക്ക്/രണ്ടാം ഗ്രേഡ് അസിസ്റ്റന്റ്,ജല അതോറിറ്റിയിൽ സർവേയർ ഗ്രേഡ് രണ്ട് തസ്തികകളിലേക്കു  സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.

വിദ്യാഭ്യാസ വകുപ്പിൽ കൊല്ലം,കോഴിക്കോട്,കാസർകോട് ജില്ലകളിൽ ഹൈസ്കൂൾ അസിസ്റ്റന്റ്് (ഇംഗ്ലിഷ്്–തസ്തികമാറ്റം), കോഴിക്കോട് ജില്ലയിൽ  ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്–എൽപിഎസ്– എസ്‌സി), കൊല്ലം,കോഴിക്കോട് ജില്ലകളിൽ  ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്–എൽപിഎസ്- ഈഴവ/തിയ്യ/ബില്ലവ), കൊല്ലം,കോഴിക്കോട് ജില്ലകളിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്– എൽപിഎസ്- എൽസി/എഐ), കോഴിക്കോട്ടു  ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്– എൽപിഎസ്- എസ്ഐയുസി നാടാർ), കോഴിക്കോട്ടു  ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ (ഹൈസ്കൂൾ–ധീവര), കണ്ണൂരിൽ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ/ഇൻഷുറൻസ് മെഡിക്കൽ സർവീസസ്/ ആയുർവേദ കോളജുകൾ എന്നിവിടങ്ങളിൽ ഫാർമസിസ്റ്റ്് ഗ്രേഡ് രണ്ട്(ആയുർവേദം–എൽസി/എഐ) തസ്തികകളിലേക്ക് അഭിമുഖം നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com