ADVERTISEMENT

ചെറുതോണി ∙ ഇടുക്കി രൂപത ബിഷപ് മാർ ജോൺ നെല്ലിക്കുന്നേലിനെ അപായപ്പെടുത്താൻ ആഹ്വാനവുമായി സിപിഎം നേതാവിന്റെ പേരു വച്ച് വ്യാജ ഇമെയിൽ സന്ദേശം. ജോയ്സ് ജോർജിന് അനുകൂലമല്ലാത്ത രാഷ്ട്രീയ നിലപാട് എടുത്തതിന് ബിഷപ്പിനെ വധിക്കണമെന്നു നിർദേശിച്ചും ഇതിനു മന്ത്രി എം.എം. മണിയുടെ സഹായം അഭ്യർഥിച്ചുമാണ് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.വി. വർഗീസിന്റെ പേരിൽ ഇമെയിൽ പ്രചരിച്ചത്. വ്യാജ ഇമെയിലാണെന്നും പ്രചാരണത്തിനു പിന്നിൽ കോൺഗ്രസാണെന്നും സി.വി. വർഗീസ് പ്രതികരിച്ചു. സ്ഥലത്തില്ലെന്നും പിന്നീട് പ്രതികരിക്കാമെന്നും മന്ത്രി മണി അറിയിച്ചു.

ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാലിനും തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തെ ഹൈടെക് ക്രൈം എൻക്വയറി സെല്ലിനും വർഗീസ് പരാതി നൽകി. വ്യാജ മെയിലാണു പ്രചരിക്കുന്നതെന്നും അയർലൻഡിൽ നിന്നുമാണു അയച്ചിരിക്കുന്നതെന്നു കണ്ടെത്തിയതായും, ഇന്റർപോൾ വഴി വിശദാംശങ്ങൾ ശേഖരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.  പൊലീസും ഇന്റലിജൻസും സൈബർ സെല്ലും അന്വേഷണം തുടങ്ങി.   കട്ടപ്പന ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല.

സംഭവത്തിനു പിന്നിൽ ഇരട്ടയാർ ചെമ്പകപ്പാറ സ്വദേശിയും ഇപ്പോൾ അയർലൻഡ് പൗരനുമായ യുവാവാണെന്ന് സി.വി. വർഗീസ് പത്രസമ്മേളനത്തിൽ ആരോപിച്ചു. ബിഷപ്പിന്റെ ജീവൻ അപകടത്തിലാണെന്നും രക്ഷിക്കണമെന്നുമാവശ്യപ്പെടുന്ന ഒരു സന്ദേശവും അതിനൊപ്പം സി.വി. വർഗീസിന്റെ ലെറ്റർ പാഡിലുള്ള ഒരു കത്തും വെള്ളിയാഴ്ച വൈകിട്ടാണ് രൂപതയിലെ വൈദികർക്കും അധ്യാപകർക്കും വിവിധ സ്ഥാപനങ്ങളിലുള്ളവർക്കും ഇമെയിലായി എത്തിയത്.

ഇടുക്കി മണ്ഡലത്തിൽ ഇടതുമുന്നണിക്ക് വിജയം അത്ര എളുപ്പമല്ലെന്നും രൂപതയിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകാൻ ഇടയില്ലാത്തതിനാൽ ബിഷപ്പിനെ ഭക്ഷണത്തിൽ വിഷം കലർത്തി കൊല്ലാൻ ക്രമീകരണം ചെയ്യാമെന്നുമാണു കത്തിൽ എഴുതിയിരിക്കുന്നത്. അതീവ രഹസ്യമായി  വർഗീസ് എം.എം. മണിക്ക് അയയ്ക്കുന്ന കത്ത് എന്ന മട്ടിലാണ് എഴുതിയിരിക്കുന്നത്. കോൺഗ്രസ് നേതാവ് ഇ.എം. ആഗസ്തിയെക്കുറിച്ചും കത്തിൽ പരാമർശമുണ്ട്. വർഗീസ് പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണെങ്കിലും ജില്ലാ കമ്മിറ്റി അംഗമാണെന്ന് തെറ്റായിട്ടാണ് ലെറ്റർ പാഡിലുള്ളത്.

ഇ മെയിൽ സന്ദേശം  തമാശയായി തള്ളിക്കളഞ്ഞതായി ഇടുക്കി രൂപത വക്താവ് അറിയിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് ഇങ്ങനെയൊക്കെ വരും, ഗൗരവമായി കാണേണ്ടതില്ല. സന്ദേശം വ്യാജമാണെന്ന് ഒറ്റ നോട്ടത്തിൽ വ്യക്തമാണെന്നും വക്താവ് അറിയിച്ചു. മേഘാലയയിലായിരുന്ന ബിഷപ് ഇന്നലെ രാത്രിയിൽ അരമനയിൽ മടങ്ങിയെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com