ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭാ സ്ഥാനാർഥി നിർണയത്തെച്ചൊല്ലി പോരുമുറുക്കി കോൺഗ്രസിനുള്ളിലെ ഗ്രൂപ്പുകൾ. എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ഇന്നലെ നടത്തിയ ചർച്ചകൾ എ – ഐ ഗ്രൂപ്പ് തർക്കത്തിന്റെ പേരിൽ പലകുറി വഴിമുട്ടി. വയനാട് സീറ്റിന്റെ പേരിൽ തർക്കം മുറുകിയതു ദേശീയ നേതൃത്വത്തെയും വലച്ചു. വാശിയേറിയ ഗ്രൂപ്പ് പോരിനൊടുവിൽ, വയനാട് സീറ്റ് സിദ്ദിഖിനു തന്നെയെന്ന സൂചനകൾ പുറത്തുവന്നതോടെ, രമേശിന്റെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പ് പ്രതിനിധികൾ കടുത്ത എതിർപ്പുമായി രംഗത്തുവന്നു. എല്ലാം രമ്യമായി പരിഹരിച്ചുവെന്നു ഗ്രൂപ്പ് നേതാക്കൾ പുറമെ പറയുമ്പോഴും പ്രതിനിധികളിൽ നിന്നുള്ള എതിർപ്പിന്റെ സ്വരം പാർട്ടിക്കു തലവേദനയാകും.

കേരളത്തിൽനിന്ന് ഇന്നലെ ഡൽഹിയിലെത്തിയ ഉമ്മൻ ചാണ്ടി, ചർച്ചയിൽ മുൻ നിലപാടിൽ ഉറച്ചു നിന്നു. എ ഗ്രൂപ്പ് പ്രതിനിധി ടി. സിദ്ദിഖിനു സീറ്റ് നൽകണമെന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. 20 വർഷമായി ഐ ഗ്രൂപ്പിന്റെ പക്കലുള്ള സീറ്റ് വിട്ടുനൽകാനാവില്ലെന്ന് ചെന്നിത്തലയും നിലപാടെടുത്തതോടെ പ്രതിസന്ധി കനത്തു. വയനാടിന്റെ കാര്യത്തിൽ ഒത്തുതീർപ്പിലെത്താൻ സംസ്ഥാന നേതൃത്വം തയാറാകണമെന്ന് ഹൈക്കമാൻ‍ഡ് നിർദേശിച്ചു. ഷാനിമോൾ ഉസ്മാൻ, കെ.പി. അബ്ദുൾ മജീദ് എന്നിവരുടെ പേരുകൾ ഐ മുന്നോട്ടുവച്ചു. വയനാട്ടിൽ ഏറ്റവുമധികം വിജയസാധ്യതയുള്ളതു സിദ്ദിഖിനാണെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.

തീരുമാനം നീണ്ടതോടെ ഷാനിമോൾ കേരളത്തിലേക്കു മടങ്ങി. വയനാട് ലഭിച്ചില്ലെങ്കിൽ മറ്റൊരിടത്തും സ്ഥാനാർഥിയാവാനില്ലെന്നു സിദ്ദിഖ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. വയനാട്ടിൽ തട്ടി ചർച്ച വഴിമുട്ടിയതോടെ ആലപ്പുഴയുടെ കാര്യത്തിലും തീരുമാനം വൈകി. ആറ്റിങ്ങലിൽ അടൂർ പ്രകാശ് സ്ഥാനാർഥിയാകുന്നതു സംബന്ധിച്ചു സംസ്ഥാന നേതൃത്വം ഏകദേശ ധാരണയിലെത്തി. വടകരയുടെ കാര്യം സിറ്റിങ് എംപി കൂടിയായ മുല്ലപ്പള്ളി തീരുമാനിക്കട്ടെയെന്നു രമേശും ഉമ്മൻ ചാണ്ടിയും വ്യക്തമാക്കി. ഇതോടെ അന്തിമ തീരുമാനം പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിക്കു വിട്ടു.

ഉച്ചയ്ക്കു 2.30 നു ചർച്ചകൾ പൂർത്തിയാക്കി ചെന്നിത്തല കേരളത്തിലേക്കു മടങ്ങി. അതോടെ എല്ലാ ശ്രദ്ധയും രാഹുലിലേക്കായി. കർണാടകയിൽ പ്രചാരണത്തിനു പോയ രാഹുൽ മടങ്ങിയെത്തുന്നതു കാത്ത് ഡൽഹിയിൽ മാധ്യമപ്പട തമ്പടിച്ചു. പിന്നാലെ, വയനാട് സിദ്ദിഖിനെന്നും ആലപ്പുഴയിലേക്കു മാറാൻ ഷാനിമോളോട് ആവശ്യപ്പെട്ടുവെന്നുമുള്ള സൂചനകൾ സംസ്ഥാന നേതൃത്വത്തിൽ നിന്നു പുറത്തുവന്നു. ഇതോടെ, ഐ ഗ്രൂപ്പ് പ്രതിനിധികൾ പാർട്ടിക്കുള്ളിൽ കടുത്ത എതിർപ്പുമായി രംഗത്തിറങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com