ADVERTISEMENT

കൊല്ലം ∙ സൂര്യാതപത്തെ തുടർന്നു മരണം. സംസ്ഥാനത്തെ പല ജില്ലകളിലായി മറ്റ് 12 പേർക്കും ഇന്നലെ സൂര്യാതപമേറ്റു. കൊല്ലത്തു വീടിനു മുന്നിൽ കുഴഞ്ഞുവീണ ഗൃഹനാഥൻ മരിച്ചതു സൂര്യാതപം മൂലമാണെന്നു കരുതുന്നു. അയത്തിൽ സുരഭി നഗർ 25 പുളിന്താനത്ത് തെക്കതിൽ പുഷ്പൻ ചെട്ടിയാരാ(58)ണു മരിച്ചത്. ഭാര്യ വൈകിട്ട് ജോലി കഴിഞ്ഞെത്തുമ്പോൾ പുഷ്പൻ വീടിനു മുന്നിൽ ബോധരഹിതനായി കിടക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. കയ്യിലും കാലിലും പൊള്ളലേറ്റ പാടുണ്ട്. കുളത്തൂപ്പുഴയിൽ ഹാച്ചറി താൽക്കാലിക ജീവനക്കാരനും കുളത്തൂപ്പുഴ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായ ഷൈജു ഷാഹുൽ ഹമീദ്, ഗവ. യുപി സ്കൂൾ അധ്യാപകൻ ഇല്യാസ് എന്നിവർക്കു സൂര്യാതപമേറ്റു.

പുനലൂരിൽ സൂര്യാതപമേറ്റ 5 റെയിൽവേ ജീവനക്കാർ ചികിത്സ തേടി. റാന്നി പെരുമ്പുഴ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ തോട്ടമൺ വടക്കേതയ്യിൽ മധു ഭാസ്കറിന് (51) സൂര്യാതപമേറ്റു. 

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വീടുകൾ കയറുന്നതിനിടെ മല്ലപ്പള്ളി ആനിക്കാട് പഞ്ചായത്ത് മുൻ അംഗം മാത്യൂസ് കല്ലുപുരയ്ക്ക് സൂര്യാതപമേറ്റു.

തൃശൂർ എരുമപ്പെട്ടി കുണ്ടന്നൂർ മുട്ടിക്കലിൽ പൂന്തോട്ടം തൊഴിലാളി മുട്ടിക്കൽ വീട്ടിൽ കുമാരന് (40) സൂര്യാതപമേറ്റു. മലപ്പുറം ജില്ലയിൽ കോട്ടയ്‌ക്കൽ വലിയപറമ്പ് മേലേപ്പുറം സൈതലവി (54), തേക്കാംപാറ തെക്കിണിയൻ മുഹമ്മദ് ഷാഫി (35) എന്നിവർക്കും സൂര്യാതപമേറ്റു. 

കേരളം ചുട്ടുപൊള്ളുന്നു

തിരുവനന്തപുരം ∙ കേരളത്തിൽ കടുത്ത ചൂട് തുടരുന്നു. കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം ഇന്നലെയും പാലക്കാട്ടാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്–38.8 ഡിഗ്രി. പുനലൂരിൽ 37.2 ഡിഗ്രി ചൂട് അനുഭവപ്പെട്ടു. അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ തോതു കേരളത്തിൽ എല്ലായിടത്തും 70 ശതമാനത്തിനു മുകളിലാണ്. വേനൽമഴ ഇനിയും ശക്തമാകാത്തതാണു കടുത്ത ചൂട് തുടരുന്നതിനുള്ള കാരണമെന്നു കാലാവസ്ഥാ വിദഗ്ധർ പറയുന്നു. ഇതുവരെ 15 ശതമാനമാണു മഴക്കുറവ്. കാസർകോട്, തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മഴ പേരിനുമാത്രമേ ലഭിച്ചിട്ടുള്ളൂ.

അതേസമയം, പത്തനംതിട്ടയിൽ 64 ശതമാനം അധികമഴ ലഭിച്ചു. 22 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്കു സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കേരളതീരത്ത് ഇന്നുരാത്രി 11.30 വരെ 2.2 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്കു സാധ്യതയുണ്ടെന്നും കടൽ പ്രക്ഷുബ്ധമാകാനിടയുണ്ടെന്നും ദേശീയ സമുദ്ര ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. കടലിൽ പോകുന്ന മൽസ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com