ADVERTISEMENT

ന്യൂഡൽഹി∙ കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥി നിർണയത്തെ ഗ്രൂപ്പ് പോര് ബാധിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. എറണാകുളത്ത് കെ.വി. തോമസിനെ ഒഴിവാക്കും മുൻപ് അദ്ദേഹത്തെ അക്കാര്യം യഥാവിധം അറിയിക്കുന്നതിൽ തെറ്റു പറ്റിയെന്നും അതിന്റെ ഉത്തരവാദിത്തം താൻ ഏൽക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു. 

കോൺഗ്രസ് സ്ഥാനാർഥി നിർണയം പൂർത്തിയായ ശേഷം മുല്ലപ്പള്ളി ‘മനോരമ’യോടു സംസാരിച്ചു: 

സ്ഥാനാർഥി നിർണയം വൈകിയതു ക്ഷീണമാകുമോ?

സ്ഥാനാർഥി നിർണയം വൈകിയതു കോൺഗ്രസിന്റെ സാധ്യതകളെ ബാധിക്കില്ല. എക്കാലത്തും കോൺഗ്രസിന്റെ തയാറാകുമ്പോൾ പട്ടിക വൈകാറുണ്ട്. പട്ടിക പുറത്തുവന്നാൽ സ്ഥാനാർഥികളും പ്രവർത്തകരും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന പാരമ്പര്യമാണു കോൺഗ്രസിന്റേത്. 

സ്ഥാനാർഥി നിർണയത്തിൽ ഗ്രൂപ്പ് പോര് കല്ലുകടിയായില്ലേ?

ഗ്രൂപ്പ് സമവാക്യങ്ങളുടെ സമ്മർദം ഏറ്റവും കുറഞ്ഞ സമയമായിരുന്നു ഇക്കുറി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലുൾപ്പെടെ ഗ്രൂപ്പുകളുടെ അതിപ്രസരം മൂലം കോൺഗ്രസ് ആടിയുലഞ്ഞിരുന്നു. വയനാട്ടിൽ മാത്രമുള്ള തർക്കമാണു മറ്റു മണ്ഡലങ്ങളിലും പ്രതിഫലിച്ചത്. ഞാനും രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ദീർഘ ചർച്ചകൾ നടത്തിയാണു സ്ഥാനാർഥികളെ നിശ്ചയിച്ചത്. 

കെ. മുരളീധരന്റെ വരവിൽ മുസ്‌ലിം ലീഗിനും ആർഎംപിക്കും പങ്കുണ്ടോ?

ഏതാനും സ്ഥാനാർഥികളുടെ പേരുകൾ വടകരയിൽ ആദ്യം ഉയർന്നിരുന്നു. ഞാൻ മൽസരിക്കണമെന്നും ആവശ്യമുണ്ടായി. പക്ഷേ, ഇക്കുറി ഇല്ലെന്ന മുൻ നിലപാടിൽ ഞാൻ ഉറച്ചു നിന്നു. പിന്നാലെ, ആർഎംപിയുടെ ഭാഗത്തുനിന്ന് സമ്മർദമുണ്ടായി. അവർ ശുപാർശ ചെയ്ത പേരുകളിലൊന്ന് മുരളീധരന്റേതാണ്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, പാറയ്ക്കൽ അബ്ദുല്ല തുടങ്ങിയ ലീഗ് നേതാക്കൾ ശക്തനായ സ്ഥാനാർഥിക്കായി സമ്മർദം ചെലുത്തി. അങ്ങനെയാണു മുരളീധരൻ ചിത്രത്തിൽ വന്നത്. ആദ്യം അൽപം മടിച്ചെങ്കിലും പിന്നീട് അദ്ദേഹം സമ്മതിച്ചു. 

കെ.വി. തോമസിന്റെ കാര്യത്തിൽ എന്താണു സംഭവിച്ചത്?

നിലവിലുള്ള എംപിമാർ എല്ലാവരും മൽസരിക്കണമെന്നായിരുന്നു ആദ്യ ധാരണ. അക്കാര്യം ഞാൻ തോമസിനെ അറിയിക്കുകയും ചെയ്തിരുന്നു. സിപിഎം എറണാകുളത്ത് പി. രാജീവിനെ നിർത്തിയതോടെയാണു കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞത്. എന്നാൽ, തോമസ് ജയിക്കുമെന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. പക്ഷേ, പിന്നീട് തോമസിന്റെ കാര്യത്തിൽ ചില കോണുകളിൽനിന്നും ആശങ്കകളുണ്ടായി. ഇതേത്തുടർന്നാണ് അദ്ദേഹം മാറി നിൽക്കേണ്ട സാഹചര്യമുണ്ടായത്. തോമസിന് ഇനിയും പാർട്ടിയിൽ അംഗീകാരമുണ്ടാകും. ഒഴിവാക്കുന്ന കാര്യം മുൻകൂട്ടി അറിയിച്ചില്ലെന്ന അദ്ദേഹത്തിന്റെ പരാതി ശരിയാണ്. അതിൽ മറ്റാരെയും ഞാൻ കുറ്റപ്പെടുത്തുന്നില്ല. അതിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. ദീർഘകാലമായുള്ള ആത്മബന്ധം മൂലം അക്കാര്യം യഥാസമയം അറിയിക്കാൻ എനിക്കു സാധിച്ചില്ല. വിഷമം കൊണ്ടായിരുന്നു അത്. വിവേചനം കാട്ടിയതായി കണക്കാക്കരുത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com