ADVERTISEMENT

തിരുവനന്തപുരം ∙ ഓർത്തഡോക്സ് സഭയുമായി കേസുള്ള പള്ളികളിൽ വിശ്വാസികൾക്കിടയിൽ ഹിതപരിശോധന നടത്തി ഭൂരിപക്ഷ തീരുമാനം നടപ്പാക്കണമെന്നു യാക്കോബായ സഭാ പ്രതിനിധികൾ മന്ത്രിസഭാ ഉപസമിതിയുമായി നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ടു.

ഭൂരിപക്ഷം ലഭിക്കുന്നവർക്കു പള്ളി വിട്ടുകൊടുക്കാനും അല്ലാത്തവർക്കു നഷ്ടപരിഹാരം നൽകാനും തയാറാകണമെന്നും അവർ ചൂണ്ടിക്കാട്ടി. തങ്ങളുടെ പള്ളികളിൽ അനാവശ്യമായി വഴക്കുണ്ടാക്കുന്നത് അവസാനിപ്പിക്കണം .തങ്ങളുടെ എല്ലാ പള്ളികളും ഓർത്തഡോക്സ് സഭയുടേതാണെന്ന രീതിയിലാണ് അവർ പ്രവർത്തിക്കുന്നത്. അതിനു കോടതിവിധി ആയുധമാക്കുകയാണെന്നും യാക്കോബായ സഭാ പ്രതിനിധികൾ കുറ്റപ്പെടുത്തി.

കോടതിവിധി മാനിച്ച് ഇരുകൂട്ടർക്കും സ്വീകാര്യമായ ഫലപ്രദമായ അനുരഞ്ജനമാണ് ഇക്കാര്യത്തിൽ ഉണ്ടാകേണ്ടതെന്നു മന്ത്രിമാർ അഭിപ്രായപ്പെട്ടു. അനുരഞ്ജനത്തിനു തങ്ങൾ തയാറാണെന്നും എന്നാൽ അതിന്റെ പേരിൽ ഓർത്തഡോക്സ് സഭയുമായി ഐക്യത്തിനു തയാറല്ലെന്നും യാക്കോബായ സഭാ പ്രതിനിധികൾ വ്യക്തമാക്കി. ചർച്ച രണ്ടു മണിക്കൂറോളം നീണ്ടു. തുടർചർച്ചകൾ ഉണ്ടാകുമെന്നും ഉപസമിതി അറിയിച്ചു.

ചർച്ചയ്ക്ക് ഓർത്തഡോക്സ് സഭ എത്തിയില്ല. കോടതിവിധി നടപ്പാക്കുന്നതിലാണു സഭയ്ക്കു താൽപര്യമെന്നും അതിനാണു സർക്കാർ ശ്രമിക്കേണ്ടതെന്നും അവർ സർക്കാരിനെ അറിയിച്ചിരുന്നു. കോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ ചർച്ച നടത്തുന്നതു കേസ് ദുർബലമാക്കുമെന്ന നിയമോപദേശം കൂടി ലഭിച്ച സാഹചര്യത്തിലാണ് ഓർത്തഡോക്സ് സഭ വിട്ടുനിന്നത്.

മന്ത്രിമാരായ ഇ.പി.ജയരാജൻ, ഇ.ചന്ദ്രശേഖരൻ, കെ.കൃഷ്ണൻകുട്ടി, എ.കെ.ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, യാക്കോബായ സഭാ സുന്നഹദോസ് സെക്രട്ടറി ഡോ.തോമസ് മാർ തിമോത്തിയോസ്, ഡോ.കുര്യാക്കോസ് മാർ തെയോഫിലോസ്, ‍ഡോ.യൂഹാനോൻ മാർ മിലിത്തിയോസ്, വൈദിക ട്രസ്റ്റി സ്ലീബ വട്ടവേലിൽ കോറെപ്പിസ്കോപ്പ, അൽമായ ട്രസ്റ്റി സി.കെ.ഷാജി ചൂണ്ടയിൽ, സെക്രട്ടറി പീറ്റർ കെ.ഏലിയാസ് തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com