ADVERTISEMENT

വടകര ∙ സ്ഥാനാർഥി നിർണയം വൈകിയതിന്റെ സകല പ്രതിഷേധവും ആവിയാക്കി യുഡിഎഫ് കേന്ദ്രങ്ങളെ ആവേശത്തിരയിലാഴ്ത്തുന്നതായി ലോക്സഭാ മണ്ഡലത്തിൽ കെ.മുരളീധരന്റെ രംഗപ്രവേശം. പി.ജയരാജനെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കുന്നില്ലെങ്കിൽ കരുത്തനായ സ്ഥാനാർഥിയെ വേണമെന്ന ആവശ്യം നേതൃത്വം ഉൾക്കൊണ്ടതിൽ ഏറെ സന്തുഷ്ടരാണ് വടകരയിലെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും.

കെ.മുരളീധരനെപ്പോലെ കൃത്യമായി രാഷ്ട്രീയം പറയാനാവുന്ന നേതാവിന്റെ സാന്നിധ്യം യുഡിഎഫിലെ മറ്റു കക്ഷികളെയും ആവേശഭരിതരാക്കുന്നു. നിഷ്പക്ഷ വോട്ടുകളും എതിർചേരികളിൽ നിന്നു മറിക്കാവുന്ന വോട്ടുകളും മുരളീധരന്റെ സ്ഥാനാർഥിത്വം കൊണ്ട് യുഡിഎഫിന് അനുകൂലമാകുമെന്ന പ്രതീക്ഷയുമുണ്ട്. മുരളീധരനു സ്വാഗതമോതി വടകര നഗരത്തിൽ നടന്ന പ്രകടനത്തിൽ വൻ ജനപങ്കാളിത്തമായിരുന്നു. മുരളി നാളെ വൈകുന്നേരം എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. വടകര സ്റ്റേഷനിൽ വൈകിട്ട് 4ന് വൻ സ്വീകരണമൊരുക്കിയിട്ടുണ്ട്.

അടുത്ത കാലത്തായി വടകര മേഖലയിലെ കോൺഗ്രസ് പരിപാടികളിൽ ഏറെ സജീവമായിരുന്ന മുരളീധരൻ ലോക്സഭാ സ്ഥാനാർഥിയാകുമെന്ന പ്രതീക്ഷയൊന്നും പ്രവർത്തകരിലുമുണ്ടായിരുന്നില്ല. ഗൾഫ് മലയാളികൾക്കിടയിൽ മുരളിക്കുള്ള വലിയ സ്വാധീനവും ഏറെ പ്രതിഫലിച്ചിരുന്നത് വടകരയിലുൾപ്പെട്ട നാദാപുരം, പാനൂർ മേഖലയിലായിരുന്നു. കെ.കരുണാകരന്റെ സ്വാധീന മേഖല എന്ന നിലയിലും മുരളിക്ക് വടകര, തലശ്ശേരി കൊയിലാണ്ടി എന്നിവിടങ്ങളിൽ തിളങ്ങാൻ കഴിയുമെന്ന് യുഡിഎഫ് വിശ്വസിക്കുന്നു.

അക്രമരാഷ്ട്രീയത്തിനെതിരെ വടകരയി‍ൽ നടന്ന പരിപാടികളിൽ മുരളീധരൻ സജീവമായിരുന്നു. രാഷ്ട്രീയ വിഷയങ്ങളിൽ എതിരാളികളെ കടന്നാക്രമിക്കുകയും കുറിക്കു കൊള്ളുന്ന പ്രയോഗങ്ങൾ നടത്തുകയും ചെയ്യുന്ന മുരളീധരന്റെ പ്രസംഗശൈലിക്കും ഇവിടെ ഏറെ ആരാധകരുണ്ട്. സ്ഥാനാർഥി നിർണയം വൈകിയതിന്റെ വിവാദങ്ങൾ തിരഞ്ഞെടുപ്പി‍ൽ യുഡിഎഫിന്റെ മാറ്റു കുറയ്ക്കുമെന്ന ഭീഷണി ഒഴിവാക്കാൻ മുരളിയുടെ സ്ഥാനാർഥിത്വം കാരണമായെന്നാണ് കോൺഗ്രസ് വിശ്വസിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com