ADVERTISEMENT

ന്യൂഡൽഹി ∙ അവസാനം വരെ അനിശ്ചിതത്വത്തിലായിരുന്ന വടകര സീറ്റിൽ കെപിസിസി മുൻ അധ്യക്ഷനും കെ. കരുണാകരന്റെ പുത്രനുമായ കെ. മുരളീധരൻ എംഎൽഎയെ മൽസരിപ്പിക്കാൻ കോൺഗ്രസിന്റെ അപ്രതീക്ഷിത നീക്കം. സിപിഎമ്മിലെ പി. ജയരാജനെപ്പോലെ മുതിർന്ന നേതാവിനെ നേരിടാൻ കരുത്തനായ സ്ഥാനാർഥി വേണമെന്നു വിലയിരുത്തിയ സംസ്ഥാന നേതൃത്വം മുരളീധരന്റെ പേര് ഹൈക്കമാൻഡിനു സമർപ്പിച്ചു.

മണ്ഡലത്തിൽ സ്വാധീനമുള്ള മുസ്‌ലിം ലീഗിന്റെയും ആർഎംപിയുടെയും പിന്തുണയും നിർണായകമായി. സംസ്ഥാന നേതൃത്വത്തിന്റെ ശുപാർശയ്ക്ക് ഹൈക്കമാൻഡ് പച്ചക്കൊടി കാട്ടിയതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.

സിറ്റിങ് എംപി കൂടിയായ മുല്ലപ്പള്ളിക്കു മേൽ സമ്മർദം ശക്തമായിരുന്നെങ്കിലും മത്സരിക്കാനില്ലെന്ന് അദ്ദേഹം  തീർത്തുപറഞ്ഞിരുന്നു. പരിഗണിക്കപ്പെട്ട മറ്റാരും സിപിഎമ്മിനു ശക്തമായ വെല്ലുവിളിയുയർത്താൻ കഴിയുന്നവരല്ലെന്ന് ഹൈക്കമാൻഡ് ചൂണ്ടിക്കാട്ടി. മികച്ച സ്ഥാനാർഥിയല്ലെങ്കിൽ പിന്തുണയ്ക്കില്ലെന്ന് ആർഎംപി അറിയിച്ചു; മുരളീധരനെങ്കിൽ ഒപ്പമുണ്ടെന്ന സന്ദേശവും നൽകി. ലീഗിൽ നിന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരും ശക്തനായ സ്ഥാനാർഥിക്കായി സമ്മർദം ചെലുത്തി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി എന്നിവർ നടത്തിയ ചർച്ചകൾക്കൊടുവിലാണു മുരളീധരന്റെ പേര് ഉരുത്തിരിഞ്ഞത്. എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് എന്നിവരും പിന്തുണച്ചു.  

ഇന്നലെ രാത്രി വൈകി ഹൈക്കമാൻഡ് പുറത്തിറക്കിയ പട്ടികയിൽ ആറ്റിങ്ങലിൽ അടൂർ പ്രകാശിനെയും, ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനെയും സ്ഥാനാർഥികളായി പ്രഖ്യാപിച്ചു. വടക്കു, കിഴക്കൻ സംസ്ഥാനങ്ങളിൽ പര്യടനം നടത്തുന്ന രാഹുൽ ഗാന്ധി മടങ്ങിയെത്തിയ ശേഷം വടകര, വയനാട് (ടി. സിദ്ദീഖ്) മണ്ഡലങ്ങളിലെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

എംപിയാകാൻ 9 എംഎൽഎമാർ

മുരളീധരൻ കൂടി വന്നതോടെ, മത്സരരംഗത്തുള്ള കോൺഗ്രസ് എംഎൽഎമാർ മൂന്നായി. അടൂർ പ്രകാശും ഹൈബി ഈഡനുമാണു മറ്റു 2 പേർ. മറുപക്ഷത്ത് എൽഡിഎഫിൽ 6 എംഎൽഎമാർ രംഗത്തുണ്ട് – സി. ദിവാകരൻ, ചിറ്റയം ഗോപകുമാർ, വീണാ ജോർജ്, എ.എം. ആരിഫ്, പി.വി. അൻവർ, എ. പ്രദീപ്കുമാർ എന്നിവർ. ഫലത്തിൽ കേരളത്തിൽ ഏറ്റവും കൂടുതൽ എംഎൽഎമാർ മത്സരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പാണിത്. മുൻപ് ഏറ്റവും കൂടുതൽ എംഎൽഎമാർ മത്സരിച്ചത് 1952, 2009 തിരഞ്ഞെടുപ്പുകളിലാണ്– 3 വീതം.

കോൺഗ്രസ് സ്ഥാനാർഥികൾ

വടകര - കെ.മുരളീധരൻ

വട്ടിയൂർക്കാവ് എംഎൽഎ.

കെപിസിസി പ്രചാരണവിഭാഗം ചെയർമാൻ.

പാർലമെന്റിലേക്ക് ഏഴാം മത്സരം. 3തവണ നിയമസഭയിലേക്ക് മത്സരിച്ചു. 2 ജയം

3 തവണ കോഴിക്കോട് എംപി.

കെപിസിസി മുൻ അധ്യക്ഷൻ. എൻസിപി മുൻ സംസ്ഥാനഅധ്യക്ഷൻ.

വയനാട് - ടി.സിദ്ദിഖ്

കോഴിക്കോട് ഡിസിസി പ്രസിഡന്റ്.

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ്. കെപിസിസി മുൻ ജനറൽ സെക്രട്ടറി.

കാലിക്കറ്റ് സർവകലാശാല മുൻ സെനറ്റ് അംഗം.

2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ കാസർകോട്ട് മത്സരിച്ചു.

2016 ൽ നിയമസഭയിലേക്കു കുന്നമംഗലത്തു മത്സരിച്ചു.

ആലപ്പുഴ - ഷാനിമോൾ ഉസ്മാൻ

കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം.

മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷ. എഐസിസി സെക്രട്ടറിയായ ആദ്യ മലയാളി വനിത.

ആലപ്പുഴ നഗരസഭയുടെ ആദ്യ വനിതാ അധ്യക്ഷ.

ജില്ലാ പഞ്ചായത്ത് മുൻ അംഗം.

2006 ൽ പെരുമ്പാവൂരിൽ നിന്നും 2016 ൽ ഒറ്റപ്പാലത്തു നിന്നും നിയമസഭയിലേക്കു മത്സരിച്ചു.

ആറ്റിങ്ങൽ - അടൂർ പ്രകാശ്

കോന്നി എംഎൽഎ

5 തവണ കോന്നിയിൽ ജയം. 

2 തവണ മന്ത്രി വിവിധ ഘട്ടങ്ങളിലായി ഭക്ഷ്യ പൊതുവിതരണം, ആരോഗ്യം, റവന്യൂ വകുപ്പുകളുടെ മന്ത്രി.

2017 ൽ യുഡിഎഫ് ചീഫ് വിപ്പ്.

കെഎസ്‍യു, യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ഭാരവാഹി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com