ADVERTISEMENT

തിരുവനന്തപുരം ∙ വടകരയിൽ ആരെന്ന അനിശ്ചിതത്വത്തിനൊടുവിൽ സംഭവിച്ചതു കെ. മുരളീധരന്റെ ‘മാസ് എൻട്രി’യെന്ന ആത്മവിശ്വാസത്തിൽ കോൺഗ്രസ്. മണ്ഡലത്തിൽ മുല്ലപ്പള്ളി രാമചന്ദ്രനു പകരം വയ്ക്കാവുന്നൊരു പേരില്ലെന്ന അങ്കലാപ്പിലായിരുന്നു കോൺഗ്രസ്. മൂന്നു ദിവസം മുൻപു ചോദിച്ചപ്പോൾ ‘നോ’ ആയിരുന്നു മുരളിയുടെ മറുപടി. വയനാട്ടിൽ മത്സരിക്കാനുളള തന്റെ താൽപര്യം തള്ളിക്കളഞ്ഞത് അദ്ദേഹം അപ്പോൾ കണക്കിലെടുത്തിട്ടുണ്ടാകാം. സുരക്ഷിത സീറ്റായ വയനാടിനായി സിറ്റിങ് എംഎൽഎയെ ഇറക്കേണ്ടതില്ലെന്നായിരുന്നു തീരുമാനം. വട്ടിയൂർക്കാവിൽ ഉപതിരഞ്ഞെടുപ്പു വന്നാൽ എളുപ്പമാകുമോയെന്ന ആശങ്കയും ഉന്നയിക്കപ്പെട്ടു. എന്നാൽ വടകര കുഴഞ്ഞുമറിഞ്ഞപ്പോൾ ഉപതിരഞ്ഞെടുപ്പിന്റെ കാര്യം അപ്പോൾ നോക്കാമെന്നായി.

ആർഎംപിയുടെയും മുസ്‍ലിം ലീഗിന്റെയും ഇടപെടൽ സ്ഥാനാർഥിത്വത്തിൽ നിർണായകമായി. കെ.കെ. രമ തന്നെ മുരളിയെ ഫോണിൽ വിളിച്ചു. ലീഗ് നേതൃത്വവും ബന്ധപ്പെട്ടു. വടകരയിൽ ദുർബല സ്ഥാനാർഥിയെ നിർത്തുന്നതു തങ്ങളുടെ സാധ്യതകളെ കൂടി ബാധിക്കുമെന്ന് അയൽ മണ്ഡലങ്ങളിലെ സ്ഥാനാർഥികളായ എം.കെ. രാഘവനും (കോഴിക്കോട്), കെ. സുധാകരനും (കണ്ണൂർ) നേതാക്കളെ അറിയിക്കുകയും ചെയ്തു.

ഇതിനിടെ, ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുരളിയുമായി സംസാരിച്ചു. സമ്മതം കിട്ടിയതോടെ മുല്ലപ്പള്ളിയെ വിവരം അറിയിച്ചു. മുൻ കോഴിക്കോട് എംപി കൂടിയായ മുരളിയുടെ വടകരയിലേക്കുള്ള വരവ് മലബാറിലെങ്ങും യുഡിഎഫിന് അനുകൂലമായ മാറ്റങ്ങളുണ്ടാക്കുമെന്ന വിലയിരുത്തലാണു കോൺഗ്രസിനും മുസ്‍ലിം ലീഗിനുമുള്ളത്. മുൻ കെപിസിസി പ്രസിഡന്റ് കൂടിയായ അദ്ദേഹം വന്നതോടെ കോൺഗ്രസ് പട്ടികയ്ക്കു കൂടുതൽ കരുത്തും ഗൗരവവുമായി. 4 സീറ്റുകളെച്ചൊല്ലിയുള്ള തർക്കം തീർന്നപ്പോൾ ടി. സിദ്ദിഖ് (വയനാട്), അടൂർ പ്രകാശ് (ആറ്റിങ്ങൽ), ഷാനിമോൾ ഉസ്മാൻ (ആലപ്പുഴ) എന്നിവരും ആവേശകരമായ മത്സരം സമ്മാനിക്കാൻ കഴിയുന്നവരാണെന്നു പാർട്ടി പ്രതീക്ഷിക്കുന്നു.

എ– ഐ  അനുപാതം കൃത്യം

16 പേരുടെ കോൺഗ്രസ് പട്ടികയിൽ എ, ഐ അനുപാതം കൃത്യം. ഇരു ഗ്രൂപ്പുകളിലുമില്ലാത്ത 4 പേരെ മാറ്റിനിർത്തിയാൽ ബാക്കി പന്ത്രണ്ടിൽ 6 വീതം. ബെന്നി ബഹനാൻ, എം.കെ. രാഘവൻ, ആന്റോ ആന്റണി, ടി. സിദ്ദിഖ്, ഡീൻ കുര്യാക്കോസ്, രമ്യ ഹരിദാസ് എന്നിവർ എയുടെ നോമിനികളാണ്. അടൂർ പ്രകാശ്, കെ. മുരളീധരൻ, കെ. സുധാകരൻ, ഹൈബി ഈ‍ഡൻ, വി.കെ. ശ്രീകണ്ഠൻ, ഷാനിമോൾ ഉസ്മാൻ എന്നിവർ ഐ വിഭാഗത്തിന്റെയും. ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, ടി. എൻ. പ്രതാപൻ, രാജ്മോഹൻ ഉണ്ണിത്താൻ എന്നിവർ ഇരുഗ്രൂപ്പുകളിലുമില്ല. പ്രധാനമായും മുല്ലപ്പള്ളിയുടെ ആശിർവാദമാണു കാസർകോട് രാജ്മോഹനു വഴിയൊരുക്കിയത്. വയനാട് നഷ്ടപ്പെട്ടതിന്റെ പ്രതിഷേധം ഐക്ക് ഉണ്ടെങ്കിലും എറണാകുളവും വടകരയും അവർക്കു ലഭിച്ചു.

2 വനിത, 70കാർ ഇല്ല

വനിതകൾ കഴിഞ്ഞ തവണത്തെപ്പോലെ 2 മാത്രം. അതിൽ ആലത്തൂരിലാണ് 2014 ലും വനിത മൽസരിച്ചത്. എൽഡിഎഫ് പട്ടികയിലും 2 വനിതകൾ. ഡീൻ കുര്യാക്കോസ്, ടി. സിദ്ദിഖ്, ഹൈബി ഈഡൻ, രമ്യ ഹരിദാസ്, വി.കെ. ശ്രീകണ്ഠൻ എന്നിവരാണ് യുവസാന്നിധ്യം. ഇതിൽ യൂത്ത് കോൺഗ്രസ് ദേശീയ കോ ഓർഡിനേറ്ററായ രമ്യയെ ആലത്തൂരിലെ പുതിയ താരോദയമായാണു കോൺഗ്രസ് കേന്ദ്രങ്ങൾ വിശേഷിപ്പിക്കുന്നത്. 70 കഴിഞ്ഞ ആരും ഇല്ലെന്നതും ശ്രദ്ധേയം.

കെ.വി തോമസ് ഇറങ്ങും

എറണാകുളത്തു കെ.വി. തോമസിനു പകരമുള്ള ഹൈബി ഈഡന്റെ വരവും കാസർകോട്ടെ രാജ്മോഹന്റെ ‘ലാൻഡിങ്ങു’മാണു വിവാദങ്ങൾക്കു കാരണമായത്. സിറ്റിങ് എംപിമാരിൽ സീറ്റ് നിഷേധിക്കപ്പെട്ട മുതിർന്ന നേതാവ് എന്ന നിലയിലുള്ള പരിഗണനയും പദവിയും നൽകി കെ.വി. തോമസിനെ പ്രചാരണരംഗത്തിറക്കും. കാസർകോട്ടെ ജില്ലാ നേതൃത്വവുമായുള്ള ഉണ്ണിത്താന്റെ ‘സ്റ്റണ്ട്’ തീർക്കാൻ മുല്ലപ്പള്ളി നേരിട്ട് ഇടപെട്ടിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com