ADVERTISEMENT

ന്യൂഡൽഹി ∙ ബിജെപിയിൽ സ്ഥാനാർഥി നിർണയത്തർക്കം മുറുകുന്നതിനിടെ മത്സരരംഗത്തു നിന്നു പിന്മാറ്റവും. ദേശീയ നിർവാഹകസമിതിയംഗം പി.കെ. കൃഷ്ണദാസാണു തന്നെ പരിഗണിക്കേണ്ടതില്ലെന്നു പാർട്ടി അധ്യക്ഷൻ അമിത് ഷായെ അറിയിച്ചത്. പിന്മാറ്റം പ്രതിഷേധ സൂചകമല്ലെന്നും സ്ഥാനാർഥി നിർണയം സുഗമമാക്കാനാണെന്നും അറിയിച്ചിട്ടുണ്ട്.

2011ലും 16 ലും ആറ്റിങ്ങൽ മണ്ഡലത്തിൽ ഉൾപ്പെട്ട കാട്ടാക്കടയിൽ നിന്നാണു ക‍ൃഷ്ണദാസ് നിയമസഭയിലേയ്ക്കു മത്സരിച്ചത്. ആദ്യ തവണ ലഭിച്ച 20,000 വോട്ട് രണ്ടാം വട്ടം ഇരട്ടിയോളമായ പശ്ചാത്തലത്തിലാണ് ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ അദ്ദേഹത്തെ പരിഗണിച്ചത്. തെങ്കലാനയിൽ പാർട്ടി പ്രഭാരിയാണ്.

സഖ്യകക്ഷിയായ ബിഡിജെഎസിന് 5 സീറ്റ് നൽകേണ്ടി വന്നത്, മന്ത്രി അൽഫോൻസ് കണ്ണന്താനം കേരളത്തിൽ നിന്നു മത്സരിക്കണമെന്നു പ്രധാനമന്ത്രി നിർദേശിച്ചത്, പുതുതായി പാർട്ടിയിലെത്തിയ കെ.എസ്. രാധാകൃഷ്ണൻ, ടോം വടക്കൻ എന്നിവരെയും പരിഗണിച്ചത് തുടങ്ങി ഒട്ടേറെ ഘടകങ്ങൾ ബിജെപി സ്ഥാനാർഥി നിർണയം ദുഷ്കരമാക്കി. പാർട്ടിക്കു പൊതുസമൂഹത്തിൽ സ്വീകാര്യത വർധിച്ചതും ശബരിമല പ്രക്ഷോഭത്തിനു ശേഷം അടിത്തറ ശക്തിപ്പെട്ടതും സീറ്റിനു വേണ്ടിയുള്ള വടംവലി ശക്തമാക്കി. മുതിർന്ന നേതാക്കൾ തന്നെ പട്ടികയിൽ നിന്നു പുറത്താകുമെന്ന നിലയായി.

മാറിയ സാഹചര്യത്തിൽ ജയിക്കാൻ സാധ്യതയുള്ള മണ്ഡലമാണു പത്തനംതിട്ടയെന്നാണു നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇത്തവണ എൻഎസ്എസിന്റെ പരസ്യപിന്തുണയും ക്രിസ്ത്യൻ സമൂഹത്തിൽ നിന്നു കൂടുതൽ വോട്ടും പ്രതീക്ഷിക്കുന്നു. കോൺഗ്രസിനു പരമ്പരാഗതമായി ലഭിച്ചു വന്ന ഭൂരിപക്ഷ സമുദായ വോട്ടുകൾ കൂടി ആകർഷിക്കാനായാൽ പത്തനംതിട്ട പിടിച്ചെടുക്കാനാകുമെന്നും.

പാർട്ടി സംസ്ഥാന പ്രസിഡന്റും മിസോറം ഗവർണറുമായിരുന്ന കുമ്മനം രാജശേഖരന്റെ മടങ്ങിവരവു തന്നെയാണു തിരുവനന്തപുരത്തു പ്രതീക്ഷ നൽകുന്നത്. ശശി തരൂരിനെ തടയാൻ കഴിയുന്ന സ്ഥാനാർഥിയെന്ന നിലയ്ക്കാണു കുമ്മനത്തെ രംഗത്തിറക്കിയത്. എൽഡിഎഫിനു വേണ്ടി സി. ദിവാകരൻ ശക്തമായ ത്രികോണ മത്സരം ഉറപ്പാക്കുന്നതു കുമ്മനത്തിനു ഗുണകരമാകുമെന്നാണു നേതൃത്വത്തിന്റെ നിഗമനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com