ADVERTISEMENT

തിരുവനന്തപുരം∙ പ്രമുഖരെല്ലാം ആഗ്രഹിച്ച പത്തനംതിട്ട സീറ്റിൽ മാത്രം ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്തതു നേതാക്കൾക്കിടയിലെ കടുത്ത ഭിന്നത കാരണമെന്നു സൂചന. കെ. സുരേന്ദ്രനു സീറ്റ് നൽകാൻ ധാരണയായിരുന്നെങ്കിലും സീറ്റ് നേടിയെടുക്കുന്നതിനായി സുരേന്ദ്രന്റെ ഭാഗത്തുനിന്നുണ്ടായ സമ്മർദനീക്കങ്ങളാണു തീരുമാനം വൈകിപ്പിക്കുന്നത്.

ദേശീയ അധ്യക്ഷൻ അമിത് ഷായുടെ ഫെയ്സ്ബുക് പോസ്റ്റിനു താഴെ സുരേന്ദ്രനു സീറ്റ് നൽകണമെന്നാവശ്യപ്പെട്ട് ഒട്ടേറെ ബിജെപി പ്രവർത്തകർ കമന്റ് ഇട്ടിരുന്നു. സംസ്ഥാനത്തെ ചില നേതാക്കൾ ഇതു കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയിൽപെടുത്തി. സമ്മർദനീക്കത്തിലൂടെ സീറ്റ് നേടാനാകുമെന്ന സന്ദേശം അണികൾക്കു ലഭിക്കാതിരിക്കാനാണ് ആദ്യഘട്ട പട്ടികയിൽ നിന്ന് പത്തനംതിട്ട ഒഴിവാക്കിയതെന്നാണു സൂചന.

സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള, കേന്ദ്രമന്ത്രി അൽഫോൻ‌സ് കണ്ണന്താനം, എം.ടി. രമേശ് എന്നിവരാണു സുരേന്ദ്രനു പുറമെ പത്തനംതിട്ട സീറ്റിനായി രംഗത്തുണ്ടായിരുന്നത്. എം.ടി. രമേശ് ആദ്യഘട്ടത്തിൽ തന്നെ പിന്മാറി. തനിക്കു ശക്തമായ ബന്ധുബലമുള്ള മണ്ഡലമെന്ന നിലയിൽ പത്തനംതിട്ട വേണമെന്നു കണ്ണന്താനം ആവശ്യപ്പെട്ടെങ്കിലും സംസ്ഥാന നേതൃത്വം തുണച്ചില്ല. എൻഎസ്എസിന്റെ പിന്തുണ നേടിയെടുത്തു പത്തനംതിട്ടയിൽ നേട്ടം കൊയ്യാമെന്നു പ്രതീക്ഷിച്ചിരുന്ന ശ്രീധരൻ പിള്ളയും ഡൽഹിയിലെ അവസാനവട്ട ചർച്ചയിൽ പിന്മാറാൻ സന്നദ്ധനായി.

എന്നാൽ, സുരേന്ദ്രന്റെ കാര്യത്തിൽ തീരുമാനം പെട്ടെന്നു വേണ്ടെന്ന സന്ദേശം കേന്ദ്ര നേതൃത്വത്തിനു കേരളത്തിൽ നിന്നു തന്നെ ലഭിച്ചു എന്നാണു സൂചന. സുരേന്ദ്രനു തന്നെ പത്തനംതിട്ട നൽകണമെന്ന ആവശ്യത്തിൽ ശക്തമായി ഉറച്ചു നിൽക്കുകയാണു വി. മുരളീധരപക്ഷം. തീരുമാനം വൈകിയാലും സീറ്റ് സുരേന്ദ്രനു തന്നെയാകുമെന്നാണ് അവരുടെ പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com