കേരളരാഷ്ട്രീയത്തിലെ രണ്ടു വൻ പോരാളികൾ മുഖാമുഖം; പൊടിപാറും വടകരയങ്കം

P. Jayarajan, K. Muralidharan
പി. ജയരാജൻ, കെ. മുരളീധരൻ
SHARE

ചുവടുകളും അടവുകളും തേച്ചുമിനുക്കി പി. ജയരാജൻ ഇറങ്ങിനിന്ന കടത്തനാടൻ അങ്കത്തട്ടിലേക്കു ‘പക്ഷിക്കരണം’ മറിഞ്ഞാണ് കെ. മുരളീധരൻ ചാടിവീണത്. ഇതോടെ, പതിനെട്ടടവുകളും പയറ്റുന്ന പൊടിപാറും പോരിന് വടകരയുടെ മണ്ണൊരുങ്ങുകയാണ്. കേരള രാഷ്ട്രീയത്തിലെ രണ്ടു കടുത്ത പോരാളികൾ ഏറ്റമുട്ടുമ്പോൾ പ്രതിയോഗിയെ ചുരികത്തുമ്പിൽ കോർക്കുക യുഡിഎഫോ എൽഡിഎഫോ എന്നറിയാൻ കേരളം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. പോരാട്ടം കൊഴുപ്പിക്കാൻ എൻഡിഎയും തട്ടിലേറിയിട്ടുണ്ട്. 

മാറിമറിഞ്ഞ മനസ്സ്

കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ്, തലശ്ശേരി നിയമസഭാ മണ്ഡലങ്ങളിലും കോഴിക്കോട്ടെ വടകര, കൊയിലാണ്ടി, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര മണ്ഡലങ്ങളിലുമായി പരന്നു കിടക്കുന്ന വടകര മണ്ഡലത്തിന്റെ  രാഷ്ട്രീയ മനസ്സ് ആർക്കുമങ്ങനെ പിടികൊടുക്കാത്തതാണ്.

1971 മുതൽ 6 തവണ കെ.പി. ഉണ്ണിക്കൃഷ്ണനെ കടാക്ഷിച്ചു. വ്യത്യസ്ത മുന്നണികളിലായി കോൺഗ്രസ്, കോൺഗ്രസ് (യു), കോൺഗ്രസ് (എസ്) എന്നീ തോണികളിൽ കാലുവച്ചാണ് അദ്ദേഹം വട‘കര’ പിടിച്ചത്. 96ൽ അതേ ഉണ്ണിക്കൃഷ്ണനെ സിപിഎമ്മിലെ ഒ. ഭരതൻ തോൽപിച്ചു. 98ലും 99ലും സിപിഎമ്മിലെ തന്നെ എ.കെ. പ്രേമജത്തിനൊപ്പം. 2004ൽ 1.30 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പി. സതീദേവി. 1980ൽ തോറ്റു മടങ്ങിയ വടകര ചോമ്പാലക്കാരൻ മുല്ലപ്പള്ളി രാമചന്ദ്രൻ 2009ൽ തിരിച്ചെത്തിയപ്പോൾ അരലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് മണ്ഡലം പിടിച്ചു. ടി.പി. ചന്ദ്രശേഖരന്റെ വധത്തിനുശേഷം നടന്ന 2014 ലെ വോട്ടെടുപ്പിൽ എ.എൻ. ഷംസീറിനെ മറികടന്നാണു വടകര, മുല്ലപ്പള്ളിയുടെ കൈപിടിച്ചത്. 

അങ്കത്തട്ടിൽ

കണ്ണൂർ ജയരാജത്രയത്തിലെ പ്രതാപശാലിയായ പി. ജയരാജനെ ഇക്കുറി സിപിഎം നിയോഗിച്ചപ്പോൾ ലക്ഷ്യം  വടകര തിരിച്ചുപിടിക്കുക എന്നതു തന്നെയാണ്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പദവിയൊഴിഞ്ഞ് അതിവേഗം വടകരയിലെത്തിയ ജയരാജന്റെ പ്രചാരണ പര്യടനം മുന്നേറി.

മൂന്നാമങ്കത്തിനില്ലെന്നു മുല്ലപ്പള്ളി ഉറച്ചുനിന്നതോടെ കോൺഗ്രസ് ചർച്ചകൾ വഴിമുട്ടി. യുഡിഎഫിനു പിന്തുണ നൽകുമെന്ന് ആർഎംപി പ്രഖ്യാപിച്ചിട്ടും കോൺഗ്രസ് തീരുമാനം നീണ്ടു. ആ ഘട്ടത്തിലാണു ‘ലീഡറു’ടെ മകന്റെ ‘ലീഡ് റോളി’ലേക്കുള്ള വരവ്. വടകരയിലെ രാഷ്ട്രീയപ്പയറ്റിൽ എതിരാളികളെ ഞെട്ടിച്ചുകൊണ്ടാണു മുരളീധരന്റെ രംഗപ്രവേശം. കണ്ണൂരിന്റെ ‘ചെഞ്ചോരപ്പൊൻകതിർ’ കൊയ്തെടുക്കാൻ കോൺഗ്രസിന്റെ വജ്രായുധം.

ജയരാജന്റേതു ലോക്സഭയിലേക്കുള്ള ആദ്യ അങ്കമാണ്. ഇടതു കോട്ടയായ കൂത്തുപറമ്പിനെ 3 തവണ നിയമസഭയിൽ പ്രതിനിധീകരിച്ചു. 1999ൽ രാഷ്ട്രീയ എതിരാളികളുടെ വെട്ടേറ്റു കിടക്കയിലായെങ്കിലും കരുത്തനായി തിരിച്ചെത്തി ഇടതുമനസ്സ് കീഴടക്കി. വലതുകൈയുടെ സ്വാധീനക്കുറവും അറ്റുപോയ ഇടതു തള്ളവിരലും ജയരാജനിലെ പോരാളിക്കു തടസ്സമായില്ല. സിപിഎം ജില്ലാ സെക്രട്ടറിയായി 8 വർഷം കണ്ണൂരിൽ പാർട്ടിയെ നയിച്ചു. സഹോദരി സതീദേവി മത്സരിച്ചപ്പോൾ ഉൾപ്പെടെ വടകര മണ്ഡലത്തിൽ രാഷ്ട്രീയ നീക്കങ്ങൾക്കു ചുക്കാൻ പിടിച്ചതിന്റെ പരിചയവുമുണ്ട്.

ജയരാജനെ തളയ്ക്കാൻ കോൺഗ്രസ് ഇറക്കിയ തുറുപ്പുചീട്ടാണു മുരളീധരൻ. മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകൻ. വടകരയിൽ ഇറങ്ങാൻ ആരും തയാറാകാതിരുന്നപ്പോൾ വെല്ലുവിളി ഏറ്റെടുത്ത് വീരനായകനായാണു മുരളിയുടെ വരവ്. മുസ്‍ലിം ലീഗിന്റെയും ആർഎംപിയുടെയും ഇടപെടലുകളും അദ്ദേഹത്തിന്റെ വരവിനു കളമൊരുക്കി. മണ്ഡലത്തിലെ ചില ഇടതുപക്ഷ സഹയാത്രികരും മത്സരിക്കാൻ തന്നോട് ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം പറയുന്നു.

3 തവണ കോഴിക്കോടിനെ ലോക്സഭയിൽ പ്രതിനിധീകരിച്ച മുരളിക്കു ജയവും (3 തവണ എംപി, വട്ടിയൂർക്കാവിൽ നിന്നു 2 തവണ എംഎൽഎ) തോൽവിയും (ലോക്സഭയിലേക്കു 3 തവണ, നിയമസഭയിലേക്കു 2 തവണ) പരിചയമുണ്ട്. കെപിസിസി അധ്യക്ഷനായിരിക്കെ മന്ത്രിക്കസേരയിലേറിയശേഷം  ഉപതിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തോൽവി പിണഞ്ഞിട്ടുമുണ്ട്. തോൽവിയിൽ ഖിന്നനായി കോൺഗ്രസിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്. പക്ഷേ, തറവാട്ടിലേക്കു മടങ്ങിയെത്തിയതു മുതൽ കോൺഗ്രസിന്റെ കരുത്താണ്. നിലപാടുകളിലെ വ്യക്തതയും ഇടപെടലുകളിലെ തന്ത്രജ്ഞതയും മുരളിയെ ഗ്രൂപ്പുകൾക്ക് അതീതനാക്കി. അക്രമ രാഷ്ട്രീയത്തിനെതിരായ തേരു തെളിച്ച് വടകരയിൽ നിന്നു പാർലമെന്റിലേക്കു പോകാൻ മുരളിക്കേ കഴിയുകയുള്ളൂവെന്നു വിശ്വസിക്കുന്ന പ്രവർത്തകർ കഴിഞ്ഞ ദിവസം വടകരയിൽ രാജകീയ വരവേൽപാണു സ്ഥാനാർഥിക്കു നൽകിയത്.

ശബരിമല വിഷയത്തിലെ ഇടപെടലുകളും അക്രമ രാഷ്ട്രീയത്തിനെതിരായ വികാരവും തുണയ്ക്കുമെന്നാണു ബിജെപി പ്രതീക്ഷ. വടകര സ്വദേശിയായ സംസ്ഥാന സെക്രട്ടറി വി.കെ. സജീവൻ ഒരുവട്ടം കൂടി മത്സരത്തിനിറങ്ങുമ്പോൾ മികച്ച പോരാട്ടമാണു പാർട്ടിയുടെ ലക്ഷ്യം. 2009ൽ നേടിയതിനേക്കാൾ ഇരട്ടിയോളം വോട്ടുകൾ കഴിഞ്ഞ തവണ നേടി. 2011ലെ നിയമസഭ തിരഞ്ഞെടുപ്പിനേക്കാളും മികച്ച പ്രകടനം 2016ൽ നടത്തി. ഇത്തവണ അതിനേക്കാൾ മികച്ച പ്രകടനമാണു നോട്ടം. ആർഎസ്എസിലൂടെ പൊതുരംഗത്തേക്കെത്തിയ വടകര സ്വദേശിയായ സജീവൻ കഴിഞ്ഞ 4 വർഷമായി ബിജെപി സംസ്ഥാന സെക്രട്ടറിയാണ്.

മുന്നണിപ്പോര്

വടകരയിലെ ഭൂരിഭാഗം നിയമസഭാ മണ്ഡലങ്ങളും തദ്ദേശസ്ഥാപനങ്ങളും ഇടതുചേർന്നാണു നിൽക്കുന്നത്. 7 മണ്ഡലങ്ങളിൽ പാറക്കൽ അബ്ദുല്ല (മുസ്‍ലിം ലീഗ്) ജയിച്ച കുറ്റ്യാടിയൊഴികെ എല്ലായിടത്തും എൽഡിഎഫ് എംഎൽഎമാരാണ്. തലശ്ശേരി, കൂത്തുപറമ്പ്, പേരാമ്പ്ര, കൊയിലാണ്ടി എന്നിവിടങ്ങളിൽ സിപിഎമ്മും വടകരയിൽ ജെഡിഎസും നാദാപുരത്തു സിപിഐയും വെന്നിക്കൊടി പാറിച്ചു.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വടകര ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫിന്റെ ആകെ ഭൂരിപക്ഷം 76,991 വോട്ടുകളാണ്. തദ്ദേശസ്ഥാപനങ്ങളിൽ 37 ഇടങ്ങളിലും ഇടതുഭരണമാണ്. യുഡിഎഫിന് 14 തദ്ദേശസ്ഥാപനങ്ങൾ. ഒരിടത്ത് ആർഎംപി.

സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ ജനം പ്രതികരിക്കുമെന്നു യുഡിഎഫ് കരുതുന്നു. മുസ്‍ലിം ലീഗിന്റെ ഉറച്ച പിന്തുണയും ശബരിമല വിഷയത്തിലെ മുരളിയുടെ ഉറച്ച നിലപാടുകളും വോട്ടാകുമെന്നു യുഡിഎഫ് ക്യാംപ്. ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ രമയെ നിർത്താതെ യുഡിഎഫിനു പിന്തുണ നൽകുന്ന ആർഎംപിയും ആത്മവിശ്വാസം കൂട്ടുന്നു. എൽജെഡിയിലെ ഭിന്നതയും അനുകൂല ഘടകമാകുമെന്നു പ്രതീക്ഷ.

കഴിഞ്ഞ 10 വർഷം വികസനകാര്യത്തിൽ കോൺഗ്രസ് മണ്ഡലത്തെ പിന്നോട്ടു നടത്തിയെന്നാരോപിച്ചാണു സിപിഎം വോട്ട് പിടിക്കുന്നത്. യഥാർഥ വികസനത്തിലേക്കു കൈപിടിച്ചു നടത്താൻ ജയരാജനു കഴിയുമെന്ന് എൽഡിഎഫ് പറയുന്നു. സാന്ത്വനപരിചരണരംഗത്ത് അദ്ദേഹം കണ്ണൂരിൽ നടത്തുന്ന പ്രവർത്തനങ്ങളെ വോട്ടർമാർ അംഗീകരിക്കുമെന്നും ലോക്താന്ത്രിക് ജനതാദളിന്റെ പിന്തുണ തുണയ്ക്കുമെന്നും ആത്മവിശ്വാസത്തോടെ ഇടതുപക്ഷം കണക്കുകൂട്ടുന്നു. മോദി പ്രഭാവത്തിൽ വോട്ട് ശതമാനം കൂടുമെന്നാണു ബിജെപി പ്രതീക്ഷ. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരായ ജനവികാരം തങ്ങളെ തുണയ്ക്കുമെന്നും അവർ കണക്കുകൂട്ടുന്നു. 

English Summary: Two heavy weights of Kerala politics face to face in Vadakara Loksabha election 2019

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA