സിപിഎം ഓഫിസിലെ പീഡനം; പ്രതി അറസ്റ്റിൽ

p-prakasan
ചെ‌ർപ്പുളശ്ശേരി പീഡന കേസിൽ അറസ്റ്റിലായ പ്രകാശിനെ വൈദ്യപരിശോധനയ്ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോൾ.
SHARE

പാലക്കാട് ∙ സിപിഎം ചെർപ്പുളശ്ശേരി ഏരിയാ കമ്മിറ്റി ഒ‍ാഫിസിൽ വച്ചു പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ പുത്തനാൽക്കൽ തട്ടാരുതെ‍ാടിയിൽ പി. പ്രകാശനെ(28) അറസ്റ്റു ചെയ്തു. സിഐ പി. പ്രമേ‍ാദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് ഒറ്റപ്പാലം കേ‍‍ാടതിയിൽ ഹാജരാക്കും.

കഴിഞ്ഞ വർഷം ജൂൺ ആദ്യ ആഴ്ചയിൽ പാർട്ടി ഒ‍ാഫിസിൽ കേ‍ാളജ് മാഗസിൻ ജോലിക്കായി എത്തിയപ്പേ‍ാൾ പാനീയം നൽകി മയക്കി പീഡനത്തിന് ഇരയാക്കിയെന്നാണു യുവതിയുടെ മെ‍ാഴി. ഇക്കാര്യം യുവതി ഒന്നാം ക്ലാസ് മജിസ്ട്രേട്ടിനു മുൻപിലും ആവർത്തിച്ചതായാണ് അറിയുന്നത്. പ്രസവ ശേഷം കുഞ്ഞിനെ ഉപേക്ഷിച്ചതിനു കേസെടുത്തു ചോദ്യം ചെയ്തപ്പോൾ നൽകിയ മെ‍ാഴിയിലാണു പാർട്ടി ഒ‍ാഫിസിൽ പീഡിപ്പിക്കപ്പെട്ടതായി പറഞ്ഞത്.

വിവാദം നേരിടാൻ താഴെത്തട്ടിൽ വിശദീകരണം നടത്താൻ സിപിഎം ആലോചിക്കുന്നുണ്ട്. പാർട്ടി ഒ‍ാഫിസിനെ ആസൂത്രിതമായി വിവാദത്തിലേക്കു വലിച്ചിഴയ്ക്കുകയാണെന്നും സമഗ്ര അന്വേഷണം നടത്തി ഗൂഢാലേ‍ാചന പുറത്തു കെ‍ാണ്ടുവരണമെന്നുമാണു പാർട്ടി ആവശ്യപ്പെടുന്നത്. യുവതിയുടെ മെ‍ാഴിയെടുക്കാൻ പെ‍ാലീസ് ജില്ലാ ആശുപത്രിയിലെത്തിയെങ്കിലും അവരുടെ ആരേ‍ാഗ്യനില മെച്ചപ്പെട്ടിട്ടില്ലെന്നു ഡേ‍ാക്ടർമാർ അറിയിച്ചതിനെത്തുടർന്നു മടങ്ങി. സംഭവത്തിൽ കുഞ്ഞിന്റെ ഡിഎൻഎ പരിശേ‍ാധനയുൾപ്പെടെ നടത്തുമെന്നു ജില്ലാ പൊലീസ് മേധാവി പി.എസ്. സാബു പറഞ്ഞു. എസ്എഫ്ഐ പ്രവർത്തകയായ യുവതി പാർട്ടി ഒ‍ാഫിസിൽ വരാറുണ്ടായിരുന്നു എന്നാണു പെ‍ാലീസിനു ലഭിച്ച വിവരം. അതേസമയം, ഒ‍‍ാഫിസിൽ പോയെന്ന ആരേ‍ാപണം യുവാവ് നിഷേധിച്ചതായും പെ‍ാലീസ് പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA