ADVERTISEMENT

ന്യൂഡൽഹി ∙ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിലും മൽസരിച്ചേക്കുമെന്ന സൂചനകളിൽ നീരസം വ്യക്തമാക്കി സിപിഎം, സിപിഐ കേന്ദ്രനേതൃത്വങ്ങൾ. കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം മുന്നോട്ടുവയ്ക്കുന്ന ബിജെപി വിരുദ്ധ, മതനിരപേക്ഷ രാഷ്ട്രീയവുമായി ഒത്തുപോകാത്ത നടപടിയായി രാഹുലിന്റെ സ്ഥാനാർഥിത്വം വിലയിരുത്തപ്പെടുമെന്നു നേതാക്കൾ സൂചിപ്പിച്ചു. ഇടതുപക്ഷ സ്ഥാനാർഥിക്കെതിരെ രാഹുൽ മൽസരിക്കുമ്പോൾ ദേശീയ തലത്തിൽ അത് ഇടതുവിരുദ്ധ പോരാട്ടമായും കണക്കാക്കപ്പെടുമെന്നാണു വിലയിരുത്തൽ.

ഔദ്യോഗിക പ്രഖ്യാപനം വന്നശേഷം നിലപാട് വ്യക്തമാക്കാമെന്നാണു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ പ്രതികരണം. വയനാട്ടിൽ രാഹുൽ മൽസരിക്കുമെന്ന വാർത്ത അപ്രതീക്ഷിതമെന്നു സിപിഐ ജനറൽ സെക്രട്ടറി എസ്. സുധാകര റെഡ്ഡി പറഞ്ഞു.

കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിന്റെയും കോൺഗ്രസ് സംസ്ഥാന നേതാക്കളുടെ താൽപര്യങ്ങളുടെയും അടിസ്ഥാനത്തിൽ മാത്രം തീരുമാനമെടുക്കുന്നതു ദേശീയ പ്രതിപക്ഷ ഐക്യത്തെ ബാധിക്കുമെന്നാണു ഇടതു നിലപാട്. 

സംസ്ഥാനങ്ങളിലെ താൽപര്യം മാത്രം കണക്കിലെടുത്തതിനാൽ സീറ്റ് ധാരണയുടെ കാര്യം വന്നപ്പോൾ പല സംസ്ഥാനങ്ങളിലും പ്രതിപക്ഷ കൂട്ടായ്മ ഇല്ലാതായെന്നും ഇതിന്റെ പ്രധാന ഉത്തരവാദിത്തം കോൺഗ്രസിനാണെന്നും ഇടതുനേതാക്കൾ കുറ്റപ്പെടുത്തുന്നു.

അങ്കലാപ്പിൽ ബിജെപി

തിരുവനന്തപുരം ∙ യുപിഎയുടെ പ്രധാനമന്ത്രി സ്ഥാനാർഥി കേരളത്തിൽ മത്സരിക്കാനിടയുണ്ടെന്ന വാർത്ത ബിജെപി കേന്ദ്രങ്ങളെ അങ്കലാപ്പിലാക്കി. ദേശീയ നേതാക്കളെ കേരളത്തിൽ കളത്തിലിറക്കാൻ ബിജെപി ആലോചിച്ചിരുന്നു. പക്ഷേ, ആ നീക്കം നടന്നില്ല; പകരം സാക്ഷാൽ രാഹുൽ ഗാന്ധി തന്നെ ഇവിടെ മത്സരിക്കാനെത്തുന്നുവെന്നാണു വാർത്ത.

അമേഠിയിലെ പരാജയഭീതി കൊണ്ടാണു രാഹുൽ വയനാടിന്റെ സുരക്ഷ തേടുന്നതെന്ന പരിഹാസമാണു ബിജെപിയുടെത്. കേരളത്തിൽ പ്രധാന മത്സരം ഇടതുപക്ഷവുമാണെന്നതിനാൽ രാഹുൽ മത്സരിക്കുന്നതുകൊണ്ടു ബിജെപിക്കു പ്രത്യേകിച്ചൊന്നും സംഭവിക്കില്ലെന്നും അവർ ആശ്വസിക്കുന്നു.

ഇതേസമയം, രാഹുലിന്റെ സ്ഥാനാർഥിത്വം കോൺഗ്രസ് തരംഗത്തിനു വഴിവച്ചാൽ സാധ്യത കൽപ്പിക്കുന്ന മണ്ഡലങ്ങളിലും അതു പാർട്ടിയെ പിന്നോട്ടടിക്കുമോയെന്ന ആശങ്ക ബിജെപിക്കുണ്ട്. ദേശീയ തലത്തിൽ തന്നെയുള്ള ശ്രദ്ധാകേന്ദ്രമായി വയനാടും അതുവഴി കേരളവും മാറാം.

English Summary: Rahul Gandhi's Wayanad candidature causing worry for LDF and BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com