ADVERTISEMENT

തീ കോരിയിടുന്ന ചൂടിനെ തോൽപിക്കണം. ഒപ്പം, തീ പാറുന്ന പോരാട്ടത്തിലൂടെ എതിരാളികളെ തോൽപിക്കണം. പാലക്കാടൻ കാറ്റിന്റെ ചൂടു പോലെ ഇവിടത്തെ മൽസരവും.

കണക്കിലാണു വിശ്വാസം

ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ ലക്ഷപ്രഭുവാണു സിപിഎമ്മിന്റെ സിറ്റിങ് എംപി എം.ബി.രാജേഷ്. 2009 ൽ ആദ്യ ഊഴത്തിൽ കോൺഗ്രസിലെ സതീശൻ പാച്ചേനിയെ വെറും 1820 വോട്ടിനു തോൽപിച്ച രാജേഷ് 2014 ൽ യുഡിഎഫിലെ എം.പി. വീരേന്ദ്രകുമാറിനെതിരെ നേടിയത് 1,05,300 വോട്ടിന്റെ ഭൂരിപക്ഷം. എന്നാൽ, കഴിഞ്ഞ തവണത്തെ വൻ പരാജയത്തിനു മറ്റു കാരണങ്ങളുണ്ടെന്നും അവയെല്ലാം പരിഹരിച്ചെന്നുമാണു കോൺഗ്രസിന്റെ അവകാശവാദം. ഡിസിസിയെ നയിക്കുന്ന വി.കെ. ശ്രീകണ്ഠൻ മണ്ഡലം തിരിച്ചുപിടിക്കുമെന്ന് അവർക്ക് ആത്മവിശ്വാസം.

ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന മലമ്പുഴ, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിൽ 2016 ൽ രണ്ടാം സ്ഥാനത്തെത്തിയതാണു ബിജെപിയുടെ ആത്മവിശ്വാസം. വി.എസ്. അച്യുതാനന്ദനോടു മലമ്പുഴയിൽ മത്സരിച്ചു രണ്ടാമതെത്തിയ സി. കൃഷ്ണകുമാറാണ് അവരുടെ സ്ഥാനാർഥി.

ചരിത്രമിങ്ങനെ പറയും

1967 ൽ ഇ.കെ. നായനാരും 1971 ൽ എകെജിയും വിജയിച്ച ലോക്സഭാ മണ്ഡലം 1977 ൽ എ.സുന്നാ സാഹിബിലൂടെ കോൺഗ്രസ് സ്വന്തമാക്കി. 1980 ലും 1984 ലും കോൺഗ്രസിലെ വി.എസ്. വിജയരാഘവൻ ജയിച്ചു. 1989 ൽ അദ്ദേഹത്തെ തോൽപിച്ച് സിപിഎമ്മിലെ എ. വിജയരാഘവൻ എംപിയായി. 1991 ൽ എ. വിജയരാഘവനെ തോൽപിച്ച് വി.എസ്. വിജയരാഘവൻ മണ്ഡലം തിരിച്ചെടുത്തു. 1996 മുതൽ 2004 വരെ സിപിഎമ്മിലെ എൻ.എൻ. കൃഷ്ണദാസും തുടർന്നിങ്ങോട്ട് എം.ബി. രാജേഷും ജയിച്ച മണ്ഡലം.

2014 ൽ ഏഴിൽ 6 മണ്ഡലങ്ങളിലും ഇടതുപക്ഷമായിരുന്നു മുന്നിൽ. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ചെണ്ണം എൽഡിഎഫിനും രണ്ടെണ്ണം യുഡിഎഫിനും ഒപ്പം നിന്നു. കേരളത്തിൽ ബിജെപി ഭരിക്കുന്ന എക നഗരസഭ പാലക്കാട് ആണെന്നതിനാൽ ഇവിടത്തെ പോരാട്ടം അവർക്കും അഭിമാനപ്രശ്നം.

വികസന രസതന്ത്രം

അട്ടപ്പാടി മുതൽ ഐഐടി വരെ തിരഞ്ഞെടുപ്പു വിഷയങ്ങളാണ്. തന്റെ ശ്രമഫലമായാണ് ഐഐടി യാഥാർഥ്യമായതെന്നു രാജേഷ് പറയുന്നു. പാസ്പോർട്ട് സേവാകേന്ദ്രം, റെയിൽവേ വികസനം, ഇൻസ്ട്രുമെന്റേഷന്റെയും ഐടിഐയുടെയും പുനരുജ്ജീവനം എന്നിവയും ഉയർത്തിപ്പിടിക്കുന്നു. കഞ്ചിക്കോട് കോച്ച് ഫാക്ടറി യാഥാർഥ്യമാകാത്തതിനു കാരണം കേന്ദ്രസർക്കാരാണെന്ന് ആരോപിക്കുന്നു.

കോച്ച് ഫാക്ടറിയുടെ കാര്യത്തിൽ സിപിഎമ്മിനെയും ബിജെപിയെയും ഒരുപോലെ ആക്രമിക്കുകയാണ് കോൺഗ്രസ്. ആരോഗ്യരംഗത്തും ആദിവാസി ക്ഷേമത്തിലും വൻ നേട്ടങ്ങൾ അവകാശപ്പെടുമ്പോഴാണ് ഭക്ഷണം മോഷ്ടിച്ചെന്ന പേരിൽ മധു എന്ന ആദിവാസി ചെറുപ്പക്കാരൻ അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന കാര്യവും ചൂണ്ടിക്കാട്ടുന്നു. കേന്ദ്രസർക്കാർ പല പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും രാഷ്ട്രീയ ലക്ഷ്യത്തോടെ ഇടതുപക്ഷം അതെല്ലാം അട്ടിമറിക്കുകയായിരുന്നുവെന്ന് ആരോപിച്ചതു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ തന്നെയാണ്.

ഓപ്പൺ ആണ് രാജേഷ്

എം.ബി. രാജേഷ് തന്റെ ഫണ്ട് ഉപയോഗിച്ചു കോട്ടമൈതാനത്ത് ഓപ്പൺ ജിം ആരംഭിച്ചിട്ടുണ്ട്. ‘ജിമ്മിൽ ആളു കൂടുമ്പോൾ ആശുപത്രികളിൽ ആളു കുറയും’ എന്നു നിരീക്ഷണം. മറ്റ് ആരോഗ്യസംരക്ഷണ പദ്ധതികൾക്കും ധാരാളം ഫണ്ട് നൽകിയിട്ടുണ്ട്. ഒറ്റപ്പാലം എൻഎസ്എസ് കോളജിലെ എസ്എഫ്ഐ പ്രവർത്തകനിൽ നിന്നു ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റും ലോക്സഭാംഗവുമായി വളർന്നപ്പോഴും നാട്ടുകാരനായി ജനങ്ങളോടൊപ്പമുണ്ട്. ദേശീയ മാധ്യമങ്ങളിലും പാർലമെന്റിലും സിപിഎമ്മിന്റെ ശബ്ദമാണ്. മൂന്നാം തവണയും മൽസരിപ്പിക്കാൻ സിപിഎമ്മിനെ പ്രേരിപ്പിച്ചത് ഇതൊക്കെയാണ്. 

ശ്രീകണ്ഠന്റെ ‘ജയ്ഹോ’

‘ജയ്ഹോ’ എന്ന പേരിൽ ജില്ലയിൽ നടത്തിയ പദയാത്രയിലൂടെ ഉൾഗ്രാമങ്ങളിൽ സജീവമാക്കിയ പാർട്ടി സംവിധാനങ്ങളുടെ കരുത്തുമായാണു ശ്രീകണ്ഠൻ വോട്ടു ചോദിക്കുന്നത്. പാലക്കാട്ടെ പൊരിവെയിലിൽ 400 കിലോമീറ്ററിലധികം നടക്കുമ്പോൾ സ്ഥാനാർഥിത്വം പോലും കോൺഗ്രസ് തീരുമാനിച്ചിരുന്നില്ല. ഷാഫി പറമ്പിൽ മത്സരിക്കുമെന്നു ശ്രുതി ഉയർന്നിരുന്നു. എന്നാൽ, ഷാഫി തന്നെ പറഞ്ഞു– ‘‘ശ്രീകണ്ഠൻ മത്സരിക്കും. ഞാൻ പ്രചാരണം നയിക്കും.’’ ആ കൂട്ടുകെട്ടാണു രംഗത്തുള്ളത്.

കെഎസ്‍യു പ്രവർത്തകനായി പൊതുജീവിതം ആരംഭിച്ച ശ്രീകണ്ഠൻ പ്രീഡിഗ്രി ക്ലാസിൽ എം.ബി. രാജേഷിന്റെ സഹപാഠിയായിരുന്നു. യൂത്ത് കോൺഗ്രസിൽ ദേശീയ ജനറൽ സെക്രട്ടറി വരെയായി. ഇപ്പോൾ പാലക്കാട് ഡിസിസി പ്രസിഡന്റും ഷൊർണൂർ നഗരസഭാംഗവുമാണ്.

കൃഷ്ണകുമാറിന്റെ ജനകീയത

ജില്ലയിലെ ബിജെപിയുടെ ജനകീയ മുഖമാണു സി.കൃഷ്ണകുമാർ. പാർട്ടിക്ക് ഉപരിയായും വ്യക്തിബന്ധങ്ങൾ. നഗരസഭാ ഉപാധ്യക്ഷൻ. ശബരിമല വിഷയവുമായി ബന്ധപ്പെട്ടു പാലക്കാട്ട് ബിജെപി നടത്തിയ സമരങ്ങൾ നയിച്ചതിന്റെ നേട്ടം കൃഷ്ണകുമാറിനു ലഭിക്കുമെന്നാണു പാർട്ടി കരുതുന്നത്. കേന്ദ്രപദ്ധതികൾ ഉൾപ്പെടെ പാലക്കാട് നഗരസഭയ്ക്കു നേടിക്കൊടുക്കുന്നതിൽ കൃഷ്ണകുമാറിന്റെ നേതൃപാടവം കൂടി പങ്കു വഹിച്ചിട്ടുണ്ട്.

ആരു ജയിച്ചാലും സ്വീറ്റ് 48

കേരളത്തിൽ മറ്റൊരു മണ്ഡലത്തിനുമില്ലാത്ത ഒരു സവിശേഷത ഇത്തവണ പാലക്കാടിനുണ്ട്. ആരു ജയിച്ചാലും പാലക്കാട് എംപിക്ക് പ്രായം 48 ആയിരിക്കും. മുന്നണി സ്ഥാനാർഥികളായ എം.ബി രാജേഷിനും വി.കെ ശ്രീകണ്ഠനും സി. കൃഷ്ണകുമാറിനും 48 വയസ്സാണു പ്രായം. ഇവരിൽ രാജേഷും ശ്രീകണ്ഠനും പ്രീഡിഗ്രിക്കു സഹപാഠികളുമാണ്. മൂവരും വിദ്യാർഥി രാഷ്ട്രീയത്തിലൂടെ വന്നവരും.

English summary: Palakkad loksabha election 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com