തിരുവനന്തപുരം ∙ തൃശൂരിൽ സുരേഷ് ഗോപിയെ കൂടി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലും മൂന്നു മുന്നണികളുടെയും സ്ഥാനാർഥി ചിത്രം തെളിഞ്ഞു. ഇനി തീക്ഷ്ണമായ പോരാട്ടത്തിന്റെ 20 ദിവസങ്ങൾ. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച അനിശ്ചിതത്വം മാറിയതോടെ മൂന്നു മുന്നണികളുടെയും പോരാളികൾ പടക്കളത്തിൽ സജ്ജമാകാതിരുന്ന ഏക മണ്ഡലം തൃശൂരായിരുന്നു. ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി തൃശൂരിൽ വോട്ടു തേടിത്തുടങ്ങിയശേഷം വയനാട്ടിലേക്കു മാറിയത് അവിടെ ഉണ്ടാക്കിയ ആശയക്കുഴപ്പം മാറ്റാനും ആവേശം ഉയർത്താനും സുരേഷ് ഗോപിയെപോലെ ഒരു സ്ഥാനാർഥിയെ വേണമെന്നതു ബിജെപി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനമാണ്.
നേരത്തേ തിരുവനന്തപുരത്തു സുരേഷ് ഗോപിയുടെ പേരു പ്രചരിച്ചുവെങ്കിലും അവിടെ കുമ്മനം രാജശേഖരൻ വന്നതോടെ അദ്ദേഹം ഇത്തവണ പോരിനില്ലെന്ന നിലയിലായിരുന്നു. ഇതോടെ കേരളത്തിൽ നിന്നുള്ള ബിജെപിയുടെ മൂന്നു രാജ്യസഭാംഗങ്ങളിൽ രണ്ടുപേരും ലോക്സഭാ പോരാട്ടത്തിനിറങ്ങി. കേന്ദ്രമന്ത്രി കൂടിയായ അൽഫോൻസ് കണ്ണന്താനത്തെ എറണാകുളത്ത് ഉറപ്പിച്ചതും ബിജെപി കേന്ദ്ര നേതൃത്വം മുൻകൈയെടുത്താണ് നാമനിർദേശ പത്രിക സമർപ്പിക്കാൻ രണ്ടുദിവസം മാത്രം അവശേഷിക്കുമ്പോഴാണ് ഇത്തവണ ഇരുപതിടത്തും യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികളാകുന്നത്.
വളരെ നേരത്തേ തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച എൽഡിഎഫ് പ്രചാരണ രംഗത്തു മുന്നിലാണെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. സ്ഥാനാർഥിത്വം സംബന്ധിച്ച ചില തർക്കങ്ങൾ യുഡിഎഫിനെ ഒന്നു പിന്നോട്ടടിച്ചുവെങ്കിൽ വടകരയിൽ കെ. മുരളീധരനെയും പിന്നീടു വയനാട്ടിൽ രാഹുൽ ഗാന്ധിയെ തന്നെയും രംഗത്തിറക്കി മുന്നിലേക്കു കുതിച്ചുവെന്ന ആവേശത്തിലാണു യുഡിഎഫ്.
പ്രബലരെ രംഗത്തിറക്കിയും ആവേശകരമായ പ്രചാരണത്തിലൂടെയും ഇരുമുന്നണികൾക്കും മുൻകാലത്തില്ലാത്ത വെല്ലുവിളി ഉയർത്താൻ കഴിയുന്നുവെന്ന പ്രതീക്ഷയിൽ എൻഡിഎയും. വാക്കുപിഴകളും വിവാദങ്ങളുമായി പോർക്കളം ചൂടുപിടിച്ചു കഴിഞ്ഞു. കത്തിക്കാളുന്ന വെയിലിനേക്കാൾ ചൂടുള്ള പോരാട്ടമായിരിക്കും 20 മണ്ഡലങ്ങളിലുമെന്ന സ്ഥിതിയാണ്.