ADVERTISEMENT

മടിയിൽ മുറവുമായി ഇരിക്കുന്ന ബീഡിതെറുപ്പ് തൊഴിലാളികളുടെ ഗ്രാമത്തിന്റെ പേരായിരുന്നു അന്ന് ‘പിണറായി’. വിപ്ലവകാല ചോദ്യങ്ങൾക്കു നേരെ ആ ഗ്രാമം വച്ചു നീട്ടിയ തീക്കനലാണ് പിണറായി വിജയൻ. ചുട്ടുപൊള്ളുന്ന കേരളത്തിലൂടെ ഇടതുപക്ഷത്തിന്റെ പ്രചാരണം നയിക്കുമ്പോൾ ആ കനൽ തീയാകുന്നു. ബിജെപിയേയും കോൺഗ്രസിനെയും ഒരുപോലെ ആക്രമിക്കുമ്പോൾ തീപ്പൊരി ചിതറുന്നു.

പിണറായി വിജയനൊപ്പം ഒരു ദിനം. യാത്ര തുടങ്ങിയത് തൃശൂരിലെ വലപ്പാട് കടപ്പുറത്തു നിന്ന്. 24 മണിക്കൂറിന്റെ ഒരു ദിനം പൂർത്തിയായത് പിറ്റേന്നു വൈകിട്ട് കോഴിക്കോട് കടപ്പുറത്ത്. ഇടവഴിയിൽ പൊന്നാനിയും മഞ്ചേരിയും ഉള്ള്യേരിയും താമരശേരിയും... ‘തിര’ക്ക് നോക്കിയാൽ എല്ലാം കടപ്പുറങ്ങൾ.

വലപ്പാട് തീരദേശ സംഗമത്തിൽ പിണറായി പറഞ്ഞത് ഓഖി ദുരന്തത്തിൽ കേന്ദ്രത്തിലെയും സംസ്ഥാനത്തെയും സർക്കാരുകളുടെ ഇടപെടലുകൾ തമ്മിലെ താരതമ്യമാണ്.

പ്രസംഗം പാതിയായപ്പോൾ  വേദിയിലേക്ക് ഫ്ലാസ്കിൽ ചൂടുവെള്ളമെത്തി. അരഗ്ലാസ് വെള്ളം. അടുപ്പിച്ചു 2 തവണ ചുണ്ടോടടുപ്പിച്ചു കുടിച്ചു. ഗ്ലാസിൽ അൽപം വെള്ളം ബാക്കി. പറയാനൊന്നും ബാക്കിവച്ചതുമില്ല– 

‘‘ഈ തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ നിലനിൽപിനുവേണ്ടിയുള്ള പോരാട്ടമാണ്. പ്രളയകാലത്ത് കേരളത്തെ രക്ഷിച്ചതുപോലെ നിങ്ങൾ രാജ്യത്തെ രക്ഷിക്കാൻ കൈകോർക്കണം’’‌

തീരത്തിന്റെ മക്കൾ കയ്യടിക്കുന്നത് എപ്പോഴും തിരയടിക്കുന്നതുപോലെയാണ്.

pinarayi-vijayan

അളന്നു മുറിച്ചിട്ടത്

പ്രസംഗം കഴിഞ്ഞിറങ്ങുമ്പോഴേക്കും വാഹനനിര തയ്യാർ.

ഏറ്റവും മുന്നിൽ പൊലീസ് വാഹനം.‌

തൊട്ടുപിന്നിൽ മുഖ്യമന്ത്രിയുടെ സുരക്ഷാ സംവിധാനത്തിന്റെ 2 വാഹനങ്ങൾ – കേരള പൊലീസിന്റെയും ഇന്ത്യ റിസർവ് ബറ്റാലിയന്റേയും. ഇസഡ് കാറ്റഗറി സുരക്ഷയുടെ ഭാഗമാണ്. രണ്ടിനും നടുവിൽ മുഖ്യമന്ത്രിയുടെ വാഹനം.‌‌

പൊന്നാനി എ.വി. ഹൈസ്കൂൾ മൈതാനത്ത് പി.വി. അൻവറിന്റെ തിരഞ്ഞെടുപ്പു കൺവൻഷനിൽ പിണറായി പ്രസംഗിച്ചു.

‘സഖാക്കളേ.. (രണ്ടു സെക്കൻഡ് നിശബ്ദത) സഹോദരീ സഹോദരന്മാരേ’ എന്ന് ആമുഖം. 

അളന്നെടുത്തു കത്രികകൊണ്ടു മുറിച്ചിടുന്ന ബീഡിയില പോലെയാണു പിണറായിയിൽ നിന്നു വാക്കുകൾ വീഴുക.‌ 

ഒരു വാക്ക് നിലത്തു വീണുവെന്നുറപ്പാക്കിയിട്ടേയുള്ളു അടുത്ത വാക്ക്. 

പത്രപ്രവർത്തകർക്ക് എളുപ്പമാണ്. ഓരോ വാക്കും വേറിട്ടു കുറിച്ചെടുക്കാം.

‌പ്രസംഗത്തിനിടെ ബാങ്ക് വിളി മുഴങ്ങി. പ്രസംഗം നിർത്തി അദ്ദേഹം കാത്തുനിന്നു.‌

ശേഷം പറഞ്ഞത് ബാബ്റി മസ്ജിദ് തകർത്ത സംഭവത്തെക്കുറിച്ചാണ്. തകർത്തതിനു പിന്നിൽ സംഘപരിവാർ ആണെങ്കിലും ഒത്താശ ചെയ്തത് ഭരണത്തിലിരുന്ന കോൺഗ്രസ് ആണെന്ന ഇരുതലമൂർച്ചയുള്ള ആയുധം പ്രയോഗിച്ചു.‌

സമ്മേളനം കഴിഞ്ഞു കോഴിക്കോട് സർക്കാർ അതിഥി മന്ദിരത്തിലെത്തുമ്പോൾ സമയം രാത്രി 11.00.

Pinarayi Vijayan
പിണറായി വിജയൻ

ചായയില്ലാത്ത സുപ്രഭാതം‌

കോഴിക്കോട് ഗെസ്റ്റ് ഹൗസ്. സ്യൂട്ട് റൂം നമ്പർ ഒന്ന്.

എത്ര വൈകി ഉറങ്ങിയാലും അതിരാവിലെ ഉറക്കമുണരാനുള്ള അലാമുണ്ട് പിണറായി വിജയന്റെ ഉള്ളിൽ. 

ചായ, കാപ്പി പതിവില്ല. ‌തിളപ്പിച്ച വെള്ളം ഫ്ളാസ്കിൽ നിന്നു കുടിച്ചു.

ചെറു വ്യായാമങ്ങളിൽ ദിവസം തുടങ്ങി. ‌

6 മണിയോടെ വാതിൽ തുറന്നിട്ടു; പത്രങ്ങൾക്കുള്ള പ്രവേശന കവാടം.

സഹായികൾ എല്ലാ പത്രങ്ങളും കൈമാറി.

ഒരു മണിക്കൂറിലേറെ നീളുന്ന വാർത്തകളിലൂടെയുള്ള വ്യായാമം.‌ ചെറുപ്പകാലത്ത് ബീഡി തെറുക്കുന്ന തൊഴിലാളികൾക്കു പത്രം വായിച്ചുകൊടുത്തു തുടങ്ങിയ ശീലം.

8 മണിയോടെ സ്പീക്കർ ശ്രീരാമകൃഷ്ണനെത്തി. അടുത്ത നിയമസഭാ സമ്മേളനത്തിന്റെ തീയതി നിശ്ചയിക്കാനുള്ള ചർച്ച. 

പിന്നാലെ പ്രഭാതഭക്ഷണം. ഒരു കഷണം പുട്ട്, ഒരു ഇഡ്ഡലി. കടലക്കറി.

കൃത്യം 9. ഗെസ്റ്റ് ഹൗസിൽനിന്നു പുറത്തേക്ക്. ‌

 കെ.എൽ 22 എം 4600. 

ഒരു പകലിന്റെ നീളം കൊണ്ട് കടന്നുപോകേണ്ടത് 2 ജില്ലകളിലായി 4 പ്രസംഗവേദികൾ. ഇരുനൂറിലേറെ കിലോമീറ്റർ.

ഒരു ‘കോണി’ ചാരിവച്ചാൽ ആർക്കും പാർലമെന്റിലേക്കു കയറിപ്പോകാവുന്നത്ര ആത്മവിശ്വാസം യുഡിഎഫിനുമുള്ള മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ വി.പി. സാനുവിനു വേണ്ടിയുള്ള പൊതുസമ്മേളനം. 

സമ്മേളന സ്ഥലം കഴിഞ്ഞും വാഹനം മുന്നോട്ട്. നീതി എന്ന വീടിനു മുന്നിൽ വാഹനനിര നിന്നു. പിണറായി നേരെ ഉള്ളിലേക്ക്.‌

ഉള്ളിൽ മുൻമന്ത്രി ടി. ശിവദാസ മേനോൻ കാത്തിരിക്കുന്നു. രാഹുൽ ഗാന്ധിയുടെ വരവിനെക്കുറിച്ചു രാഷ്ട്രീയ ചർച്ച. പിന്നെ സുഖാന്വേഷണം. ക്യാമറ തുരുതുരാ മിന്നി.

‘‘പഴയ ഫിലിമല്ലല്ലോ, ഇഷ്ടം പോലെ എടുക്കാമല്ലോ അല്ലേ..’’ പിണറായിയുടെ തമാശ.‌

പുറത്തേക്കിറങ്ങുമ്പോൾ പൂക്കളത്തൂരുകാരൻ മീൻകച്ചവടക്കാരൻ സിദ്ദിഖ് ബാബു നടന്നെത്തുന്നു. രണ്ടരയടി പൊക്കം മാത്രമേയുള്ളുവെങ്കിലും വാനോളം പിണറായി ആരാധനയുള്ളയാൾ.‌വന്നതേ നേരെ പിണറായിയെ ചുറ്റിപ്പിടിച്ചു. ഇരുമുഖത്തും പുഞ്ചിരി.

Pinarayi Vijayan
പിണറായി വിജയൻ

കാർക്കശ്യത്തിലെ കരുതൽ

തിരികെ കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്കു കാറെത്തുമ്പോൾ തീച്ചൂട്. പൊരിവെയിലത്തു പൊലീസുകാരുടെ ഗാർഡ് ഓഫ് ഓണർ. ‌

കാറിൽ നിന്നിറങ്ങിയ പിണറായി അവർക്കു നേരെ കൈനീട്ടി പറഞ്ഞു:‌

തീവെയിലാണ്.ആദ്യം ആ തണലത്തേക്കു മാറി നിൽക്കൂ..!‌

ചുറ്റും അദൃശ്യമായൊരു മുള്ളുവേലി തീർത്തിട്ടുള്ള നേതാവാണു പിണറായി വിജയൻ. പക്ഷേ ആ വേലിക്കെട്ടിനുള്ളിൽ കരുതലുണ്ട്.‌

ഊണിനുശേഷം ചെറുതായൊന്നു വിശ്രമിച്ചു.  ഉച്ചയ്ക്കുശേഷം ഉള്ള്യേരിയിൽ എ. പ്രദീപ്കുമാറിന്റെ തിരഞ്ഞെടുപ്പു കൺവൻഷൻ.‌

പ്രസംഗം കഴിഞ്ഞിറങ്ങുന്നതും കാത്തു വേദിക്കരികിൽ അച്ഛന്റെ ഒക്കത്ത് ഒരു നാലുവയസുകാരി.‌ ‘ഞാൻ മുഖ്യമന്ത്രിക്കു കൈ കൊടുക്കു’മെന്ന വാശിയോടെയുള്ള നിൽപ്. 

ഇറങ്ങി വന്നപ്പോൾ അവൾ ഒന്നു പതുങ്ങി. കൈ കൊടുക്കാനൊരു മടി. 

അതു കണ്ടപ്പോൾ പിണറായിയുടെ കമന്റ്:‌ ‘നിനക്കെന്താ.. നാണം വരുന്നോ...?’ 

പുരികം മേലേക്കുയർത്തി ആസ്വദിച്ചുള്ള ചിരിയോടെയുള്ള ചോദ്യം.

താമരശേരി ചുരം...‌

കോഴിക്കോടു മണ്ഡലം എംഎൽഎ എ. പ്രദീപ്കുമാറിനെ ഇറക്കി തിരിച്ചു പിടിക്കാനുള്ള ശ്രമത്തിനു വീര്യം പകരുന്നു പിണറായി. താമരശേരി ചുരത്തിനോടടുത്താണു വേദി.

വയനാടിനോട് അടുത്തപ്പോൾ പ്രസംഗത്തിൽ ‘രാഹു’ലിന്റെ അപഹാരം.

‘‘രാഹുലിനോടു നിങ്ങൾ രണ്ടുകാര്യം ചോദിക്കണം: ഗാഡ്ഗിൽ റിപ്പോർട്ടിനോട് എന്താണു സമീപനം? താങ്കളുടെ കൂടി പങ്കാളിത്തത്തോടെ പാസാക്കിയ ആസിയാൻ കരാറല്ലേ വയനാടിന്റെ കർഷകരെ തകർത്തത്..? 

തീപ്പൊരി എവിടെ പകരണമെന്ന് ആ തീക്കനലിനറിയാം..

കോഴിക്കോട് ബീച്ചിലെ പൊതു സമ്മേളനവുംകഴിഞ്ഞു തിരികെ ഗെസ്റ്റ് ഹൗസിലേക്ക്.‌

അവിടെ നിന്നു തിരുവനന്തപുരത്തേക്കുള്ള മടക്കത്തിനു പിണറായി ഇറങ്ങുമ്പോൾ നേതാവിനൊപ്പം ഒരു ദിനത്തിന്റെ 24 മണിക്കൂർ അസ്തമിച്ചു. ‌

മുഖ്യമന്ത്രി പിണറായി വിജയൻ. ചിത്രം: മനോരമ
പിണറായി വിജയൻ

 രാഹുൽ; റൂം നമ്പർ ഒന്ന്.‌

പിണറായി വിജയൻ റൂം നമ്പർ ഒന്നിൽ നിന്നു പുറത്തിറങ്ങുന്നു. ഭക്ഷണത്തിന്റേതടക്കം ബില്ലടച്ച് സംഘം വാഹനത്തിലേക്ക്.‌‌

അപ്പോൾ ഗെസ്റ്റ് ഹൗസിന്റെ മേശപ്പുറത്ത് തൊട്ടടുത്ത ദിവസത്തേക്കുള്ള കുറിപ്പ്.‌

സ്യൂട്ട് റൂം നമ്പർ ഒന്ന്.‌ അതിഥി – രാഹുൽ  ഗാന്ധി. ‌ഡിന്നർ  – പുലാവ്‌, ചപ്പാത്തി...

‌ഇന്നലെ പിണറായി ഉറങ്ങിയ ഒന്നാം നമ്പർ മുറി അടുത്തയാൾക്കായി ഒരുങ്ങുകയാണ്.

സർക്കാർ അതിഥി മന്ദിരങ്ങളിലെ മുറികൾ വോട്ടറുടെ ഹൃദയം പോലെയാണ്.‌

ആർക്കും സ്ഥിരതാമസമില്ല. ഒരാൾ പുറത്തിറങ്ങുമ്പോൾ അടുത്തയാൾക്കായി വാതിൽ തുറന്നുകൊടുക്കുന്നു. പ്രത്യേകിച്ചും; കേരളത്തിൽ.!

മുഖ്യമന്ത്രി പിണറായി വിജയൻ
പിണറായി വിജയൻ

സമദൂരം സ്വാഗതാർഹം: പിണറായി

തിരഞ്ഞെടുപ്പിൽ സംസ്ഥാന സർക്കാരിന് ജനം എത്ര മാർക്കിടും.

∙ ഒരു തിരഞ്ഞെടുപ്പു വരുമ്പോൾ അതിൽ സർക്കാരിന്റെ വിലയിരുത്തലുണ്ടാകും. സ്വഭാവികം. സർക്കാരിനെതിരായ വികാരമൊന്നുമില്ല നല്ല മാർക്ക് തന്നെ കിട്ടും.‌

 ശബരിമല വിഷയം നിർണായകമാകില്ലേ.

∙ അങ്ങനൊന്നുമില്ല. അതു ചിലരുടെ പ്രതീക്ഷ മാത്രമാണ്.

 എൻഎസ്എസിന്റെ നിലപാട് തിരിച്ചടിയാവുമെന്നാണു വിലയിരുത്തൽ.

∙ അങ്ങനൊരു വൃഥാ പ്രതീക്ഷ എതിരാളികൾക്കുണ്ട്്. നേരത്തെയുള്ള നിലപാടു തന്നെയാണ് അവർ പ്രകടിപ്പിച്ചിരിക്കുന്നത്. സമദൂരം. അത് സ്വാഗതാർഹമാണ്. 

 ബിജെപി അക്കൗണ്ട് തുറക്കുമോ കേരളത്തിൽ?

∙ ഒരു സാധ്യതയുമില്ല. നിയമസഭയിൽ രാജഗോപാൽ അക്കൗണ്ട് തുറന്നതു പോലുള്ള സാഹചര്യം പോലും ഇപ്പോഴില്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com