ADVERTISEMENT

രാജ്യത്തെ 543 ലോക്സഭാ മണ്ഡലങ്ങളുടെ മുൻനിരയിൽ ഏറ്റവും ഉയരമുള്ള കസേരകളിലൊന്നു വലിച്ചിട്ട് സിംഹാസനത്തിലെന്നപോലെ വയനാട് ഇരിപ്പുറപ്പിച്ചിരിക്കുന്നു. ഇന്ത്യയുടെ ടൂറിസം ഭൂപടത്തിൽ വയനാട് നേരത്തേയുണ്ട്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വരവോടെ, രാഷ്ട്രീയഭൂപടത്തിലും തിളങ്ങുന്ന ഇടം നേടുകയാണ്. പഴശ്ശി രാജയുടെയും ടിപ്പു സുൽത്താന്റെയും എടച്ചേന കുങ്കന്റെയുമെല്ലാം പടയോട്ടത്തിനു സാക്ഷിയായ മണ്ണിലാണു രാജ്യം കാതോർക്കുന്ന തിരഞ്ഞെടുപ്പ് അങ്കം. 

എല്ലാം മാറ്റിമറിച്ച പ്രഖ്യാപനം

വയനാട്ടിലേക്ക് രാഹുൽ എത്തുന്നതിന്റെ അലയൊലികൾ നാട്ടിലോ യുഡിഎഫിൽ മാത്രമോ ഒതുങ്ങിനിൽക്കുന്നില്ല. മറ്റു മുന്നണികളുടെ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളെയും അതു സ്വാധീനിച്ചു. സിപിഎം പൊളിറ്റ്ബ്യൂറോ അംഗങ്ങളിൽ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയടക്കം 7 പേരും വയനാട്ടിലെത്തുകയാണ്. കേരളത്തിൽ മറ്റൊരിടത്തും ഇത്രയധികം ഇടതുനേതാക്കൾ ഒരുമിച്ചെത്തുന്നില്ല. വയനാട്ടിൽ രാഹുലിനെതിരെയും തൊട്ടടുത്തു തമിഴ്നാട്ടിലെ നീലഗിരിയിൽ രാഹുലിന്റെ പടം വച്ചും വോട്ട് ചോദിക്കേണ്ട അവസ്ഥയിലായി ഇടതുപക്ഷം. മറ്റെല്ലാ മണ്ഡലത്തിലും പ്രമുഖ സ്ഥാനാർഥികളെല്ലാം ഏകദേശം ഒരേസമയത്താണു പ്രചാരണം തുടങ്ങിയത്. എന്നാൽ, വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർഥി പി.പി. സുനീറിന് പ്രചാരണക്കളത്തിൽ ആദ്യത്തെ 19 ദിവസം എതിരാളികളേയുണ്ടായില്ല.

എൻഡിഎ വയനാട്ടിൽ മാറിമാറി കളത്തിലിറക്കിയതു 3 സ്ഥാനാർഥികളെയാണ്. കേരള കോൺഗ്രസ് സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ആന്റോ അഗസ്റ്റിൻ എൻഡിഎ സ്വതന്ത്രനായി പ്രചാരണം തുടങ്ങിയെങ്കിലും രാഹുൽ വന്നാൽ ഒഴിയേണ്ടിവരുമെന്നതിനാൽ പിന്മാറി. പിന്നീട് ബി‍ഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാത്യാട്ടിനെ സ്ഥാനാർഥിയാക്കി. അദ്ദേഹം പ്രചാരണം തുടങ്ങിയതിന്റെ മൂന്നാം ദിനം, എൻഡിഎയുടെ മൂന്നാമത്തെ സ്ഥാനാർഥിയായി തുഷാർ വെള്ളാപ്പള്ളിയെത്തി. വയനാട്ടിലാരെന്ന് ഉറപ്പാക്കിയതിനു ശേഷമേ തൃശൂരിലെ സ്ഥാനാർഥിയെ തീരുമാനിക്കാനും എൻഡിഎക്കായുള്ളൂ.

രാഹുൽ വരുമോ ഇല്ലയോ എന്നു തീരുമാനിക്കാനുള്ള കാലതാമസം വയനാട്ടിലെ യുഡിഎഫ് പ്രചാരണപ്രവർത്തനങ്ങളുടെ താളവും തെറ്റിച്ചു. രാഹുലിനായി പിന്മാറുകയാണെന്നു പ്രഖ്യാപിച്ച ടി. സിദ്ദിഖിന് പിന്നീട് ആർക്കുവേണ്ടി വോട്ട് ചോദിക്കണമെന്ന ആശയക്കുഴപ്പമുണ്ടായി. 9 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് രാഹുലിന്റെ വയനാട്ടിലേക്കുള്ള രാജകീയപ്രവേശം. 

ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള കുറുക്കുവഴി

വയനാട് ചുരത്തെ കേരളത്തിൽ നിന്നു ഡൽഹിയിലേക്കുള്ള എളുപ്പവഴി കൂടിയായാണു യുഡിഎഫ് നേതൃത്വം കാണുന്നത്. മണ്ഡല രൂപീകരണത്തിനു ശേഷമുള്ള 2 തിര‍ഞ്ഞെടുപ്പുകളിലും വിജയം യുഡിഎഫിന്. അതുവരെ തിരഞ്ഞെടുപ്പുകളിൽ ഒരിക്കലും ജയിക്കാതിരുന്ന എം.ഐ. ഷാനവാസ് 2009 ൽ 1,53,349 വോട്ടിന്റെ വൻഭൂരിപക്ഷത്തിൽ ലോക്സഭയിലെത്തിയതു വയനാട്ടിൽ നിന്നാണ്. അടുത്ത തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞെങ്കിലും രാഷ്ട്രീയ സാഹചര്യം വേറെയായിരുന്നുവെന്ന് നേതൃത്വം വിശദീകരിക്കുന്നു. എന്നാൽ, 2016 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 7 നിയമസഭാ മണ്ഡലങ്ങളിൽ 4 എണ്ണത്തിലും എൽ‍‍‍ഡിഎഫിനായിരുന്നു വിജയം. 5 നഗരസഭകളിൽ നാലും 50 പഞ്ചായത്തുകളിൽ 29 ഉം ഇടതുപക്ഷം ഭരിക്കുന്നു.

എത്ര കൊടികെട്ടിയ എതിരാളിയെ വിയർപ്പിക്കാനും ഈ കണക്കുകൾ ധാരാളമെന്നാണ് എൽഡിഎഫ് വാദം. എന്നാൽ, രാഹുൽ ഗാന്ധിയെപ്പോലുള്ള ദേശീയനേതാവെത്തുമ്പോൾ കണക്കുകൾ അപ്രസക്തമാകുമെന്ന് യുഡിഎഫ്. 4 എംഎൽഎമാർ ഇടതുപക്ഷത്തുണ്ടെങ്കിലും വോട്ടുകളുടെ എണ്ണത്തിലും ശതമാനക്കണക്കിലും യുഡിഎഫ് തന്നെയാണ് മുന്നിൽ. രാഹുൽ ഗാന്ധിക്ക് 5 ലക്ഷമെങ്കിലും ഭൂരിപക്ഷം ലക്ഷ്യമിട്ടാണ് അവരുടെ പ്രവർത്തനം. പതിവുപോലെ, മുസ്‌ലിം ലീഗിന്റെ പരമ്പരാഗത വോട്ടുകൾ കൈപ്പത്തിക്കു കിട്ടുമെന്നുറപ്പ്. സ്വന്തം സ്ഥാനാർഥിക്കു വേണ്ടിയെന്നതു പോലെയാണു കഴിഞ്ഞ തവണയും ലീഗ് വയനാട്ടിൽ പ്രചാരണത്തിനിറങ്ങിയത്.

മൽസരം കൊഴുപ്പിക്കാൻ എതിരാളികൾ

സിപിഎം സംഘടനാ സംവിധാനത്തിലും പ്രചാരണത്തിൽ സ്ഥാനാർഥി ഏറെ മുന്നിലാണെന്നതിലുമാണ് എൽഡിഎഫിന്റെ പ്രതീക്ഷ. എം.പി വീരേന്ദ്ര കുമാറിന്റെ എൽജെഡി ഇക്കുറി ഇടതുപക്ഷത്താണെന്നതും അനുകൂലഘടകമാകും. ബിജെപി ഇല്ലാത്തിടത്ത് രാഹുൽ മൽസരിക്കുന്നതു തെറ്റായ സന്ദേശം നൽകുമെന്നതിൽ ഊന്നിയാണ് എൽഡിഎഫ് പ്രചാരണം.

മതനിരപേക്ഷതയിൽ വെള്ളം ചേർത്ത് പ്രതിപക്ഷ ഐക്യത്തെ കോൺഗ്രസ് ദുർബലപ്പെടുത്തുകയാണെന്നും അവർ ആരോപിക്കുന്നു. ദേശീയ നേതാക്കളുടെ ശക്തമായ പ്രചാരണവും കണക്കിലെ മുൻതൂക്കവും പി.പി. സുനീറിന്റെ വോട്ടുകൾ വർധിപ്പിക്കുമെന്ന് എൽഡിഎഫ് വിശ്വസിക്കുന്നു. ബിഡിജെഎസിനു സ്വാധീനം കുറ‍ഞ്ഞ മണ്ഡലമാണെന്നതിനാൽ ബിജെപി വോട്ടുകൾ പരമാവധി പെട്ടിയിലാക്കാനാണു തുഷാർ വെള്ളാപ്പള്ളിയുടെ ശ്രമം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയുമൊക്കെ വയനാട്ടിലിറക്കുന്നതും അതിനുവേണ്ടിത്തന്നെ. 

വയനാട്ടിലറിയാം ഭാവിയുടെ ഇന്ത്യ

വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലായി പരന്നുകിടക്കുകയാണ് വയനാട് മണ്ഡലം. ലോക്സഭാ മണ്ഡലത്തിന്റെ പേര് സ്വന്തമാണെങ്കിലും വയനാട് ജില്ലയിലെ വോട്ടർമാരെക്കാൾ 1.63 ലക്ഷം കൂടുതലാണ് കോഴിക്കോട്, മലപ്പുറം ജില്ലക്കാർ. കഴിഞ്ഞ തവണ 73.26% ആയിരുന്നു പോളിങ്. ദേശീയപ്രാധാന്യമുള്ള തിരഞ്ഞെടുപ്പായതിനാൽ ഇക്കുറി പോളിങ് ശതമാനം കൂടുമെന്നാണു കണക്കുകൂട്ടൽ. പുതുവോട്ടർമാരുടെയും പ്രവാസി വോട്ടർമാരുടെയും പിന്തുണ തങ്ങൾക്കായിരിക്കുമെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു. ഇത്തവണ 76,548 വോട്ടർമാരാണ് പുതിയതായുള്ളത്.

കർണാടകയും തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന മണ്ഡലത്തിൽ രാഹുൽ മൽസരിക്കുമ്പോൾ കേരളത്തിൽ മാത്രമല്ല, ദക്ഷിണേന്ത്യയിലാകെ കോൺഗ്രസ് അനുകൂല വികാരം ശക്തമാകുമെന്ന വിലയിരുത്തലുണ്ട്. ദക്ഷിണേന്ത്യയ്ക്ക് അർഹിക്കുന്ന പ്രാധാന്യം ഡൽഹിയിലെ അധികാരകേന്ദ്രങ്ങളിൽ ഉണ്ടാകണമെന്നതിൽ ഊന്നിയാവും രാഹുലിന്റെ പ്രചാരണം. പത്രിക സമർപ്പണത്തിനു മുന്നോടിയായി ഇന്നു രാഹുലും പ്രിയങ്ക ഗാന്ധിയും കൽപറ്റയിൽ നടത്തുന്ന റോഡ് ഷോ ചരിത്രത്തിലേക്കുള്ള ചുവടുവയ്പാകുമെന്നുറപ്പ്. 

English summary: Kerala Election 2019, Wayanad loksabha election 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com