കേരളാ കോൺഗ്രസിനു നഷ്ടം മഹാസാന്നിധ്യം

KM-Mani-29
SHARE

തിരുവനന്തപുരം ∙ കെ.എം. മാണി എന്ന പേരു തീർക്കുന്ന മാസ്മരിക പ്രഭാവലയം കേരള കോൺഗ്രസിനു നഷ്ടപ്പെടുകയാണ്. മാണിയെപ്പോലെ കേരള കോൺഗ്രസിനെ രൂപപ്പെടുത്തിയ, തേച്ചുമിനുക്കിയ, നയിച്ച മറ്റൊരു നേതാവില്ല.

ആ പാർട്ടിക്ക് അധ്വാനവർഗ സിദ്ധാന്തത്തിന്റെ താത്വികാടിത്തറ നൽകിയതു മാത്രം മതി കെ.എം. മാണി എന്ന നേതാവിലെ ദീർഘദർശിത്വം തിരിച്ചറിയാൻ. ഈ വിയോഗം കേരള കോൺഗ്രസിനെ(എം) മാത്രമല്ല ബാധിക്കുന്നത്. പല കഷണങ്ങളായി വിവിധ മുന്നണികളിലുള്ള കേരള കോൺഗ്രസ് പ്രസ്ഥാനത്തെത്തന്നെയാണ്. യുഡിഎഫിനും നടുനായകരിലൊരാൾ ഇല്ലാതാകുന്നു. കോൺഗ്രസിന്റെയും മുസ്‍ലിം ലീഗിന്റെയും ഉന്നത നേതാക്കൾക്കൊപ്പം മാണി കൂടി നിൽക്കുന്നതിന്റെ അഴകും ഗാംഭീര്യവും ഇനി മുന്നണിക്ക് അവകാശപ്പെടാനില്ല. സമീപകാല വിവാദങ്ങളും അതുണ്ടാക്കിയ അകൽച്ചകളുമൊന്നും തന്നെ യുഡിഎഫിൽ മാണിയുടെ ഔന്നത്യത്തിന് ഒരു പോറലും ഏൽപ്പിച്ചിരുന്നുമില്ല.

അനിതര സാധാരണമായ പോരാട്ടവീര്യവും പ്രതിസന്ധികൾ മറികടക്കാനുള്ള ഇച്ഛാശക്തിയും മാണിക്കു കൈമുതലായിരുന്നുവെന്ന് അടുത്തറിയാവുന്ന എല്ലാവരും പറയും. ഒപ്പം നിൽക്കുന്ന ഓരോരുത്തരെയും ഉത്തേജിപ്പിക്കാനുള്ള കഴിവ് ഏറ്റവും വലിയ പ്രത്യേകതയായിരുന്നു. നിയമസഭയിലെ ഒരോ മികച്ച പ്രസംഗത്തിനും  സാമാജികർക്ക് ആദ്യം കിട്ടുക ‘മാണി സാറിന്റെ’ അഭിനന്ദനക്കുറിപ്പായിരിക്കും. പാർട്ടിക്കു വേണ്ടി പ്രസ്താവനയിലൂടെ മറുപടി നൽകിയ സഹപ്രവർത്തകൻ ആ വാർത്തയുള്ള പത്രം കാണുന്നതിനു മുമ്പ് അതേപ്പറ്റി നല്ല വാക്കു കേൾക്കുന്നതും മാണി സാറിൽ നിന്നായിരിക്കും. മറ്റുള്ളവരെ സഹായിക്കുന്നതിലും ഒരുകാലത്തും മാണി ലുബ്ധ് കാട്ടിയിട്ടില്ല.

കേരള കോൺഗ്രസിനു വേണ്ടി, അല്ലെങ്കിൽ കേരള രാഷ്ട്രീയത്തിനു വേണ്ടി രൂപം കൊണ്ട നേതാവായിരുന്നില്ല, മറിച്ചു ജന്മംകൊണ്ട നേതാവായിരുന്നു മാണി. ആ ശക്തിവിശേഷമാണു പ്രതിസന്ധികൾക്കിടയിലും കേരള കോൺഗ്രസിനെ നിലനിർത്തിയത്; പിളരുന്തോറും ‘വളർത്തിയത്’. ആ പ്രഭവകേന്ദ്രത്തിൽ നിന്നാണു കേരള കോൺഗ്രസ് ഊർജം സംഭരിച്ചതും.

ലോക്സഭാ തിരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തോടനുബന്ധിച്ചുണ്ടായ തർക്കം രൂക്ഷമായപ്പോൾ പിളർപ്പു കഷ്ടിച്ചാണ് ഒഴിവായത്. കെ.എം.മാണി ‘അവസാന വാക്കാ’ ണെന്നത് അംഗീകരിക്കാൻ പി.ജെ. ജോസഫിനും ഒടുവിൽ വൈമനസ്യമുണ്ടായില്ല. ‘ലീഡറുടെ’ വേർപാടിനെ പാ‍ർട്ടി എങ്ങനെ ഐക്യത്തോടെ തരണം ചെയ്യുമെന്നത് വരാനിരിക്കുന്ന ദിവസങ്ങൾ വ്യക്തമാക്കും. കേരള കോൺഗ്രസിന്റെ ശബ്ദം കേരള രാഷ്ട്രീയത്തിൽ ഒട്ടും ദുർബലമല്ല എന്നുറപ്പിക്കാൻ ഇനി മാണിസാറില്ല എന്നതിനോടും പാർട്ടിക്കു പൊരുത്തപ്പെടേണ്ടിവരും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA