കെ.എം. മാണിയുടെ പരിലാളനയിൽ തലയുയർത്തി പാലാ

pala
SHARE

പാലാ കരിങ്ങോഴയ്ക്കൽ വീടിന്റെ പൂമുഖത്തെ ചാരുകസേരയിൽ അലസമായി കിടക്കുമ്പോൾ കെ.എം. മാണിയുടെ മുഖത്തു ചെറുപുഞ്ചിരിയുണ്ടാകും. ഇടയ്ക്ക് ഒന്നു മയങ്ങിയാലും മുഖത്തെ പുഞ്ചിരി നില മായില്ല. കാലു പാലായിൽ കുത്തുന്നതിന്റേതാണ് ആ സന്തോഷം. ‘എല്ലാംകൊണ്ടും ഒരു പാലാക്കാരൻ’ – ആരാ എന്നു ചോദിച്ചാൽ ഇങ്ങനെ പറയാനായിരുന്നു അദ്ദേഹത്തിനിഷ്ടം.

km-mani-with-Morarji-Desai
എ.കെ. ആന്റണി, മൊറാർജി ദേശായി എന്നിവർക്കൊപ്പം

പാലായും കെ.എം. മാണിയും തമ്മിലുള്ള ഇരിപ്പുവശം അതാണ്. പാലായിൽ മിനി സിവിൽ സ്റ്റേഷൻ സ്ഥാപിച്ച് ഇന്ത്യൻ പ്രസിഡന്റ് തന്നെ അത് ഉദ്ഘാടനം ചെയ്യണമെന്നു കെ. എം. മാണി ആഗ്രഹിച്ചത് ഈ സ്നേഹം കൊണ്ടാണ്. മീനച്ചിലാറ്റിൽ 17 പാലങ്ങൾ പണിതതും നാട്ടുകാരോടുള്ള ഇഷ്ടം കൊണ്ടു തന്നെ. ജില്ലയുടെ ആസ്ഥാനം കോട്ടയമാണെങ്കിലും രണ്ടാം തലസ്ഥാനം പാലായാകണം എന്നു കെ.എം. മാണി ആഗ്രഹിച്ചതിൽ തെറ്റില്ല.

ഏതു തിരക്കിലാണെങ്കിലും ശനിയാഴ്ച വൈകിട്ടോടെ പാലായിൽ എത്തും. പാലായിൽ ഉറക്കമുണർന്നു ഞായറാഴ്ച പള്ളിയിൽ പോയാൽ ഏതു കൊമ്പനെയും നേരിടാനുള്ള മനക്കട്ടിയും കൈക്കരുത്തും കെ.എം. മാണിക്കു കിട്ടും. കൊച്ചുവക്കീലായി മരങ്ങാട്ടുപിള്ളിയിൽനിന്നു പാലായിലേക്കു ചെറുതായി കുടിയേറിയ കെ.എം. മാണിയെ പാലായും പാലാക്കാരും ഇരു കൈയും നീട്ടിയാണു സ്വീകരിച്ചത്. എന്തു കിട്ടിയാലും പങ്കുവയ്ക്കുന്നതാണു കെ.എം. മാണിയുടെ ശീലം. കിട്ടിയതിൽ നല്ല പങ്കും പാലായ്ക്കു തിരികെ നൽകി. മണ്ഡലത്തിലെ ആദ്യ മൽസരം മുതൽ ഇന്നുവരെ അജാതശത്രുവായുള്ള ജൈത്രയാത്രയുടെ രഹസ്യം വേറെ തിരയേണ്ടല്ലോ.

km-mani-with-K-Karunakaran-and-others
പാണക്കാട് തങ്ങൾ, കെ.കരുണാകരൻ എന്നിവർക്കൊപ്പം

ആദ്യ സിവിൽ സ്റ്റേഷൻ മാത്രമല്ല പാലയ്ക്കുള്ളത്. കെഎസ്ആർടിസി നല്ല വണ്ടി വാങ്ങിയാൽ അതിലൊന്നു പാലായിലേക്കു പോകും. സൂപ്പർ ഫാസ്റ്റ് വന്നാലും എക്സ്പ്രസ് തുടങ്ങിയാലും അതിലൊന്നെങ്കിലും പാലായിൽ എത്തിയിരിക്കും. അങ്ങനെ നല്ല റോഡും പാലങ്ങളും പാലായിലേക്കു കുടിയേറി. പാലാക്കാരോടു കെ.എം. മാണിക്കു കടങ്ങൾ ഒത്തിരിയുണ്ട്. അന്ന് കെ.എം. മാണി ഡിസിസി സെക്രട്ടറി.

പാർട്ടി വളർത്താനുള്ള മാണിയുടെ രീതി സ്റ്റഡി ക്ലാസാണ്. സിപിഎം മോഡൽ ക്ലാസ് തന്നെ. ബസുകൾ കുറവാണ്. അതിനാൽ ടാക്സിയിലാണു യാത്ര. ദിവസം 40 രൂപയാണു വാടക. പലപ്പോഴും പണം കാണില്ല. യാത്ര കഴിഞ്ഞാൽ കടം പറയാതെ നിവൃത്തിയില്ല. പക്ഷേ ഡ്രൈവർമാർക്കു വിശ്വാസമാണു മാണിയെ. കാരണം വക്കീൽ ഫീസ് കിട്ടിയാൽ ആദ്യം വീട്ടുക ടാക്സിക്കാരുടെ കടമാണ്.

നാടു കഴിഞ്ഞാൽ പിന്നെ കെ.എം. മാണിക്കിഷ്ടം വീടാണ്. വീട്ടിലെത്തിയാൽ വൈകിട്ടു നടക്കാൻ പോകുന്നതു പോലും പതിവില്ല. പണ്ടൊക്കെ ഗൾഫ് യാത്ര പോകുമ്പോൾ എന്തു വാങ്ങിയാലും ആറെണ്ണം; സോപ്പായാലും ചീപ്പായാലും ചോക്ലേറ്റായാലും. അതാണു കണക്ക്. അഞ്ചു പെൺമക്കളും ജോസ് കെ. മാണിയും. കണക്കിലെ കാര്യം ഇതാണ്.

കെ.എം. മാണിയുടെ മനസ്സുപോലെയാണു കരിങ്ങോഴയ്ക്കൽ വീടിന്റെ നിർമാണവും. ഗൃഹനാഥൻ വീട്ടിലുണ്ടെങ്കിൽ തിരക്കായിരിക്കും. വീടിനു പൂമുഖം പോലും രണ്ടാണ്. വീട്ടിലേക്കു കയറുമ്പോൾ വലത്തുള്ളതു നാട്ടുകാരുടെ പൂമുഖം. ഇടത്തോട്ടു പോയാൽ വീട്ടുകാർക്കുള്ള രണ്ടാം പൂമുഖവും. പൂമുഖത്ത് ഒന്നോ രണ്ടോ കസേരയും പിന്നെ ബ‍ഞ്ചും. പെട്ടെന്നു തീർക്കേണ്ട കേസുകൾ ഇവിടെ വച്ചു തന്നെ പരിഹരിക്കും.

ലിവിങ് റൂമിൽ കസേരകൾ 15നു മുകളിൽ. അൽപം കൂടി വേണ്ടപ്പെട്ടവരാണെങ്കിൽ ചർച്ച ഇവിടെ. വളരെ വേണ്ടപ്പെട്ടവർ വന്നാൽ ഇടത്തു വശത്തെ കിടപ്പുമുറിയിലേക്കു മാറും. കിടപ്പുമുറിയെന്നു പേരു മാത്രം. കട്ടിലിനു പുറമേ കറങ്ങുന്ന മരക്കസേരയും മേശയും ഒരു സെറ്റിയും ഇവിടെയുണ്ട്. ഏതു രഹസ്യചർച്ചയും കമാന്നു മിണ്ടാതെ കേട്ടു മറക്കാൻ ഈ ചുമരുകൾക്കറിയാം. ആരെങ്കിലും കരിങ്ങോഴയ്ക്കൽ വീടിന്റെ ഗേറ്റ് കടക്കുമ്പോൾ തന്നെ വന്നതാരെന്നും എന്തിനു വന്നതാണെന്നും കെ.എം. മാണി മനസ്സിലാക്കും. ആദ്യമായി കാണുന്നവനെ ‘എന്താ വക്കച്ചാ’ എന്നു വിളിക്കുമ്പോൾ തന്നെ പകുതി കാര്യം സാധിച്ചപോലെയാകില്ലേ... അതാണു പാലായിലെ മാണി മാജിക്.

km-mani-9

പാലാ മോഡൽ

കെ.എം. മാണിക്കു മുൻപ് പാലാ എന്നൊരു നിയോജകമണ്ഡലം ഉണ്ടായിരുന്നില്ല. മീനച്ചിലെന്നും പുലിയന്നൂർ എന്നും പേരുണ്ടായിരുന്ന മണ്ഡലം പാലാ ആയത് 1965ൽ ആണ്. കെ.എം. മാണി ആദ്യം സ്‌ഥാനാർഥിയായതും ജയിച്ചതും ആ വർഷം തന്നെ. 

പാലാ, മാണിക്ക് മുൻപ് 

∙ 1947 ഫെബ്രുവരിയിൽ പാലാ നഗരസഭ രൂപം കൊളളുന്നതിനു മുൻപ് വില്ലേജ് യൂണിയനായിരുന്നു. 

ഇടുക്കിയിലേക്കുള്ള വലിയൊരു റോഡ് മാത്രമാണ് അന്നു പാലായ്ക്ക് സ്വന്തം. ബാക്കിയെല്ലാം പൊടിപിടിച്ചു കിടക്കുന്ന മൺറോഡുകൾ. 1953ൽ വലിയ പാലം ഗതാഗതത്തിനു തുറന്നുകൊടുത്തു. സബ് റജിസ്ട്രാർ ഓഫിസ്, താലൂക്ക് ഓഫിസ്, പൊലീസ് സ്റ്റേഷൻ, അഞ്ചൽ ഓഫിസ്, ജയിൽ, ഗവ. ആശുപത്രി, കോടതി, എക്സൈസ്, കെഎസ്ഇബി, ജല അതോറിറ്റി ഓഫിസ്, ഗവ. സ്കൂൾ എന്നിവയെല്ലാം അന്നും പാലായിലുണ്ട്.

പാലാ, മാണിക്ക് ഒപ്പം

∙ 1965ൽ കെ.എം. മാണി എംഎൽഎയായതോടെ പാലായുടെ സുവർണകാലം ആരംഭിച്ചു. സംസ്ഥാനത്ത് എന്തു വികസനം വന്നാലും അതിൽ ഒരു പങ്ക് പാലായിലും ഉണ്ടാകും എന്നാണു നാട്ടുവർത്തമാനം. വൃത്തിയുള്ള നഗരമായി പാലാ വളർന്നു. വാടകക്കെട്ടിടങ്ങളിൽ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിച്ചിരുന്ന ഗവ. ഓഫിസുകളെല്ലാം മിനി സിവിൽ സ്റ്റേഷൻ നിർമിച്ച് ഒരു കുടക്കീഴിലാക്കി.

പാലാ മുനിസിപ്പൽ സ്റ്റേഡിയവും ഒട്ടേറെ പാലങ്ങളും ആധുനിക നിലവാരത്തിലുള്ള റോഡുകളുമെല്ലാം കെ.എം. മാണിയുടെ പ്രയത്നത്തിന്റെ ഫലമാണ്. ഏറ്റവുമൊടുവിൽ പാലാ ബൈപാസും പാലായുടെ വികസനത്തിന്റെ നേർക്കാഴ്ചയായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA