ADVERTISEMENT

ആത്മവിശ്വാസം എന്ന വാക്കിനൊരു രൂപമുണ്ടെങ്കിൽ, ആ രൂപം കുളിച്ചു റെഡിയായി ഖദറുടുപ്പിട്ട് ഇറങ്ങി വരുന്നതുപോലെയായിരുന്നു കെ.എം മാണി. ആരോഗ്യസ്ഥിതി മോശമായ കാലത്തും ആ തലയെടുപ്പ് തെല്ലും കുറഞ്ഞില്ല. ദുർബലമായിരുന്നു മാണിയുടെ ശരീരം. പക്ഷേ, പശ മുക്കിത്തേച്ച ഖദർ ജൂബ ദേഹത്തു വീഴുന്ന നിമിഷം മാണി വേറൊരാളായി. ഒരു തരം പരകായപ്രവേശം!

മാണിയുടെ വേഷം മാറലുകളെക്കുറിച്ചു കഥകൾ പലതുണ്ട്. എപ്പോഴും ഫ്രഷായിരിക്കണമെന്നു നിർബന്ധബുദ്ധിയുണ്ടായിരുന്നു അദ്ദേഹത്തിന്. എവിടെ യാത്ര പോയാലും വണ്ടിയിൽ പല ജോഡി മുണ്ടും ജൂബയുമുണ്ടാകും. അൽപമൊന്നു വിയർത്താൽ പിന്നെ, ആദ്യം കയറുന്ന ഗസ്റ്റ്ഹൗസിൽ കുളിച്ചുടുപ്പുമാറിയിരിക്കും. ഉത്തരേന്ത്യൻ രാഷ്ട്രീയക്കാർക്കില്ലാത്ത ഒരു മെച്ചം പക്ഷേ മാണിക്ക് ഇക്കാര്യത്തിൽ കിട്ടി. അവിടെ പലനിറ ഉടുപ്പുകളാണു രാഷ്ട്രീയക്കാർ ധരിക്കുന്നതെങ്കിൽ മാണിക്ക് വേഷം ഒന്നേ ഉണ്ടായിരുന്നൂള്ളൂ – വെള്ള ഖദർ ജൂബ. അതെത്ര തവണ മാറിയാലും അങ്ങനെയെങ്ങ് ആളുകളറിയില്ലല്ലോ!

പാട്ട്, പുകവലി, പഴം

കേരളാ കോൺഗ്രസുകളിലെ ‘ഔദ്യോഗിക’ പാട്ടുകാരൻ എക്കാലത്തും പി. ജെ ജോസഫാണ്. എന്നാൽ, കേരള നിയമസഭയിൽ അംഗങ്ങളായവരുടെ വിവരങ്ങൾ ഉൾപ്പെടുത്തി സർക്കാർ പ്രസിദ്ധീകരിച്ച ‘കേരളാ അസംബ്ലി– ഹു ഈസ് ഹു പ്രകാരം’ കെ.എം. മാണിയുടെ ഇഷ്‌ടവിനോദവും അതു തന്നെയാണ് – പാട്ട്. ഒരിക്കൽ അതേക്കുറിച്ചു മാണി പറഞ്ഞു, ‘‘പാട്ടെനിക്കിഷ്‌ടമാണ്. നിയമസഭാ പരിപാടികൾക്കൊക്കെ പാടിയിട്ടുണ്ട്.’’

ഇണങ്ങിയും പിണങ്ങിപ്പിരിഞ്ഞും പിന്നെയുമിണങ്ങിയുമുള്ള ബന്ധമായിരുന്നു രാഷ്ട്രീയത്തിൽ മാണിയും പി.ജെ. ജോസഫും തമ്മിൽ. പിണക്കമായിരിക്കുമ്പോഴും മാണിക്ക് ജോസഫിന്റെ പാട്ടിഷ്ടമായിരുന്നു. 1970 കളിൽ കേരളാ കോൺഗ്രസ് പ്രവർത്തനവുമായി ഇരുവരും ഒരുമിച്ച് ഒരുപാടു യാത്ര ചെയ്തു. ‘‘ കാറിൽ പോകുമ്പോൾ ഔസേപ്പച്ചാ ഒരു പാട്ടുപാട് എന്നു ഞാൻ പറയും. പാടുന്നത് ഔസേപ്പച്ചനും സന്തോഷമാണ്. ആനന്ദിച്ചു പാടും’’– മാണി പറഞ്ഞു.

ഫുട്ബോളും പുകവലിയുമായിരുന്നു കെ. എം. മാണിയുടെ മറ്റാനന്ദങ്ങൾ. കളി കാണാനിഷ്ടമാണെങ്കിലും അതിനുള്ള സമയം കഷ്ടിയായിരുന്നു. പുകവലി പഠിക്കുന്ന കാലത്തേ തുടങ്ങിയാണ്. നി‍ർത്തിയത് ആദ്യ മകളുടെ പ്രസവസമയത്തായിരുന്നു. അന്ന് ചില പ്രതിസന്ധികൾ. എല്ലാം ഭംഗിയായി നടന്നാൽ പുകവലി നിർത്തിയേക്കാം എന്നു നേർച്ച. അതിനു ശേഷം വലിച്ചിട്ടില്ല.

എന്നാൽ, ചെറുപ്പത്തിലെ പുകവലിക്ക് അത്യാവശ്യം വലിയ വില തന്നെ പിൽക്കാലത്തു കൊടുക്കേണ്ടി വന്നിട്ടുണ്ട് മാണിക്ക്. ശബ്ദം ചിലമ്പിച്ചു. തുടർച്ചയായ ചുമ പ്രസംഗങ്ങളെ മുറിച്ചു. എന്നാൽ, അതുകൊണ്ടൊന്നും പറയാനുള്ളതിന്റെ കടുപ്പം കുറഞ്ഞില്ല, വ്യക്തത മാഞ്ഞുമില്ല!

മിക്കവാറും പാലാക്കാരെപ്പോലെ, കപ്പയും മീനുമായിരുന്നു മാണിയുടെ ഇഷ്ടവിഭവങ്ങൾ. പിൽക്കാലത്ത് മാംസാഹരം കുറച്ചു. ഊണു കഴിഞ്ഞാൽ രണ്ടു ചെറുപഴം എപ്പോഴും നിർബന്ധം. മാണിയുടെ ഭക്ഷണശീലത്തെക്കുറിച്ചു ചോദിച്ചാൽ ഭാര്യ കുട്ടിയമ്മ പറയും, ‘‘ ‘പണ്ടു മുതലിങ്ങനാ... കാര്യമായൊന്നും കഴിക്കത്തില്ല!’’

കരയുന്ന മാണി

കരയാനും വിഷമിക്കാനുമൊക്കെയാണെങ്കിൽ രാഷ്ട്രീയത്തിൽ പല താഴ്ചകളിലൂടെയും കടന്നു പോയിട്ടുണ്ടായിരുന്നു കെ.എം. മാണി. പക്ഷേ, അങ്ങനെയൊന്നും തളരുന്നതായിരുന്നില്ല മാണിയുടെ മനസ്സ്. തനിക്കിഷ്ടപ്പെടാത്ത രീതിയിലാണ് കാര്യങ്ങളുടെ പോക്കെങ്കിൽ അസ്വസ്ഥനാകും. പക്ഷേ, തളരില്ല. ഏതു സാഹചര്യത്തെയും അതിജീവിക്കാനുള്ള തന്ത്രങ്ങൾ തിരയും. നീക്കങ്ങൾ നടത്തും. മീനച്ചിലിലെ ചങ്കുറപ്പുള്ള കർഷകന്റെ രീതിയായിരുന്നു അത്.

എന്നാൽ, കാര്യമാത്ര പ്രസക്‌തമായ ഈ ഗൗരവഭാവത്തിനു പിന്നിൽ മറ്റൊരു മുഖവുമുണ്ടായിരുന്നു മാണിക്ക് – മരണവും വേദനയും കണ്ടാൽ പെട്ടെന്നു വരുന്ന കരച്ചിൽ. മരിച്ചവരെ കണ്ടു നിൽക്കുക അദ്ദേഹത്തിന് എളുപ്പമായിരുന്നില്ല. മുഖം പെട്ടെന്നു വലിഞ്ഞു മുറുകും. കണ്ണു നിറയും. രോഗികളെ കാണുമ്പോഴും മുഖം മാറും. ഇതൊക്കെ അഭിനയമല്ലേ എന്നു എതിരാളികൾ പലപ്പോഴും പറഞ്ഞു പരത്തി. അതേക്കുറിച്ച് ഒരിക്കൽ അദ്ദേഹം തന്നെ പറഞ്ഞു, ‘‘ഉള്ളിൽനിന്ന് അറിയാതെ വന്നു പോകുന്നതാണ്. എത്ര ബലം പിടിച്ചാലും വേദന കാണുമ്പോൾ അങ്ങനെ അങ്ങു സംഭവിച്ചു പോകും.’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com